Home | Articles | 

jintochittilappilly.in
Posted On: 21/07/20 00:29
ദൈവികവെളിപാടിന്റെ കൈമാറൽ

 



(6 min read)

അപ്പസ്തോലന്മാരും അവരുടെ പിൻഗാമികളും സുവിശേഷ ദൂതന്മാരാണ് : സമസ്തജനപദങ്ങളുടെയും രക്ഷയ്ക്കുവേണ്ടി ദൈവം വെളിപ്പെടുത്തിയവ അഭംഗുരം ശാശ്വതമായി നിലനിൽക്കുന്നതിനും എല്ലാ തലമുറകളിലേക്കും കൈമാറുന്നതിനും കാരുണ്യാതിരേകത്തോടെ അവിടുന്നുതന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അത്യുന്നതനായ ദൈവത്തിന്റെ വെളിപാടു മുഴുവൻ തന്നിൽ പൂർത്തീകരിച്ച ക്രിസ്തുനാഥൻ (2 കോറി. 1:20; 3:16; 4:6) എല്ലാ രക്ഷണീയസത്യങ്ങളുടെയും ധാർമ്മികപ്രബോധനങ്ങളുടെയും ഉറവിടമായ സുവിശേഷം സകല മനുഷ്യരോടും പ്രസംഗിക്കാനും അങ്ങനെ അവർക്ക് ദൈവദാനങ്ങൾ നല്കാനും അപ്പസ്തോലന്മാരെ അധികാരപ്പെടുത്തുകയുണ്ടായി. ഈ സുവിശേഷമത്രേ മുൻകാലങ്ങളിൽ പ്രവാചകർ വഴി വാഗ്ദാനം ചെയ്യുകയും താൻ തന്നെ സാക്ഷാത്കരിക്കുകയും, സ്വന്തം അധരങ്ങളാൽ പ്രാപിക്കുകയും ചെയ്തത്. ക്രിസ്തു നൽകിയ ദൗത്യം അപ്പസ്തോലന്മാർ വിശ്വസ്തതയോടെ നിറവേറ്റി തങ്ങളുടെ പ്രസംഗംവഴിയും മാതൃകവഴിയും കൽപ്പനകൾവഴിയും അവർ ക്രിസ്തുവിന്റെ വാക്കുകളിൽനിന്നും പ്രവർത്തികളിൽനിന്നും, സമ്പർക്കത്തിൽ നിന്നും പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക്ക് കൈമാറി. ഇതേ കൃത്യംതന്നെയാണ് പരിശുദ്ധാത്മാവിന്റെ നിവേശനത്താൽ രക്ഷയുടെ സന്ദേശം ലിഖിതരൂപത്തിൽ ആക്കിയ ആ അപ്പസ്തോലന്മാരും അവരോട് ബന്ധപ്പെട്ടവരും ചെയ്തത്.

സുവിശേഷവും എക്കാലവും സഭയിൽ അവികലവും സജീവവുമായി സംരക്ഷിക്കാൻവേണ്ടി അപ്പസ്തോലന്മാർ തങ്ങളുടെ ആസ്ഥാനത്ത് അത് പഠിപ്പിക്കാൻ ആവശ്യമായ അധികാരം നൽകികൊണ്ട് മെത്രാന്മാരെ പിൻഗാമികളായി നിയമിച്ചു. ഈ വിശുദ്ധപാരമ്പര്യവും, പഴയതും പുതിയതുമായ ഉടമ്പടികൾ സംബന്ധിച്ച ലിഖിതങ്ങളും സഭയ്ക്ക് ഒരു മുഖക്കണ്ണാടിപോലെയാണ്. ഈ ലോകത്തിൽ തീർത്ഥാടകയായ സഭ ആ കണ്ണാടിയിലൂടെ ദൈവത്തെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു. എല്ലാം നൽകിയ ദൈവത്തെ അഭിമുഖമായി ദർശിക്കുന്നതുവരെ അവൾ അങ്ങനെ ചെയ്തുകൊണ്ടേയിരിക്കും. (1യോഹന്നാൻ 3:3)

വിശുദ്ധ പാരമ്പര്യം : ഈ ഉദ്ദേശ്യസാദ്ധ്യത്തിനുവേണ്ടി നിവേശിത ഗ്രന്ഥങ്ങളിൽ പ്രത്യേകവിധം രേഖപ്പെടുത്തിയിട്ടുള്ള അപ്പസ്തോലന്മാരുടെ പ്രസംഗം ലോകാവസാനംവരെ തുടരെയുള്ള പിന്തുടർച്ചവഴി അഭംഗുരം നിലനിർത്തുക ഒരാവശ്യമായിരുന്നു. തന്മൂലം അപ്പസ്തോലന്മാർ തങ്ങൾ സ്വീകരിച്ചതെല്ലാം വിശ്വാസികളെ ഏൽപ്പിച്ചുകൊണ്ട് പ്രഭാഷണങ്ങളിലൂടെയോ ലിഖിതങ്ങളിലൂടെയോ പഠിപ്പിച്ച പാരമ്പര്യമെല്ലാം  (2 തെസ്സ 2:15 ) മുറുകെപിടിക്കാൻ അവരെ ഉപദേശിക്കുകയുണ്ടായി. ആത്യന്തികമായി ഏല്പിക്കപ്പെട്ടിരുന്ന വിശ്വാസത്തിനുവേണ്ടി അവർ യുദ്ധം ചെയ്യുകയും വേണം. (യൂദാ 1:3) അപ്പസ്തോലന്മാർ നൽകിയ പാരമ്പര്യത്തിൽ ദൈവജനത്തിന്റെ ജീവിതം വിശുദ്ധമായി നയിക്കുന്നതിനും വിശ്വാസം അഭിവൃദ്ധമാക്കുന്നതിനും ആവശ്യമായതെല്ലാം അടങ്ങിയിട്ടുണ്ട്. ഇങ്ങനെ തന്റെ പ്രബോധനത്തിലും ജീവിതത്തിലും ആരാധനയിലും തലമുറ തലമുറയായി സഭ തന്നെത്തന്നേയും താൻ വിശ്വസിക്കുന്നവയേയും എന്നും നിലനിർത്തുകയും എല്ലാ തലമുറകൾക്കുമായി പകർന്നുകൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

അപ്പസ്തോലന്മാരിൽനിന്നുള്ള ഈ പാരമ്പര്യം പരിശുദ്ധാത്മാവിന്റെ സഹായത്താൽ സഭയിൽ വളർന്നുകൊണ്ടിരിക്കുന്നു.കാരണം, പരമ്പരാഗതമായി നല്കപ്പെട്ടിട്ടുള്ള യാഥാർത്ഥ്യങ്ങളുടെയും ചലനങ്ങളുടെയും ഗ്രഹണത്തിൽ വളർച്ച ഉണ്ടായിട്ടുണ്ട്. വിശ്വാസികൾ ഇവ തങ്ങളുടെ ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനവും പഠനവുംവഴി ഈ വളർച്ചയെ പ്രാപിക്കുന്നു (ലൂക്കാ 2:19,51) . തങ്ങൾ അനുഭവിച്ചറിഞ്ഞ ആത്മീയ യാഥാർത്ഥ്യങ്ങളുടെ ആഴമായ അറിവും ഈ വളർച്ചക്കുപകരിക്കും. ഇനിയും മെത്രാൻ പദവിയിലുള്ള പിന്തുടർച്ചവഴിയായി സത്യത്തിന്റെ തെറ്റാവരം കിട്ടിയവരുടെ പ്രബോധനംവഴിയും ഈ വളർച്ച സംഭവിക്കുന്നുണ്ട്. കാലത്തിന്റെ മുന്നോട്ടുള്ള ഗമനത്തോടൊപ്പം ദൈവികസത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് സഭ സദാ പുരോഗമിക്കുന്നു. ദൈവിക വചനങ്ങളുടെ സമ്പൂർണ്ണമായ തികവ് അവളിൽ സംജാതമാകുവോളം ഈ പ്രയാണം തുടർന്നുകൊണ്ടേയിരിക്കും.

ഈ പാരമ്പര്യത്തിന്റെ സജീവസാന്നിദ്ധ്യത്തിന് വി. പിതാക്കന്മാരുടെ വാക്കുകൾ സാക്ഷ്യം വഹിക്കുന്നു. വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന സഭയുടെ ജീവിതാനുഷ്ഠാനങ്ങളിൽ അതിന്റെ സമ്പദ്സമൃദ്ധി വർഷിക്കപ്പെട്ടിരിക്കുന്നു. സഭയിലംഗീകൃതങ്ങളായിരിക്കുന്ന വി. ലിഖിതങ്ങളുടെ പട്ടിക മുഴുവനും ഇതേ പാരമ്പര്യം വഴിയാണ് അറിയുന്നത്. മാത്രമല്ല, ഈ പാരമ്പര്യം വഴിതന്നെ അവൾ വി. ലിഖിതങ്ങളെ കൂടുതൽ ഗാഢമായി ഗ്രഹിക്കുകയും നിതരാം സജീവമാക്കിപകർത്തുകയും ചെയ്യുന്നു. ഈ വിധത്തിൽ മുമ്പൊരിക്കൽ സംസാരിച്ച ദൈവം തന്റെ പ്രിയസുതന്റെ മണവാട്ടിയോടും ഇടവിടാതെ സംസാരിച്ചുകൊണ്ടാണിരിക്കുന്നത്. പരിശുദ്ധാത്മാവുവഴി സുവിശേഷത്തിന്റെ സജീവസ്വരം സഭയിലും സഭവഴി ലോകത്തിലും പ്രതിധ്വനിക്കുന്നുണ്ട്. അപ്രകാരം ഈ അരൂപി വിശ്വാസികളെ സമ്പൂർണ്ണസത്യത്തിലേക്ക് നയിക്കുകയും ക്രിസ്തുവിന്റെ വാക്കുകൾ അവരിൽ സമൃദ്ധമായി നിവസിപ്പിക്കുകയും ചെയ്യുന്നു. (കൊളോസോസ് 3:16 )

പാരമ്പര്യവും വി. ലിഖിതങ്ങളും തമ്മിലുള്ള ബന്ധം : ഇങ്ങനെ നോക്കുമ്പോൾ വി. ലിഖിതങ്ങളും പാരമ്പര്യവും തമ്മിൽ സുദൃഢമായ ബന്ധവും വിനിമയവും ഉണ്ടെന്ന് കാണാം. എന്തെന്നാൽ അവ രണ്ടിന്റെയും ഉത്ഭവം ഒരേ ഒരു ദിവ്യസ്രോതസ്സിൽ നിന്നാണ്. ഒരു വിധത്തിൽ രണ്ടും ഒന്നായിച്ചേർന്ന് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. കാരണം, പരിശുദ്ധാരൂപിയുടെ നിവേശനത്താൽ ദൈവവചനം ലിഖിതരൂപത്തിലേക്കു പകർത്തിയിരിക്കുന്നതുകൊണ്ട് വി. ലിഖിതങ്ങൾ ദൈവവചസ്സുകളാണ്. അതേസമയം കർത്താവായ ക്രിസ്തുവും പരിശുദ്ധാത്മാവും അപ്പസ്തോലന്മാരെ ഏൽപിച്ചിട്ടുള്ള ദൈവവചനം, അവരുടെ പിൻഗാമികൾക്കു പാരമ്പര്യം വഴി തീർത്തും കലർപ്പില്ലാതെ ലഭിക്കുന്നു. തത്ഫലമായി സത്യാത്മാവിന്റെ പ്രകാശനത്താൽ ദൈവവചനം പ്രസംഗിച്ചുകൊണ്ട് അതിനെ വിശ്വസ്തയോടെ പാലിക്കാനും വിശദീകരിക്കാനും പ്രചരിപ്പിക്കാനും അവർക്കു കഴിവുണ്ടാകും. ഇതിൽനിന്ന് ഒരു കാര്യം സ്പഷ്ടമാണ്. ദൈവികാവിഷ്‌ക്കരണത്തിലെ എല്ലാ വസ്തുതകളെയും സംബന്ധിച്ചുള്ള അസംന്ദിഗ്ദ്ധമായ ബോധം വി. ലിഖിതങ്ങളിൽനിന്നു മാത്രമല്ല സഭയ്ക്കു ലഭ്യമാകുന്നത്. അതുകൊണ്ട് വി. ലിഖിതങ്ങളും പാരമ്പര്യവും ഒരേ ബഹുമാനത്തോടും ഒരേ ആദരവോടുംകൂടി നാം സ്വീകരിച്ചു വണങ്ങേണ്ടതാണ്.

വി. ലിഖിതത്തിനും പാരമ്പര്യത്തിനും സഭയോടും അവളുടെ പ്രബോധനാധികാരത്തോടുമുള്ള ബന്ധം :
വി. പാരമ്പര്യവും ലിഖിതങ്ങളും സഭയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന ദൈവികവചനത്തിന്റെ ഏകകലവറയാണ്. ഇടയന്മാരോടു യോജിച്ചുകൊണ്ട് വി. ജനം ഈ നിക്ഷേപം മുറുകെപ്പിടിക്കുകയും അപ്പസ്തോലന്മാരുടെ പഠനത്തിലും കൂട്ടായ്മയിലും അപ്പം മുറിക്കലിലും പ്രാർത്ഥനകളിലും ദൃഢപ്രതിജ്ഞരായി നിൽക്കുകയും ചെയ്യുന്നു. (അപ്പ 2:42) ഇതുമൂലം വിശ്വാസികളും മെത്രാന്മാരും തമ്മിൽ അതുല്യമായ ഒരു സഹകരണം ഉളവാകുന്നുണ്ട്. ഏൽപ്പിക്കപ്പെട്ട വിശ്വാസം കാത്തുപാലിക്കുന്നതിലും തദനുസരണം ജീവിക്കുന്നതിലും അതിനെ പ്രഖ്യാപിക്കുന്നതിലുമാണ് ഈ സഹകരണം.

എന്നാൽ ദൈവവചനം ലിഖിതമായി ലഭിച്ചതായാലും പാരമ്പര്യമായി കിട്ടിയതായാലും അതിനെ ആധികാരികമായി വ്യാഖ്യാനിക്കേണ്ട ചുമതല, സഭയുടെ ജീവിക്കുന്ന പ്രബോധനാധികാരത്തിനുമാത്രം നൽകപ്പെട്ട ഒന്നാകുന്നു. ഈ അധികാരം യേശുക്രിസ്തുവിന്റെ നാമത്തിൽ അവൾ കൈകാര്യം ചെയ്യുന്നു. എന്നാൽ സഭയുടെ ഈ പ്രബോധനാധികാരം ദൈവവചനത്തിന് ഉപരിയല്ല. പ്രത്യുത, അതിനെ സേവിക്കുവാനുള്ളതാണ്.ഏല്പിക്കപ്പെട്ടിരിക്കുന്നതല്ലാതെ മറ്റൊന്നും സഭ പഠിപ്പിക്കുന്നില്ല. ദൈവകല്പനയാലും പരിശുദ്ധാത്മാവിന്റെ സഹായത്താലും അവൾ ഭക്തിപൂർവ്വം വചനം ശ്രവിച്ച് പവിത്രമായി സംരക്ഷിക്കുകയും വിശ്വസ്തതയോടെ വിശദീകരിക്കുകയും ചെയ്യുന്നു. പ്രബോധനാധികാരം ദൈവാവിഷ്കരണങ്ങളാണെന്നു പഠിപ്പിക്കുന്നതെല്ലാം വിശ്വാസത്തിന്റെ ഏകകലവറയിൽനിന്ന് എടുത്തിട്ടുള്ളവയാണ്.

ഇവയിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. വി. പാരമ്പര്യവും വി. ലിഖിതങ്ങളും സഭയുടെ പ്രബോധനാധികാരവും ദൈവത്തിന്റെ അതിവിശിഷ്ടമായ സംവിധാനത്തിൽ അപരിത്യാജ്യമായ വിധത്തിൽ പരസ്പരം ബന്ധിതങ്ങളാണ്. തന്മൂലം ഒന്നു മറ്റൊന്നിൽനിന്നു വേർപെട്ടുനിൽക്കുക സാദ്ധ്യമല്ല. പ്രത്യുത, എല്ലാം ഒരുമിച്ച്, എന്നാൽ ഓരോന്നും സ്വന്തം രീതിയിൽ ഒരേ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ ആത്മരക്ഷ കൈവരുത്താൻ ഫലപ്രദമായി സഹായിക്കുന്നു.
(കാണുക - രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ, "ദൈവാവിഷ്കരണം, നമ്പർ 7 മുതൽ 10 വരെ")

വി. പാരമ്പര്യം (Sacred tradition) എന്നത് കൊണ്ട് മുഖ്യമായും നാല് കാര്യങ്ങളാണ്‌ അർത്ഥമാക്കുന്നത്.

1.ആദ്യനൂറ്റാണ്ടിലെ ആരാധനാക്രമങ്ങൾ (liturgy)*

2. സഭാപിതാക്കന്മാരുടെ (early church fathers) പ്രബോധനങ്ങൾ

3. സാർവ്വത്രിക സൂനഹദോസുകളുടെ പ്രഖ്യാപനങ്ങൾ (Ecumenical Councils)

4. മാർപ്പാപ്പാമാരുടെ വിശ്വാസസത്യപ്രഖ്യാപനങ്ങൾ. (Papal declaration of Dogmas)

അപ്പസ്തോലന്മാരിൽ നിന്നും സ്വീകരിച്ച വിശ്വാസം സഭയിൽ സജീവമായി തുടരുന്നതും വളർച്ച പ്രാപിച്ചതും ഇപ്രകാരമുള്ള പാരമ്പര്യങ്ങൾ വഴിയാണ്.(കാണുക - "ബൈബിൾ വായന -വ്യാഖ്യാനം അടിസ്ഥാനതത്ത്വങ്ങൾ, പേജ് 18"; സീറോ മലബാർ ഡോക്ട്രറിനൽ കമ്മീഷൻ)

*കത്തോലിക്കാസഭയുടെ ആരാധനക്രമം (ലിറ്റർജി) - കൂദാശകൾ (Sacraments), കൂദാശാനുകരണങ്ങൾ (Sacramentals), യാമപ്രാർത്ഥനകൾ (liturgy of the hours) .

സമാധാനം നമ്മോടുകൂടെ !



Article URL:







Quick Links

ദൈവികവെളിപാടിന്റെ കൈമാറൽ

(6 min read) അപ്പസ്തോലന്മാരും അവരുടെ പിൻഗാമികളും സുവിശേഷ ദൂതന്മാരാണ് : സമസ്തജനപദങ്ങളുടെയും രക്ഷയ്ക്കുവേണ്ടി ദൈവം വെളിപ്പെടുത്തിയവ ... Continue reading


വിശ്വാസസത്യപ്രബോധനങ്ങളും (Dogmas) വിശ്വാസതത്വങ്ങളും (doctrines) - കത്തോലിക്കാ വിശ്വാസം

ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ ദൈവത്തെ കൂടുതൽ അറിയുന്നതിനും അവിടുന്നു വെളിപ്പെടുത്തിയ സത്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശ്വാസ വിഷയങ്ങളിൽ കൂടുതൽ ആഴമായ അറിവു ദൃഢത... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ അജപാലനോന്മുഖമാണ് (Pastoral Oriented)

ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്‌തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും-വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നല്ല വിശ... Continue reading