ക്രൈസ്തവാരാധനയിൽ ഓം–നുള്ള സാംഗത്യത്തെ വിശകലനം ചെയ്തുകൊണ്ട് പൗരസ്ത്യതിരുസംഘം 1980 ആഗസ്റ്റ് പന്ത്രണ്ടാം തീയതി സീറോമലബാർസഭയിലെ മെത്രാന്മാർക്ക് അയച്ച കത്തിൽ ഇപ്രകാരം പ്രതികരിച്ചിരിക്കുന്നു: “ ഉപനിഷത്തുകളിലെ നിരവധി വാക്യങ്ങളിൽ ആവർത്തിച്ചും തുടർച്ചയായും ഉറപ്പിച്ചു പറയുന്നതനുസരിച്ച് ഓം വേദങ്ങളുടെയും ഹൈന്ദവ തത്ത്വചിന്ത (gnosis) യുടെയും സംഗ്രഹമാണ്. വിവിധ വൃത്തങ്ങളിൽ, ക്രിസ്തുമതത്തിന് അനുയോജ്യമായ ഒരു വ്യാഖ്യാനം അതിനു നൽകുവാൻ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും, തികച്ചും ഹൈന്ദവമായ അർത്ഥമാണ് ഇപ്പോഴും അതിനുള്ളത്; സംശയരഹിതമാംവിധം ഹൈന്ദവ ആശയസമ്പൂർണവുമാണ് ഓം പ്രണവം. അതിനാൽ ക്രൈസ്തവാരാധനയിൽ ഒരിക്കലും അതുപയോഗിക്കുവാൻ പാടുള്ളതല്ല. മാത്രമല്ല, ഓം ഹൈന്ദവദൈവാരാധനയുടെ അവശ്യവും അവിഭാജ്യവുമായ ഘടകവുമാണ്...”(ബിഷപ്പ് എബ്രഹാം മറ്റത്തിന്റെ “തിരുസഭയും മിശിഹാരഹസ്യവും”, പേജ് 57)
ക്രൈസ്തവരുടെ ആദ്ധ്യാത്മികജീവിതവും ദൈവാരധനയും വിശ്വാസത്തിലും ക്രൈസ്തവ പാരമ്പര്യത്തിലും അധിഷ്ഠിതമായിരിക്കണം. അവയെല്ലാം അവഗണിച്ച് അന്യമതങ്ങളെ ആശ്രയിക്കേണ്ടതില്ല. നമ്മുടെ ആദ്ധ്യാത്മികജീവിതത്തെ ധന്യമാക്കുന്നതിന് വേണ്ടത്ര നിധിയും ജീവജലവും ബൈബിളിൽത്തന്നെ കണ്ടെത്താനാകും.(ബിഷപ്പ് എബ്രഹാം മറ്റത്തിന്റെ “തിരുസഭയും മിശിഹാരഹസ്യവും”, പേജ് 49)
സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല.മറിച്ച്, ഭയങ്കരമായന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ. [ഹെബ്രായര്‍ 10 : 26-27]