വിശുദ്ധ കുർബാന സ്ഥാപിച്ച ദിവസം , ഈശോ നല്കിയ ജീവന്റെ അപ്പം സ്വീകരിച്ച (യോഹന്നാൻ 13:27) യൂദാസിൽ പിശാചു കയറിയത് ഈശോയ്ക്കു വിശുദ്ധിയില്ലാത്തത് കൊണ്ടാണോ ???
ചിന്തിക്കണം പ്രിയ സഹോദരങ്ങളെ ..
സഭ വിശുദ്ധമാണ് എന്ന് പറയുന്നത് സഭയിലുള്ള നമ്മളുടെയോ വൈദീകരുടെയോ മെത്രാന്മാരുടെയോ മാർപാപയുടെയോ വിശുദ്ധികൊണ്ടല്ല .. മറിച്ച്.. ഈശോ സഭയിൽ എർപെടുത്തിയ കൂദാശകളിലൂടെയാണ് . ഓർക്കണം, സഭാ തലവനായ മാർപാപ്പ പോലും കുമ്പസാരിക്കുന്ന വ്യക്തിയാണ്.
“ആത്യന്തികമായി ക്രിസ്തു തന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകനിലൂടെ പ്രവർത്തിക്കുകയും രക്ഷ സാധ്യമാക്കുകയും ചെയ്യുന്നത്. അതിനാൽ ശുശ്രൂഷകന്റെ അയോഗ്യത ക്രിസ്തുവിന്റെ പ്രവർത്തനത്തെ തടയുന്നില്ല”. [CCC 1584]
"വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും ; അവ അഭ്യസിക്കുന്നവർ രക്ഷ കണ്ടെത്തും" ജ്ഞാനം 6:10.
ഈശോ സ്ഥാപിച്ചത് കൊണ്ട് കൂദാശകൾ വിശുദ്ധമാണ്; അതിൽ നിത്യ പുരോഹിതനായ ഈശോ സന്നിഹിതനാണ് (മത്തായി 28:20).
രണ്ടാം വത്തിക്കാൻ സൂനഹദോസ് ആവർത്തിച്ചിട്ടുള്ള ഉൽകൃഷ്ട സിദ്ധാന്തം എപ്പോഴും ഓർമ്മിച്ചിരിക്കണം: "അയോഗ്യരായ വൈദികർ വഴിയും ദൈവത്തിന് തന്റെ രക്ഷാകര പ്രവർത്തി നിർവഹിക്കാൻ കഴിയും എന്നത് സത്യം തന്നെയാണ്. എന്നാലും, പരിശുദ്ധാത്മാവിന്റെ പ്രേരണകൾക്കും നിർദ്ദേശങ്ങൾക്കും കൂടുതൽ വിധേയരാകുന്നവർ വഴി തന്റെ വിസ്മയനീയ പ്രവർത്തനങ്ങൾ വെളിപ്പെടുത്താനാണ് ദൈവം സാധാരണമായി ആഗ്രഹിക്കുന്നത്. എന്തെന്നാൽ,ക്രിസ്തുവിനോടുള്ള ഗാഢമായ ഐക്യവും വ്യക്തിപരമായ ജീവിതവിശുദ്ധിയും മൂലം അപ്പസ്തോലനോടുകൂടി അവർക്ക് ഇങ്ങനെ ഉദ്ഘോഷിക്കാൻ കഴിയും. ഗലാത്തിയ 2:20 -ഇപ്പോൾ ഞാൻ ജീവിക്കുന്നു എന്നാൽ ഞാനല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്". ["വൈദികനും മൂന്നാം ക്രൈസ്തവസഹസ്രാബ്ദവും,അദ്ധ്യായം 3 , നമ്പർ 1 "]
"അഹങ്കാരിയായ ശുശ്രൂഷകന്റെ കാര്യമെടുത്താൽ, അയാളെ പിശാചിനോടൊപ്പമാണ് പരിഗണിക്കേണ്ടത്. അതുകൊണ്ട് ക്രിസ്തുവിന്റെ വരദാനം അശുദ്ധമാകുന്നില്ല:. അയാളിലൂടെ ഒഴുകിവരുന്നത് ശുദ്ധമായിത്തന്നെയിരിക്കുന്നു. അയാളിലൂടെ കടന്നുവരുന്നത് തെളിഞ്ഞതാണ്. അതു ഫലഭൂയിഷ്ഠമായ മണ്ണിലെത്തുന്നു. കൂദാശയുടെ ആധ്യാത്മികശക്തിയെ പ്രകാശത്തോടു താരതമ്യപ്പെടുത്താം:. പ്രകാശിതരാകേണ്ടവർ അതിനെ അതിന്റെ പരിശുദ്ധിയിൽ സ്വീകരിക്കുന്നു. അശുദ്ധമായ വസ്തുക്കളിലൂടെ കടന്നുപോകേണ്ടി വന്നാലും അത് അതിൽ തന്നെ അശുദ്ധമാക്കപ്പെടുന്നില്ല." - വി. അഗസ്തിനോസ്
ഈ കൂദാശകളിൽ വിശുദ്ധിയോടെ പരികർമം/പങ്കെടുക്കുകയും ചെയ്യുമ്പോഴാണ് നാം വിശുദ്ധരാവുന്നത് .
"വിശ്വാസികൾ പ്രാർത്ഥനയ്ക്ക് സന്മനസ്സോടെ വരുന്നത് വൈദിക ഗണം ദൈവവചനത്താലും തങ്ങളുടെ സൻമാതൃകയാലും തിന്മ ഉപേക്ഷിച്ച് പുണ്യത്തിൽ വളരുവാൻ അവരെ പ്രോത്സാഹിപ്പിക്കുമ്പോൾ ആണ് എന്നും. മറിച്ച്, വൈദികർ അജ്ഞരും മനുഷ്യരക്ഷ എന്ന തങ്ങളുടെ ദൗത്യം വിസ്മരിക്കുന്നവരും സ്വയം മോശമായ ഒരു ജീവിതം നയിക്കുന്നവരും ആണെങ്കിൽ അവരെ പിൻചെല്ലുന്ന അജഗണങ്ങളും തങ്ങളുടെ ക്രിസ്തീയ തത്ത്വങ്ങൾ ഉപേക്ഷിക്കുമെന്ന് അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചിട്ടുണ്ട്" [വിശുദ്ധ ഫ്രാൻസിസ് ഡി സാലസ്]
വി.ഗ്രിഗറി നാസിയാൻസൻ ഇപ്രകാരം ഉദ്ഘോഷിച്ചു : "മറ്റുള്ളവരെ വിശുദ്ധീകരിക്കുന്നതിന് മുൻപ് അവർ തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് മുൻപ് അവർ തന്നെ പഠിക്കണം മറ്റുള്ളവരെ പ്രകാശമുള്ളവരാക്കാൻ അവർ വെളിച്ചമുള്ളവരായിത്തീരണം.മറ്റുള്ളവരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന അവർ ദൈവത്തിലേക്ക് അടുക്കണം.മറ്റുള്ളവരെ വിശുദ്ധീകരിക്കാൻ അവർ വിശുദ്ധീക്കപ്പെടണം."