ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു. ദൈവം അവനിലും (1 യോഹ 4:16). ദൈവം നമുക്കു നൽകിയ പരിശുദ്ധാത്മാവുവഴി തന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ വർഷിക്കുന്നു (റോമ 5:5). അതുകൊണ്ട് എല്ലാറ്റിലും ഉപരിയായി ദൈവത്തെയും ദൈവത്തെപ്രതി അയൽക്കാരെയും സ്നേഹിക്കുകയെന്ന ഉപവിയുടെ ദാനം പ്രഥമമാണ്; അത്യാവശ്യവുമാണ്. ഈ സ്നേഹം ഒരു നല്ല വിത്തായിത്തീർന്ന് ആത്മാവിൽ വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യണമെങ്കിൽ വിശ്വാസികളിൽ ഓരോരുത്തരും സ്വമേധയാ ദൈവവചനം കേൾക്കുകയും അവിടുത്തെ തിരുമനസ്സു നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്യണം. ഓരോരുത്തരും കൂടെക്കൂടെ കൂദാശകൾ സ്വീകരിക്കുകയും തിരുകർമ്മങ്ങളിൽ പങ്കെടുക്കുകയും വേണം. പരിശുദ്ധ കുർബ്ബാനയ്ക്ക് ഇതിൽ പ്രഥമ സ്ഥാനം നൽകേണ്ടതുമാണ്. പ്രാർത്ഥന, സ്വയം പരിത്യാഗം, സജീവമായ സഹോദര സേവനം, മറ്റു സുകൃതഭ്യാസങ്ങൾ എന്നിവയിൽ ഓരോരുത്തരും ബദ്ധശ്രദ്ധരായിരിക്കട്ടെ ...... എന്തുകൊണ്ടെന്നാൽ പരിപൂർണ്ണതയുടെ ബന്ധവും പ്രമാണങ്ങളുടെ പൂർത്തീകരണവുമായ ഉപവി (കൊളോ 3:14; റോമാ 13: 10) വിശുദ്ധി പ്രാപിക്കാനുള്ള എല്ലാ മാർഗ്ഗങ്ങളേയും ഭരിക്കുകയും സജീവമാക്കുകയും അന്ത്യത്തിലേയ്ക്കു നയിക്കുകയും ചെയ്യുന്നു. തന്മൂലം യഥാർത്ഥ ക്രിസ്തു ശിഷ്യരുടെ അടയാളമാണ്, ദൈവസ്നേഹവും പരസ്നേഹവും.
ദൈവപുത്രനായ ക്രിസ്തു നമുക്കു വേണ്ടി തന്റെ ജീവൻ ഹോമിച്ചു തന്റെ സ്നേഹം പ്രകടിപ്പിച്ചതുമൂലം ക്രിസ്തുവിനും തന്റെ സഹോദരങ്ങൾക്കും വേണ്ടി ജീവൻ സമർപ്പിക്കുന്നതിനെക്കാൾ ഉപരിയായ വെറൊരു സ്നേഹം ഇല്ല. (യോഹ 15:13; 1 യോഹ 3:16). എല്ലാവരുടെയും മുമ്പിൽ, പ്രത്യേകിച്ചും മത മർദ്ദകരുടെ മുമ്പിൽ, പരമമായ ഈ സാക്ഷ്യം നൽകാൻ ആരംഭം മുതൽ അനേകം ക്രൈസ്തവർ വിളിക്കപ്പെട്ടിട്ടുണ്ട്; എക്കാലത്തും വിളിക്കപ്പെടുകയും ചെയ്യും. ലോകരക്ഷയ്ക്കുവേണ്ടി സ്വമേധയാ മരണം വരിച്ച ഗുരുവിനോട് ഒരുവനെ തുല്യനാക്കുകയും രക്തചൊരിച്ചിൽ വഴി അവിടുത്തോട് സദൃശ്യനാക്കുകയും ചെയ്യുന്ന വേദസാക്ഷിത്വത്തെ [martyrdom] സഭ അസാധാരണ ദാനമായും, സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവായും പരിഗണിക്കുന്നു. ഇതിനുള്ള അവസരം ചിലർക്കേ ലഭിക്കുന്നുള്ളുവെങ്കിലും എല്ലാവരും ക്രിസ്തുവിനെ മനുഷ്യരുടെ മുൻപിൽ ഏറ്റുപറയാനും സഭയിൽ മുടങ്ങാതെ ഉണ്ടായികൊണ്ടിരിക്കുന്ന മർദ്ദനങ്ങളുടെ മദ്ധ്യേ കുരിശിന്റെ പാതയിൽ അവിടത്തെ അനുഗമിക്കാനും ഒരുങ്ങിയിരിക്കണം.
കർത്താവ് തന്റെ ശിഷ്യർക്കായി സുവിശേഷത്തിൽ അനവധി ഉപദേശങ്ങൾ നൽകുന്നുണ്ട്.അവയുടെ അനുഷ്ഠാനം വഴിയാണ് സഭയുടെ വിശുദ്ധി പ്രത്യേകവിധത്തിൽ പരിപാലിക്കപ്പെടുന്നത്. ഇവയിൽ ഏറ്റം പ്രധാനമായത് പിതാവു ചിലർക്കുമാത്രം പ്രദാനം ചെയ്യുന്ന (മത്തായി 19:11 ; 1 കൊറി 7:7 ) ദൈവവരപ്രസാദത്തിന്റെ വിലയേറിയ ദാനമായ കന്യാത്വം അഥവാ ബ്രഹ്മചര്യമാണ്. ഇതുമൂലം അവിഭക്തമായ ഹൃദയത്തോടെ തങ്ങളെ മുഴുവനായും ദൈവത്തിനു സമർപ്പിക്കുവാൻ അവർക്കു നിഷ്പ്രയാസം സാധിക്കുന്നു. (1 കൊറി 7: 32-34) സ്വർഗ്ഗരാജ്യത്തെപ്രതി അനുഷ്ഠിക്കുന്ന ഈ പരിപൂർണ്ണവിരക്തി സ്നേഹത്തിന്റെ അടയാളവും പ്രേരണയും ലോകത്തിലെ ആദ്ധ്യാത്മിക സമൃദ്ധിയുടെ ഉറവിടവുമെന്ന നിലയിൽ സഭയിൽ എക്കാലത്തും പ്രത്യേകവിധം വിലമതിക്കപ്പെട്ടിരിക്കുന്നു.
സർവ്വ സമ്പന്നനായിരിക്കേ നമുക്കുവേണ്ടി ദരിദ്രനാവുകയും ( 2 കൊറിന്തോസ് 8:9) ദാസന്റെ വേഷം സ്വീകരിച്ച് തന്നെത്തന്നെ ശൂന്യനാക്കുകയും മരണത്തോളം കീഴ്‌വഴങ്ങുകയും ചെയ്ത ( ഫിലി 2: 7-8) ക്രിസ്തുവിന്റെ ആത്മവികാരങ്ങളിൽ പങ്കുകൊള്ളാൻ വി.ശ്ലീഹായുടെ ഉപദേശമനുസരിച്ച് സഭയും സ്വസന്താനങ്ങളെ സ്നേഹപൂർവ്വം ഉപദേശിക്കുകയാണ്. ക്രിസ്തുവിന്റെ ഈ എളിമയും സ്നേഹവും അവിടത്തെ അനുയായികൾ അനുകരിക്കുകയും അവയ്ക്കവർ സാക്ഷി നിൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അതുകൊണ്ട് രക്ഷകന്റെ ആത്മാർപ്പണത്തെ കണിശമായി പിഞ്ചെല്ലുകയും വ്യക്തമായി പ്രകടിപ്പിക്കുകയും ദൈവപുത്രരുടെ സ്വാതന്ത്യം പ്രാപിക്കാൻ വേണ്ടി ദാരിദ്ര്യം സ്വീകരിക്കുകയും സ്വന്തം ഇഷ്ടം പരിത്യജിക്കുകയും ചെയ്യുന്ന അനവധി സ്ത്രീപുരുഷന്മാരെ തന്റെ മടിത്തട്ടിൽ ദർശ്ശിക്കുന്നത് സഭാമാതാവിനു സന്തോഷപ്രദമാണ്. അനുസരണയുള്ളവനായ ക്രിസ്തുവിനോട് കൂടുതൽ അനുരൂപപ്പെടാൻവേണ്ടി ഇവർ പരിപൂർണ്ണതയുടെ കാര്യത്തിൽ പരിധിയൊന്നും കൽപ്പിക്കാതെ ദൈവത്തെ പ്രതി സ്വയം മനുഷ്യർക്ക് കീഴ്പ്പെടുത്തി ജീവിക്കുന്നു.
അതുകൊണ്ട് വിശുദ്ധിക്കും പ്രത്യേകമായ ജീവിതാവസ്ഥയുടെ പൂർണ്ണതയ്ക്കും വേണ്ടി പരിശ്രമിക്കാൻ എല്ലാ ക്രൈസ്തവ വിശ്വാസികളും വിളിക്കപ്പെട്ടിരിക്കുന്നു. അത് അവരുടെ കർത്തവ്യമാണ്. അതുകൊണ്ട് ഓരോരുത്തരും തങ്ങളുടെ താത്പര്യങ്ങളെ ശരിയായി നിയന്ത്രിക്കുന്നതിൽ ശ്രദ്ധയുള്ളവരായിരിക്കട്ടെ. അല്ലെങ്കിൽ ഭൗതികവസ്തുക്കൾ ഉപയോഗപ്പെടുത്തുന്ന വിധംകൊണ്ടും സുവിശേഷ ദാരിദ്രത്തിന് വിഘാതമായി നിൽക്കുന്ന ധനത്തോടുള്ള പ്രതിപത്തികൊണ്ടും പരിപൂർണ്ണസ്നേഹത്തിനു വേണ്ടിയുള്ള പരിശ്രമത്തിൽനിന്ന് അവർ വ്യതിചലിപ്പിക്കപ്പെടും. വി. ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു. ഈ ലോകത്തെ ഉപയോഗിക്കുന്നവർ അതുകൊണ്ടുമാത്രം നിറുത്താതിരിക്കട്ടെ. കാരണം, ഈ ലോകത്തിന്റെ രൂപപ്രഭാവങ്ങൾ മാറിമറഞ്ഞുകൊണ്ടിരിക്കുന്നു. ( 1 കൊറിന്തോസ് 7:31) - [ രണ്ടാം വത്തിക്കാൻ കൗൺസിൽ; തിരുസഭ, നമ്പർ 42].
ദൈവ-മനുഷ്യസ്നേഹബന്ധത്തെ ക്കുറിച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു :
"ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ മനസിന്റെ ഐക്യം ചിന്തയുടെയും വികാരത്തിന്റെയും ഐക്യത്തിലേക്കു വളരുന്നു എന്നതിലാണ് അടങ്ങിയിരിക്കുന്നത്. അപ്രകാരം നമ്മുടെ മനസ്സും ദൈവത്തിന്റെ മനസ്സും കൂടുതലായി ഏകീഭവിക്കുന്നു. വി അഗസ്തീനോസ് പറയുന്നു: "ദൈവത്തിന്റെ ഹിതം എനിക്ക് അന്യമോ കൽപ്പനയായി പുറമെ നിന്ന് അടിച്ചേൽപ്പിക്കപെടുന്നതോ ആയി അനുഭവപ്പെടുന്നില്ല. മറിച്ച്,ഞാൻ എന്നോട് എന്നതിനേക്കാൾ ദൈവം എന്നോട് അടുത്ത് സന്നിഹിതനായിരുന്നു എന്ന ബോധ്യത്തിൽ അധിഷ്ഠിതമായി അത് എന്റെതന്നെ മനസ്സായി മാറുന്നു". അപ്പോൾ കൂടുതലായി സ്വയം ദൈവത്തിന് സമർപ്പിക്കാൻ കഴിയുന്നു. ദൈവം നമ്മുടെ ആനന്ദമായി മാറുന്നു.( സങ്കീർത്തനങ്ങൾ 73 : 23 - 28 )". [ചാക്രിക ലേഖനം "ദൈവം സ്നേഹമാകുന്നു" ;നമ്പർ, 17]
ദൈവസ്നേഹവും പരസ്നേഹവും യഥാർത്ഥത്തിൽ ഐക്യപ്പെടുന്നതിനെക്കുറിച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു : "ക്രിസ്തുവിനോടുള്ള ഐക്യം അവിടുന്ന് തന്നെത്തന്നെ നൽകുന്നവരോടെല്ലാമുള്ള ഐക്യമാണ്. എനിക്കുവേണ്ടിമാത്രം ക്രിസ്തുവിനെ സ്വന്തമാക്കാനെനിക്കാവില്ല. അവിടുത്തെ സ്വന്തമായിത്തീർന്നവരും,സ്വന്തമായിത്തീരേണ്ടവരുമായ സകലരോടുമുള്ള ഐക്യത്തിലൂടെ മാത്രമേ എനിക്ക് അവിടുത്തേതായിത്തീരാൻ കഴിയൂ.ദിവ്യകാരുണ്യം എന്നെ എന്നിൽ നിന്നും അങ്ങിലേയ്ക്കടുപ്പിക്കുന്നു; അതുപോലെ എല്ലാ ക്രൈസ്തവരോടുമുള്ള ഐക്യത്തിലേക്കും. ഏകാസ്ഥിത്വത്തിൽ പൂർണമായും ഒന്നിപ്പിക്കപ്പെട്ട നാം "ഒരു ശരീരമായി" ത്തീരുന്നു. ദൈവസ്നേഹവും പരസ്നേഹവും ഇപ്പോൾ യഥാർത്ഥത്തിൽ ഐക്യപ്പെടുന്നു. അവതരിച്ച ദൈവം നമ്മെ തന്നിലേയ്ക്ക് അടുപ്പിക്കുന്നു". [ചാക്രിക ലേഖനം "ദൈവം സ്നേഹമാകുന്നു" ;നമ്പർ, 14 ].
സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.
[സങ്കീര്‍ത്തനങ്ങള്‍ 73 : 25]
അപ്പോള്‍ ഒരു നിയമജ്‌ഞന്‍ എഴുന്നേ റ്റു നിന്ന് അവനെ പരീക്‌ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു?അവന്‍ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും.അവന്‍ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും.[ലൂക്കാ 10 : 25-28]
സമാധാനം നമ്മോടുകൂടെ !