Home | Articles | 

jintochittilappilly.in
Posted On: 17/10/20 02:13
*സത്യമതവും ക്രിസ്തുവിന്റെ ഏകസഭയും* (പരമ്പരാഗത കത്തോലിക്കാ വിശ്വാസം)

 

വിശുദ്ധ ജോൺ മരിയ വിയാനി ഇപ്രകാരം പറഞ്ഞു: "കത്തോലിക്കർക്ക് ഭൂരിപക്ഷവും വഴിതെറ്റുന്നത് അജ്ഞത മൂലമാണ്. കാരണം, അവർക്ക് തങ്ങളുടെ മതത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ".
 
വി ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു :"മതബോധം വെറും സാങ്കൽപ്പികമാണെന്നും അതു മനുഷ്യഹൃദയങ്ങളിൽ നിന്നും പിഴുതുകളയണമെന്നുള്ള അബദ്ധജഡിലമായ അഭിപ്രായങ്ങൾ പലരെയും വഴി പിഴപ്പിക്കുന്നുണ്ട്. വിശുദ്ധ ആഗസ്തീനോസിന്റെ ഗ്രന്ഥത്തിൽ നാം ഇങ്ങനെ വായിക്കുന്നു : "കർത്താവേ അങ്ങ് ഞങ്ങളെ അങ്ങേയ്ക്കായി സൃഷ്ടിച്ചു.അങ്ങിൽ വിശ്രമം കൊള്ളുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമായിരിക്കും". സാങ്കേതികവിദ്യയിലും സാമ്പത്തിക ജീവിതത്തിലുമുള്ള മുന്നേറ്റം എന്തൊക്കെയായാലും മനുഷ്യർ തങ്ങളുടെ മഹനീയത എത്ര വലുതെന്ന് മനസ്സിലാക്കാത്തിടത്തോളം കാലം ലോകത്തിൽ നീതിയോ സമാധാനമോ ഉണ്ടാവുകയില്ല. എല്ലാ സത്യത്തിന്റെയും നീതിയുടെയും സ്നേഹത്തിന്റെയും ഉറവിടമായ ദൈവത്തോട് ബന്ധപ്പെട്ടു നിൽക്കുന്ന മനസ്സാക്ഷിയുടെ ശരിയായ ക്രമവത്കരണം മനുഷ്യബന്ധങ്ങളിൽ അവശ്യാവശ്യകമാണ്". (1)
 
 
ശാശ്വതമായ സ്നേഹത്തിന്റെ കെട്ടുപാടില്ലാതെ മതമില്ല.. മതം അഥവാ റിലീജിയൻ(religion) എന്ന വാക്ക് ഉൽഭവിക്കുന്നത് റെലഗാരെ (relegare) എന്ന പദത്തിൽ നിന്നാണല്ലോ.. അതിന് "ബന്ധം", "സ്നേഹത്തിന്റെ കെട്ടുപാട്" എന്നൊക്കെയല്ലേ അർത്ഥം? (2)
 
 
ദൈവത്തിന് യഥാർത്ഥമായ ആരാധന അർപ്പിക്കാനുള്ള കടമ മനുഷ്യനെ വ്യക്തിപരമായും സാമൂഹികമായും ബാധിക്കുന്നു. "വ്യക്തികൾക്കും സമൂഹങ്ങൾക്കും സത്യമതത്തോടും ക്രിസ്തുവിന്റെ ഏക സഭയോടുമുള്ള ധാർമിക കടമയെ സംബന്ധിച്ച പരമ്പരാഗതമായ കത്തോലിക്കാ പ്രബോധനം". മനുഷ്യരെ നിരന്തരം സുവിശേഷവത്കരിച്ചുകൊണ്ട്, അവർ "ജീവിക്കുന്ന സമൂഹത്തിന്റെ മനോഭാവത്തെയും ആചാരങ്ങളെയും നിയമങ്ങളെയും ഘടനകളെയും രൂപപ്പെടുത്താൻ" അവരെ ശക്തരാക്കുന്നതിന് സഭ അധ്വാനിക്കുന്നു.ഓരോ മനുഷ്യനിലും സത്യത്തോടും നന്മയോടുള്ള സ്നേഹം ഉണർത്തുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് ക്രൈസ്തവരുടെ സാമൂഹിക ധർമ്മം.കാതോലികവും അപ്പസ്തോലികവുമായ സഭയിൽ നിലനിൽക്കുന്ന ഏകവും യഥാർത്ഥവുമായ മതത്തിലെ ആരാധന പരസ്യമാക്കാൻ ആ ധർമ്മം അവരോട് ആവശ്യപ്പെടുന്നു. ക്രിസ്ത്യാനികൾ ലോകത്തിന്റെ പ്രകാശമായിരിക്കാൻ വിളിക്കപ്പെടുന്നു. അങ്ങനെ, സർവ്വസൃഷ്ടികളുടെയും, പ്രത്യേകിച്ച് മനുഷ്യസമൂഹങ്ങളുടെയും മേലുള്ള ക്രിസ്തുവിന്റെ രാജത്വം സഭ പ്രകാശിപ്പിക്കുന്നു.(3)
 
 
മനുഷ്യാത്മാവിന്റെ നന്മയ്ക്കുപകരിക്കുന്ന കാര്യങ്ങളാണ് മനുഷ്യസമൂഹത്തിൽ സ്വാതന്ത്ര്യം ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്നത്. ഇവയിൽ പ്രധാനപ്പെട്ടത് സമൂഹത്തിലുള്ള സ്വതന്ത്രമായ മതാനുഷ്ഠാനത്തെ സംബന്ധിച്ചതാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് മനുഷ്യാത്മാവിൽ കുടികൊള്ളുന്ന ഇത്തരം അഭിവാഞ്ഛകളെ സൂക്ഷ്മനിരീക്ഷണം ചെയ്യുന്നു. അങ്ങനെ ഇവയെല്ലാം സത്യത്തിനും നീതിക്കും അത്യധികമായി യോജിച്ചതാണെന്നു പ്രസ്താവിക്കാൻ ഒരുങ്ങുകയും ചെയ്യുന്നു. ഈ ലക്ഷ്യം മുൻനിർത്തി സഭയുടെ പരിശുദ്ധമായ പാരമ്പര്യങ്ങളിലേയ്ക്കും തത്ത്വസംഹിതകളിലേക്കും കടന്ന് ഒരു പരിശോധന നടത്തുന്നു. ഇപ്രകാരം ഈ ഭണ്ഡാഗാരത്തിൽ നിന്നാണ് പുരാതനമായവയോടു തികച്ചും താദാത്മ്യമുള്ള നൂതനവിഷയങ്ങളെ തിരുസ്സഭ അനുസ്യൂതം ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.
 
അതുകൊണ്ട് ആദ്യമായി ഈ പരിശുദ്ധ സൂനഹദോസ് അതിന്റെ വിശ്വാസം ഇങ്ങനെ പ്രഖ്യാപനം ചെയ്യുന്നു: "ദൈവത്തെ സേവിച്ചുകൊണ്ട് ക്രിസ്തുവിൽ രക്ഷിതരും സൗഭാഗ്യവാന്മാരുമായിത്തീരാനുള്ള മാർഗ്ഗം മനുഷ്യരാശിയെ അറിയിച്ചത് ദൈവം തന്നെയാണ്. ഈ ഏകസത്യമതം കാതോലികവും അപ്പസ്തോലികവുമായ തിരുസ്സഭയിൽ സ്ഥിതിചെയ്യുന്നു എന്ന് നാം വിശ്വസിക്കുന്നു" (മതസ്വാതന്ത്ര്യം എന്തെന്നും അതിന്റെ വ്യാപ്തി എന്തുമാത്രമെന്നുമൊക്കെ പ്രസ്താവിക്കു ന്നതിനുമുമ്പായി കത്തോലിക്കാസഭ എന്താണെന്നും കത്തോലിക്കർ വിശ്വസിക്കുന്നതെന്താണെന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ പരസ്യമായി പ്രഖ്യാപിക്കുകയാണ്).
സകല മനുഷ്യരിലും ഇതു പ്രചരിപ്പിക്കാനുള്ള കടമ ക്രിസ്തുനാഥൻ ഭരമേല്പ്പിച്ചിരിക്കുന്നത് ഈ സഭയെയാണ്. അവിടന്ന് അപ്പസ്തോലന്മാരോടരുളിച്ചെയ്തു: "ആകയാൽ നിങ്ങൾ പോയി സകല ജനതകളേയും പഠിപ്പിക്കുക; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാരൂപിയുടെയും നാമത്തിൽ അവരെ ജ്ഞാനസ്നാനപ്പെടുത്തുക.
ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ളതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുക"; (മത്താ 28: 19-20) എല്ലാ മനുഷ്യർക്കും സത്യമന്വേഷിക്കാൻ പ്രത്യേകിച്ച് ദൈവത്തേയും അവിടത്തെ സഭയേയും സംബന്ധിച്ച കാര്യങ്ങൾ ആരായാൻ കടമയുണ്ട്. അറിഞ്ഞു കഴിയുമ്പോൾ അവയെ ആശ്ലേഷിക്കാനും കാത്തുസൂക്ഷി ക്കാനും അവർ ബാദ്ധ്യസ്ഥരാണ്.
 
 
അതുപോലെതന്നെ ഈ ചുമതലകളെല്ലാം മനസ്സാക്ഷിയെ സ്പർശിക്കുകയും കടപ്പെടുത്തുകയും ചെയ്യുന്നുവെന്ന വസ്തുതയും ഈ പരിശുദ്ധ സൂനഹദോസ് വിശ്വാസപൂർവ്വം പ്രഖ്യാപിക്കുന്നു. സൗമ്യമായും അതേസമയം ശക്തമായും മനസ്സിലേയ്ക്ക് സംവഹിക്കപ്പെടുന്ന സത്യം, അതിന്റെതന്നെ ബലത്താലല്ലാതെ മറ്റൊരു വിധത്തിലും കെട്ടിയേല്പിക്കപ്പെടാവുന്നതല്ല. ദൈവത്തെ സേവിക്കുകയെന്നത് മനുഷ്യന്റെ കടമയാണ്. ഈ കടമ ശരിയായി നിർവ്വഹിക്കാൻ മതസ്വാതന്ത്ര്യംകൂടിയേതീരൂ. ഈ മതസ്വാതന്ത്ര്യത്തിൽ രാഷ്ട്രത്തിന്റെ ബലപ്രയോഗത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അന്തർഭവിച്ചിട്ടുണ്ട്. അതുകൊണ്ട് സത്യമതത്തോടും ക്രിസ്തുവിന്റെ ഏക സഭയോടും വ്യക്തികൾക്കും സമുദായത്തിനും ഉണ്ടായിരിക്കേണ്ട ധാർമ്മികമായ ചുമതലകളെ സംബന്ധിച്ച് സഭ പരമ്പരാഗതമായി പഠിപ്പിച്ചുപോന്നവ എന്നും അഭംഗുരം പരിരക്ഷിക്കപ്പെടുന്നു. (4)
 
വ്യക്തികളിൽ നിന്നോ,സമുദായവിഭാഗങ്ങളിൽ നിന്നോ ഉണ്ടായേക്കാവുന്ന സമ്മർദ്ദങ്ങളിൽ നിന്ന് എല്ലാ മനുഷ്യരും വിമുക്തരായിരിക്കുക എന്നതിലാണ്‌ മതസ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത്. (5)
 
മത സ്വാതന്ത്ര്യം" എന്നതിൽ രണ്ടു കാര്യങ്ങൾ അടങ്ങുന്നു : ഒരുവൻ വിശ്വസിക്കുന്നതനുസരിച്ചു
പ്രവർത്തിക്കുന്നതിൽ നിന്നവനെ തടയുകയോ വിശ്വസിക്കുന്നതിനെതിരായി പ്രവർത്തിക്കാൻ നിർബന്ധിക്കുകയോ ചെയ്യരുത്.
 
 
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ ചാക്രിക ലേഖനത്തിൽ ഇപ്രകാരം പഠിപ്പിക്കുന്നു :"മതസ്വാതന്ത്ര്യം എന്നാൽ മതപരമായ നിസ്സംഗതയെന്നർത്ഥമില്ല . എല്ലാ മതവും തുല്യമാണെന്ന് അർത്ഥവും അതിനില്ല". (6)
 
 
"ക്രിസ്തുമതം ദൈവത്തോടുള്ള യഥാർത്ഥവും സജീവവുമായ ബന്ധം ഫലപ്രദമായി സംസ്ഥാപിക്കുന്നു മറ്റു മതങ്ങൾക്കൊന്നിനും അതു സാധ്യമല്ല. അവയുടെ അനുയായികളും സ്വർഗ്ഗത്തിലേക്ക് കൈകളുയർത്തി പ്രാർത്ഥിക്കുമെന്നു മാത്രം".(7)
 
 
രണ്ടായിരാമാണ്ടിൽ പരിശുദ്ധ കത്തോലിക്കാസഭയുടെ വിശ്വാസസത്യതിരുസംഘം പുറപ്പെടുവിച്ച "കർത്താവായ യേശു (Dominus Iesus)" എന്ന പ്രമാണരേഖ രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപനങ്ങളിലെ
"കത്തോലിക്കാസഭയുടെ ഏകത്വവും, യഥാര്ത്ഥ മതം " എന്നീ വിശ്വാസപ്രബോധനങ്ങൾ വളരെ വ്യക്തതയോടെ ദൈവജനത്തിന് വ്യാഖ്യാനിച്ചു തരുന്നു.
 
അത് ഇപ്രകാരമാണ്
 
 
"യേശു ക്രിസ്തുവിന്റെ രക്ഷാകര മധ്യസ്ഥതയുടെ ഏകത്വവും സാർവത്രികവുമായി ബന്ധപ്പെടുത്തി, അവിടുന്ന് സ്ഥാപിച്ച സഭയുടെ ഏകത്വത്തെ കത്തോലിക്ക വിശ്വാസത്തിന്റെ ഒരു സത്യമായി ഉറച്ചു വിശ്വസിക്കണം. ഒരു ക്രിസ്തുവേ ഉള്ളു . അതുപോലെ തന്നെ ക്രിസ്തുവിന് ഒറ്റ ശരീരമേ ഉള്ളു. ക്രിസ്തുവിന് ഒരു മണവാട്ടിയെ ഉള്ളു "ഏക കാതോലിക ശ്ലൈഹിക സഭ". കൂടാതെ,താൻ തന്റെ സഭയെ കൈവിടുകയില്ലെന്നു ക്രിസ്തു വാഗ്ദാനം ചെയ്തു ( മത്തായി 16:18, 28:20). തന്റെ ആത്മാവ് വഴി അതിനെ നയിക്കുമെന്നും അവിടുന്ന് വാഗ്ദാനം ചെയ്തു (യോഹ 16:13). കത്തോലിക്ക വിശ്വാസം അനുസരിച്ചു അതിന്റെ അർത്ഥം "സഭയുടെ ഏകത്വവും" ഐക്യവും സഭയുടെ സമഗ്രതയുടേതായ മറ്റ് എന്തിനെയും പോലെ ഒരിക്കലും ഇല്ലാതാവുകയില്ല എന്നാണ്. ക്രിസ്തു സ്ഥാപിച്ച സഭയും കത്തോലിക്ക സഭയും തമ്മിൽ ശ്ലൈഹിക പിൻഗാമിത്വത്തിൽ വേരുറച്ച ചരിത്രപരമായ തുടർച്ചയുണ്ടെന്ന് ഏറ്റു പറയാൻ കത്തോലിക്ക വിശ്വാസികൾ കടപ്പെട്ടിരിക്കുന്നു. കത്തോലിക്ക സഭ ക്രിസ്തുവിന്റെ ഏക സഭയാണ്". (8)
 
 
പൗലോസ് അപ്പസ്തോലൻ കോറിന്തോസിലെ വിശ്വാസികൾക്ക് ഇപ്രകാരം എഴുതി: "എനിക്കു ലഭിച്ചതു സര്വപ്രധാനമായി കരുതി ഞാന് നിങ്ങള്ക്ക്‌ ഏല്പിച്ചുതന്നു. (1 കോറിന്തോസ്‌ 15 : 3).പ്രശ്‌നങ്ങൾ നിറഞ്ഞതും, അബദ്ധ പൂർണ്ണം പോലുമായ ചില നിർദ്ദേശങ്ങൾ ഇന്ന് ദൈവശാസ്ത്ര ചിന്ത നേരിടുന്നുണ്ട്. അതുകൊണ്ട്, സഭയുടെ വിശ്വാസത്തെ വീണ്ടും ഉറപ്പിച്ചു പറയണം.
 
'യഥാര്ത്ഥ മതം എന്ന പ്രശ്‌നം കൈകാര്യം ചെയ്തു കൊണ്ട് രണ്ടാം വത്തിക്കാന് കൗണ്സിലിലെ പിതാക്കന്മാര് ഇങ്ങനെ പഠിപ്പിച്ചു. 'ഈ ഏക സത്യമതം കാതോലികവും ശ്ലൈഹികവുമായ സഭയില് അതിന്റെ അസ്ഥിത്വം തുടരുന്നുവെന്ന് നമ്മള് വിശ്വസിക്കുന്നു. എല്ലാ ജനതകളിലേക്കും അത് വ്യാപിപ്പിക്കാനുള്ള കടമ കര്ത്താവായ യേശു സഭയെ ഏല്പ്പിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് ശ്‌ളീഹന്മാരോട് പറഞ്ഞു. ആകയാല് നിങ്ങള് പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്.പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാതാ്മാവിന്റെയും നാമത്തില് ജ്ഞാനസ്‌നാനം നല്കുവിന്.ഞാന് നിങ്ങളോട് കല്പ്പിച്ചവയെല്ലാം അനുസരിക്കാന് അവരെ പഠിപ്പിക്കുവിന്' (മത്തായി 28:19-20) പ്രത്യേകിച്ച് ദൈവത്തെയും അവിടുത്തെ സഭയെയും സംബന്ധിച്ച കാര്യങ്ങളില്,എല്ലാ മനുഷ്യരും സത്യം അന്വേഷിക്കാന് കടപ്പെട്ടിരിക്കുന്നു.അവര് സത്യമറിയുമ്പോള് അതിനെ മുറുകെ പിടിക്കുകയും വേണം".(9).
 
 
നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആദിമസഭ പിതാക്കന്മാരിൽ ഒരാളായ വി ആഗസ്‌തീനോസിന്റെ "സത്യമതം" എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു:"കുറച്ച് വർഷങ്ങൾക്ക് മുമ്പ്, എന്റെ പ്രിയപ്പെട്ട റൊമാനിയസ്, സത്യമതത്തെക്കുറിച്ചുള്ള എന്റെ വികാരങ്ങൾ നിങ്ങൾക്കായി എഴുതാമെന്ന് ഞാൻ വാഗ്ദാനം ചെയ്തു.
അങ്ങനെ ചെയ്യാനുള്ള സമയമായി എന്ന് ഞാൻ കരുതുന്നു.തത്ത്വചിന്തയെ മതപരമായ ആചരണത്തിലേക്കോ മതപരമായ മനോഭാവത്തെ തത്ത്വചിന്തയിലേക്കോ കൊണ്ടുപോകാത്ത എല്ലാവരെയും നിരാകരിക്കുക;ക്രിസ്തു മതത്തെയും കത്തോലിക്കാ സഭയുടെ കൂട്ടായ്മയെയും നാം മുറുകെ പിടിക്കണം,സഭയെ "കത്തോലിക്കാ" എന്ന് സ്വന്തം അംഗങ്ങൾ മാത്രമല്ല, അവളുടെ എല്ലാ ശത്രുക്കളും വിളിക്കുന്നു.അവർ സ്വയമേ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, പാഷാണ്ടതക്കാരും ശീഷ്മക്കാരും സഭയെ 'കത്തോലിക്കാ സഭ' എന്നല്ലാതെ മറ്റൊന്നും വിളിക്കുന്നില്ല".
 
 
വിശ്വാസത്തിന്റെ സ്വർഗ്ഗീയ ദാനത്താൽ കത്തോലിക്കാ സത്യം സ്വീകരിച്ചവരുടെ അവസ്ഥ, ഒരു തരത്തിലും മനുഷ്യരുടെ അഭിപ്രായങ്ങളാൽ നയിക്കപ്പെടുന്ന, തെറ്റായ മതം പിന്തുടരുന്നവരുടെ അവസ്ഥയ്ക്ക് തുല്യമല്ല".(10)
 
 
"ഇതു ഞങ്ങള്ക്കറിയാം, ഈ മതവിഭാഗത്തെ എല്ലായിടത്തും ആളുകള് എതിര്ത്തു സംസാരിക്കുന്നുണ്ട്‌".
(അപ്പ. പ്രവര്ത്തനങ്ങള് 28 : 22)
 
 
"മതസ്വാതന്ത്ര്യത്തെ കത്തോലിക്ക സഭ അംഗീകരിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഈ വസ്തുത അംഗീകരിക്കുമ്പോൾ ക്രിസ്തുവിന്റെയും അപ്പസ്തോലന്മാരുടെയും കാലടികളെയാണ് സഭ പിന്തുടരുന്നത്. ഇത് തികച്ചും സുവിശേഷ സത്യങ്ങളോട് വിശ്വസ്തമായ നിലപാടാണ്. ദിവ്യഗുരുവും അവിടുത്തെ അപ്പസ്തോലന്മാരും പഠിപ്പിച്ച സത്യങ്ങൾ എക്കാലവും സഭ സുരക്ഷിതമായി കാത്തുസൂക്ഷിക്കുകയും കൈമാറുകയും ചെയ്തീട്ടുണ്ട് . ഉയർച്ചകളും താഴ്ചകളും ചേർന്നതാണ് മനുഷ്യചരിത്രം. ഈ ചരിത്രത്തിന്റെ വഴിയിലൂടെ തന്നെയാണ് ദൈവജനത്തിന്റെ പ്രയാണം. ഈ പ്രയാണത്തിനിടയ്ക്ക് സുവിശേഷ ചൈതന്യത്തോടും പൂർണമായി യോജിക്കാത്ത,അല്ലെങ്കിൽ അതിനു വിരുദ്ധമായ സംഭവങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്. എങ്കിലും ക്രിസ്തീയ വിശ്വാസം സ്വീകരിക്കാൻ "ആരെയും നിർബന്ധിച്ചുകൂടാ" എന്നുള്ള സഭയുടെ പഠനം എന്നും പാലിക്കപ്പെട്ടീട്ടുണ്ട്". (11).
 
 
ആംഗ്ലിക്കൻ (പ്രൊട്ടസ്റ്റന്റ്) സഭാത്മക സമൂഹത്തിൽ നിന്ന് സത്യാന്വേഷണം നടത്തി, കത്തോലിക്കാ സഭയാണ് ഏകസത്യസഭ എന്ന് തിരിച്ചറിഞ്ഞ വി. കാർഡിനൽ ജോൺ ഹെന്റി ന്യൂമാൻ ഇപ്രകാരം പറയുന്നു:"ഞാൻ കത്തോലിക്കനായതിൽ പിന്നെ എന്റെ ജീവിതത്തിലെ വഴിത്താര, ഓ എത്രമാത്രം ക്ലേശഭൂയിഷ്ടവും നിരുന്മേഷകരമാണ്. പ്രൊട്ടസ്റ്റന്റ്കാരൻ എന്ന നിലയിൽ എന്റെ ജീവിതം രസകരമായിരുന്നു, എന്നാൽ മതം എനിക്ക് വിരസമായ അനുഭവപ്പെട്ടു. കത്തോലിക്കൻ എന്ന നിലയിൽ എന്റെ ജീവിതം നിരുന്മേഷകരമാണ്, മതമാകട്ടെ രസകരവും. മാനുഷികമായി പറഞ്ഞാൽ ഒരുവന്റെ ജീവിതത്തിലെ ആദ്യ കാലഘട്ടങ്ങൾ ഏറ്റവും ഹൃദ്യമായി അനുഭവപ്പെടുക സ്വാഭാവികം മാത്രമാണല്ലോ".
 
 
"നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ഠമാണെന്ന് ഞങ്ങള് പ്രഖ്യാപിക്കുന്നു. ശരിരത്തില് പ്രത്യക്ഷപ്പെട്ടവന് ആത്മാവില് നീതികരിക്കപ്പെട്ടു; ദൂതന്മാര്ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില് പ്രഘോഷിക്കപ്പെട്ടു; ലോകം അവനില് വിശ്വസിച്ചു. മഹത്വത്തിലേക്ക്‌ അവന് സംവഹിക്കപ്പെടുകയും ചെയ്‌തു".(1 തിമോത്തേയോസ്‌ 3 : 16)
 
 
സമാധാനം നമ്മോടുകൂടെ !
 
 
References:
 
1.വി ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ "മാത്തെർ ഏത്ത് മജിസ്ത്ര, നമ്പർ 214"
 
2. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ "ഭൂമിയുടെ ഉപ്പ്" എന്ന ഗ്രന്ഥത്തിൽ നിന്ന്.
 
3. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, ഖണ്ഡിക # 2105
 
4.രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ "മതസ്വാതന്ത്ര്യം, നമ്പർ 1"
 
5. മതസ്വാതന്ത്ര്യം, നമ്പർ 2
 
6. സത്യത്തിൽ സ്നേഹം, നമ്പർ 55
 
7. വി പോൾ ആറാമൻ, ഏവൻഗേലി നുൺഷ്യാന്തി, നമ്പർ 53, ഡിസംബർ 1975
 
8.കർത്താവായ യേശു, നമ്പർ # 16
 
9.കർത്താവായ യേശു, നമ്പർ # 23
 
10.ഒന്നാം വത്തിക്കാൻ കൗൺസിൽ ഡോഗ്മാറ്റിക് കോൺസ്റ്റിട്യൂഷൻ “ ദേയി ഫിലിയുസ് ”, അധ്യായം 3
 
11. മതസ്വാതന്ത്ര്യം, നമ്പർ 12
 
 
സമകാലീന നിരീശ്വരവാദത്തിന്റെ മറ്റൊരു രൂപം സാമ്പത്തികവും സാമൂഹികവുമായ വിമോചനത്തിലൂടെ മനുഷ്യന്റെ വിമോചനത്തെ അന്വേഷിക്കുന്നു. "ഭാവി ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്റെ പ്രതീക്ഷയെ തട്ടിയുണർത്തി അവനെ വഞ്ചിച്ചുകൊണ്ടും, ഒരു ഭൗമിക നഗരം പണിതുയർത്തുന്നത്‌ നിരുത്സാഹപ്പെടുത്തിക്കൊണ്ടും മതം പ്രകൃത്യാ അത്തരം വിമോചനത്തെ തടഞ്ഞുനിറുത്തുന്നു" എന്ന് അത് വാദിക്കുന്നു.
 
കൂടുതൽ അറിയാൻ..
 



Article URL:







Quick Links

*സത്യമതവും ക്രിസ്തുവിന്റെ ഏകസഭയും* (പരമ്പരാഗത കത്തോലിക്കാ വിശ്വാസം)

വിശുദ്ധ ജോൺ മരിയ വിയാനി ഇപ്രകാരം പറഞ്ഞു: "കത്തോലിക്കർക്ക് ഭൂരിപക്ഷവും വഴിതെറ്റുന്നത് അജ്ഞത മൂലമാണ്. കാരണം, അവർക്ക് തങ്ങളുടെ മതത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ".   വി ജോൺ ഇരു... Continue reading


എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?

എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?   കത്തോലിക്കാ വിശ്വാസവിചാരം എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്... Continue reading


വി യോഹന്നാൻ ക്രൂസും വി അമ്മത്രേസ്യയും "ക്രിസ്ത്യൻ യോഗ" പരിശീലിച്ചിരുന്നോ???

#Falseinculturation "ദേവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പ... Continue reading


പരിശുദ്ധ കത്തോലിക്കാ സഭ - സത്യത്തിന്റെ പൂർണത.

സഭ ക്രിസ്തുവിന്റെ ശരീരമാണ്‌; എല്ലാ വസ്‌തുക്കളിലും സകലവും പൂര് ‍ ത്തിയാക്കുന്ന അവന്റെ പൂര് ‍ ണതയുമാണ്‌.(എഫേസോസ്‌ 1 : 23); അവന്... Continue reading


പരിശുദ്ധ കത്തോലിക്കാ സഭ

"ഏകവും വിശുദ്ധവുമായ കത്തോലിക്കാസഭയിലും" എന്ന സത്യത്തെ പറ്റി അവശേഷിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാം... സഭ കത്തോലിക്കാസഭ എന്ന് വിളിക്കപ്പെടുന്നു.കാരണം ഭൂമിയുടെ ഒരറ്റം മുതൽ മറ്റേഅറ്റം വരെ, ലോകം മുഴുവൻ ... Continue reading