Home | Articles | 

jintochittilappilly.in
Posted On: 03/09/20 00:17
വിശ്വാസസത്യപ്രബോധനങ്ങളും (Dogmas) വിശ്വാസതത്വങ്ങളും (doctrines) - കത്തോലിക്കാ വിശ്വാസം

 


ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ ദൈവത്തെ കൂടുതൽ അറിയുന്നതിനും അവിടുന്നു വെളിപ്പെടുത്തിയ സത്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശ്വാസ
വിഷയങ്ങളിൽ കൂടുതൽ ആഴമായ അറിവു ദൃഢതരമായ വിശ്വാസത്തിനു വഴിയൊരുക്കുന്നു; സ്നേഹാഗ്നിയിൽ ഉപര്യുപരി ജ്വലിക്കുന്ന ഒരു വിശ്വാസമായി ഇതു ഭവിക്കുന്നു. വിശ്വാസത്തിൻറ കൃപാവരം “ഹൃദയനേത്രങ്ങളെ" വെളിപാടിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സജീവമായ ബോധ്യത്തിലേക്കു തുറക്കുന്നു; അതായതു മുഴുവൻ ദൈവികപദ്ധതിയെക്കുറിച്ചും വിശ്വാസരഹസ്യങ്ങളെക്കുറിച്ചും പ്രസ്തുത രഹസ്യങ്ങൾക്കു പരസ്പരവും ആവിഷ്കൃതസത്യത്തിന്റെ കേന്ദ്രമായ മിശിഹായോടുമുള്ള ബന്ധത്തെക്കുറിച്ചുമുള്ള സജീവബോധ്യത്തിലേക്കു ഹൃദയനേത്രങ്ങളെ തുറക്കുന്നു. “ദൈവാവിഷ്കരണത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ ആഴം ഉപര്യുപരി വർധിപ്പിക്കുന്നതിനു പരിശുദ്ധാത്മാവു തന്റെ ദാനങ്ങൾ വർഷിച്ചുകൊണ്ടു വിശ്വാസത്തെ നിരന്തരം പൂർണമാക്കുന്നു. വിശുദ്ധ ആഗസ്തീനോസു പറയുന്നു: “വിശ്വസിക്കാൻവേണ്ടി
ഗ്രഹിക്കുക; ഗ്രഹിക്കാൻ വേണ്ടി വിശ്വസിക്കുക.' [1]

"അല്മായർ ആവിഷ്കൃതസത്യങ്ങളെപ്പറ്റി (revealed truth) കൂടുതൽ അഗാധമായ അറിവ് നേടാൻ അവിരാമം പരിശ്രമിക്കട്ടെ. അറിവിന്റെ ദാനം ( gift of wisdom) ലഭിക്കാനായി ദൈവത്തോട് നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യട്ടെ. " [2]

നമ്മുടെ ആദ്ധ്യാത്മികജീവിതവും വിശ്വാസസത്യങ്ങളും തമ്മിൽ ഒരു ഘടനാത്മക ബന്ധമുണ്ട്. നമ്മുടെ വിശ്വാസപാതയിലെ ദീപങ്ങളാണു വിശ്വാസസത്യങ്ങൾ;അവ ഈ പാതയിൽ പ്രകാശം ചൊരിയുകയും ഇതിനെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. മറിച്ചു, നമ്മുടെ ജീവിതം ധർമനിഷ്ഠമാണെങ്കിൽ, വിശ്വാസസത്യങ്ങളുടെ
പ്രകാശം സ്വീകരിക്കുവാനായി നമ്മുടെ ബുദ്ധിയും ഹൃദയവും തുറന്നിരിക്കും. [3]

വിശ്വാസസത്യങ്ങളുടെ അന്യോന്യബന്ധങ്ങളും സമന്വയവും മിശിഹാരഹസ്യത്തിന്റെ ആവിഷ്കരണംമുഴുവനിലും കാണാൻ കഴിയും. “ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനത്തോടു വിശ്വാസസത്യങ്ങൾ വ്യത്യസ്തതോതിൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ കത്തോലിക്കാപ്രബോധനത്തിൽ സത്യങ്ങളുടെ ഒരു ക്രമം അഥവാ"ശ്രേണി' (hierarchy) തന്നെ സംജാതമായിരിക്കുന്നു എന്ന് ഓർക്കേണ്ടതാണ്." [4]

വിശ്വാസസത്യങ്ങൾ (Dogmas) എന്നാൽ എന്താണ്?

ദൈവികമായി വെളിപ്പെടുത്തപ്പെട്ടതും സഭയുടെ പ്രബോധനാധികാരം ഔദ്യോഗികമായി പഠിപ്പിക്കുന്നതും എല്ലാ വിശ്വാസികളെയും ബാധിക്കുന്നതുമായ പ്രബോധനങ്ങളാണ് വിശ്വാസസത്യങ്ങൾ
അഥവാ ഡോഗ്‌മകൾ. ഡോഗ്മ(dogma) എന്ന പദം dokein എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് വരുന്നത്. ഇതിന്റെ അർത്ഥം "വിശ്വസിക്കുക', "തീരുമാനിക്കുക' എന്നാണ്. മതപരമായ അർത്ഥത്തിലല്ലാതെ ഈ പദം ഗ്രീക്കു ഭാഷയിൽ ഉപയോഗിച്ചിരുന്നു. പഴയനിയമത്തിന്റെ ഗ്രീക്കുതർജ്ജമയിൽ ഡോഗ്മ എന്ന പദം വിരളമായേ ഉപയോഗിക്കുന്നുള്ളൂ. നൈയാമികമായ അർത്ഥത്തിലാണ് അത് ഉപയോഗിക്കുന്നത്. പുതിയനിയമത്തിലും നൈയാമികമായ അർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട് (അപ്പ 17:17; ഹെബ്രാ 11:23). സഭാധികാരികൾ എടുത്ത തീരുമാനത്തെ സൂചിപ്പിക്കാനായി ഡോഗ്മ എന്ന പദം പുതിയനിയമത്തിൽ ഉപയോഗിക്കുന്നുണ്ട് (അപ്പ 16:4).ക്രൈസ്തവവിശ്വാസം മുഴുവനെയും ചില പ്രത്യേകപ്രബോധനങ്ങളെയും സൂചിപ്പിക്കാൻ ആദിമസഭയിൽ ഡോഗ്‌മ എന്ന പദം ഉപയോഗിച്ചിരുന്നു. സഭാപിതാക്കന്മാരായ ജസ്റ്റിൻ, അത്തനാഗോറസ്,ക്ലമന്റ് , ഒരിജൻ എന്നിവർ “കല്പന' എന്ന അർത്ഥത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്. 'കർത്താവിന്റെ കല്പന', 'സഭയുടെ കല്പന' എന്നീ പ്രയോഗങ്ങൾ അവരുടെ രചനകളിലുണ്ട്. മധ്യകാലഘട്ടത്തിൽ ക്രിസ്തീയപ്രബോധനത്തെ  ഉദ്ദേശിച്ച് ഡോഗ്മ എന്ന് ഉപയോഗിക്കുന്നുണ്ട്. ലെരിൻസിലെ വി. വിൻസന്റ്  കത്തോലിക്കാസഭയുടെ പ്രബോധനത്തെ സൂചിപ്പിക്കാൻ ഡോഗ്മ എന്ന പദം ഉപയോഗിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ
വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തിന്റെ മാനദണ്ഡം ഡോഗ്മയാണ്.അബദ്ധപ്രബോധനങ്ങളിൽനിന്നും കത്തോലിക്കാ വിശ്വാസത്തെ വേർതിരിച്ചുനിർത്തുന്ന മാനദണ്ഡവും ഇതുതന്നെയാണ്. ഡോഗ്മയുടെ
മാനദണ്ഡം എല്ലായിടത്തും എല്ലായ്പ്പോഴും എല്ലാവരും വിശ്വസിക്കുന്നതാണത് എന്നതാണ്. ഡോഗ്മയുടെ രൂപഭാവങ്ങൾക്ക് വ്യത്യാസം വരാമെങ്കിലും അതിന്റെ സത്തയിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ല.

"ദൈവവചനത്തിൽ അടങ്ങിയിരിക്കുന്നതും ഓരോരുത്തരും വിശ്വസിക്കാൻ കടപ്പെട്ടിരിക്കുന്നതും സഭയുടെ പ്രബോധനാധികാരം പഠിപ്പിക്കുന്നതുമായ സത്യങ്ങളാണ് ഡോഗ്മ" എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് ഒന്നാം വത്തിക്കാൻ കൗൺസിൽ (1869-1870) പഠിപ്പിച്ചു.

സഭ എപ്പോഴാണ് വിശ്വാസസത്യങ്ങൾ പ്രഖ്യാപിക്കുന്നത്?

ഏതൊരു സമൂഹത്തിനും അടിസ്ഥാനപരമായ ചില ദർശനങ്ങളും വിശ്വാസസത്യങ്ങളുമുണ്ട്. സഭയിലും ഇത്തരം ചില സത്യങ്ങളും ബോധ്യങ്ങളുമുണ്ട്. ഓരോ കാലഘട്ടത്തിലും ഇത്തരം വിശ്വാസസത്യങ്ങളെ ഊന്നിപറയേണ്ടതോ വിശദീകരിച്ചു പഠിപ്പിക്കേണ്ടതോ ആവശ്യമായിരുന്നു. സഭയിൽ ഇതുവരെ നിലവിലില്ലാതിരുന്ന പുതിയകാര്യങ്ങളൊന്നുമല്ല ഡോഗ്മയായി സഭ നിർവചിക്കുന്നത്. അവ പുതിയ വെളിപാടുകളല്ല; ദൈവികവെളിപാടിന്റെ ഉള്ളടക്കത്തെ വ്യക്തമായും കൃത്യമായും നിർവ്വചിക്കുന്നവയാണവ. വിശ്വാസസത്യങ്ങൾ ദൈവികവെളിപാടിന്റെ ഭാഗമാണ്. വിശ്വാസത്തിന്റെ ഉള്ളടക്കമാണ് വിശ്വാസസത്യങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടുന്നത്. വിശുദ്ധഗ്രന്ഥവും വിശുദ്ധപാരമ്പര്യവുമാണ് വിശ്വാസസത്യങ്ങളുടെ ഉറവിടങ്ങൾ.

തിരുസഭയുടെ തലവൻ എന്ന നിലയിൽ വിശ്വാസവും സന്മാർഗ്ഗവും സംബന്ധിക്കുന്ന കാര്യങ്ങളിൽ മാർപ്പാപ്പ മെത്രാൻസംഘത്തോടുചേർന്ന് എടുക്കുന്ന തീരുമാനങ്ങൾക്കു അപ്രമാദിത്വമുണ്ട്. ഇപ്രകാരം ഔദ്യോഗികമായി പഠിപ്പിക്കുന്നവയെ സ്വീകരിക്കാൻ എല്ലാ വിശ്വാസികൾക്കും കടമയുണ്ട്. സാധാരണഗതിയിൽ ഏതെങ്കിലും
തെറ്റായ പഠനങ്ങളെ തിരുത്താനാണ് സഭ വിശ്വാസസത്യങ്ങൾ  പ്രഖ്യാപനം ചെയ്യുന്നത്. “ആധുനികകാലത്ത് പ്രഖ്യാപനം ചെയ്യപ്പെട്ട രണ്ടു ഡോഗ്മകളാണ് മാതാവിന്റെ സ്വർഗ്ഗാരോപണവും അമലോത്ഭവവും".

വിശ്വാസസത്യങ്ങളുടെ വളർച്ചയും വ്യാഖ്യാനവും:

വിശ്വാസത്തിന്റെ ആത്യന്തിക അടിസ്ഥാനം ദൈവികവെളിപാടാണ്. വെളിപാട് ചരിത്രത്തിൽ സംഭവിച്ച ഒന്നാണ്. ദൈവികവെളിപാടിനെ മനസ്സിലാക്കാനുള്ള എല്ലാ മാനുഷിക ശ്രമങ്ങളും പരിമിതങ്ങളാണ്. ഡോഗ്മകളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഡോഗ്മകൾ ഓരോ കാലഘട്ടത്തിലും വ്യാഖ്യാനിക്കപ്പെടണം. പ്രശസ്ത ദൈവശാസ്ത്രജ്ഞനായ അവരി ഡള്ളസിന്റെ അഭിപ്രായത്തിൽ ഒരു ഡോഗ്മയെ വ്യാഖ്യാനിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കപ്പെടണം. "പരിഗണനവിഷയമായിരിക്കുന്ന ഡോഗ്മ ഉരുത്തിരിഞ്ഞു വരാനുള്ള സാഹചര്യം, ഡോഗ്മയുടെ രൂപീകരണത്തിലും നിർവചനത്തിലും അടങ്ങിയിരിക്കുന്ന ഭാഷാപ്രയോഗങ്ങളും വാക്യാലങ്കാരങ്ങളും, ഡോഗ്മ മുന്നോട്ടുവയ്ക്കുന്ന ലോകവീക്ഷണം, ഡോഗ്മ അവതരിപ്പിക്കുന്നതിന് അവലംബിച്ചിട്ടുള്ള താത്ത്വികദർശനം എന്നിവയാണവ".

ചരിത്രത്തിലൂടെ സംഭവിച്ച ദൈവികവെളിപാടിനെ വെറും ഒരു പ്രസ്താവനയിലേക്കോ നിർവചനത്തിലേക്കോ ഒതുക്കാൻ സാധ്യമല്ല. ഡോഗ്മകൾ ദൈവികവെളിപാടെന്ന യാഥാർത്ഥ്യത്തെ പ്രകടിപ്പിക്കുന്ന പ്രസ്താവനകളാണ്, പ്രബോധനങ്ങളാണ്. ദൈവികവെളിപാടിനെ ഡോഗ്മയുമായി താദാത്മ്യപ്പെടുത്താൻ സാധ്യമല്ല. സഭയുടെ പഠനങ്ങളുടെ ലക്ഷ്യം ഓരോ കാലഘട്ടത്തിലേയും വിശ്വാസികൾക്കുവേണ്ടി ദൈവവചനം വ്യാഖ്യാനിച്ചു കൊടുക്കുകയാണ്. സഭയുടെ ഒരു പഠനവും ദൈവവചനത്തിന് ഉപരിയല്ല. സുപ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ കാൾ റാനർ പ്രസ്താവിക്കുന്നതുപോലെ ദൈവവചനം സഭയുടെ എല്ലാ പഠനങ്ങൾക്കുമുള്ള മാനദണ്ഡമാണ്. സഭയുടെ എല്ലാ പ്രബോധനങ്ങളും ദൈവവചനത്തിൽ അടിസ്ഥാനമുള്ളതായിരിക്കണം.

വിശ്വാസത്തിന്റെ വ്യാഖ്യാനത്തിൽ പ്രതിസന്ധികളും പാളിച്ചകളുമുണ്ടായപ്പോഴാണ് സഭ പലപ്പോഴും ഡോഗ്മകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരം അവസരങ്ങളിൽ പരിശുദ്ധാത്മാവിന്റെ പ്രചോദനമനുസരിച്ച് എല്ലാ വിശ്വാസികൾക്കും ബാധകമായ വിധത്തിൽ  സത്യവിശ്വാസം പഠിപ്പിക്കുകയാണ് സഭ ചെയ്യുന്നത്. ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ തെറ്റ് ഏതാണെന്നും ശരി ഏതാണെന്നും വേർതിരിച്ചു പറയേണ്ടത് ആയിട്ടുണ്ട്.
അതുകൊണ്ടാണ് നിർവചിക്കുന്ന രീതിയിൽ അസന്നിഗ്ധമായി വ്യക്തമായും സഭ പഠിപ്പിക്കുന്നത് ഏതെങ്കിലുമൊരു ഡോഗ്മ അതിൽ തന്നെ ഒരു അവസാനം ആണെന്ന് ഇതിനർത്ഥമില്ല. ഓരോ ഡോഗ്മയും  കൂടുതൽ ദൈവശാസ്ത്രപരമായ വിചിന്തനവും വിശദീകരണവും ആവശ്യപ്പെടുന്നുണ്ട്. നിർവചിക്കപ്പെട്ട സത്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള തുടർപഠനവും വിശദീകരണവും എക്കാലവും പ്രസക്തമാണ്.

 സഭയുടെ ഡോഗ്മകളെല്ലാം  തന്നെ വിശ്വാസത്തിന്റെ പ്രസ്താവനകളാണ്.
അവയുടെ ഉറവിടം ദൈവിക വെളിപാടാണ്. അവ പ്രഖ്യാപിച്ചവരും അവയെ സ്വീകരിക്കുന്നവരും വിശ്വാസികളാണ്. ഡോഗ്മകൾ വിശ്വാസത്തിൽ നിന്നുൽഭവിച്ച്  വിശ്വാസത്തിലേക്ക് നയിക്കുന്നവയാണ്. ഈ അർത്ഥത്തിൽ ഡോഗ്മകൾ മറ്റു പ്രസ്താവനകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഓരോ ഡോഗ്മയും അവതരിപ്പിക്കുന്ന കാര്യം എക്കാലവും ഒന്നുതന്നെയാണെങ്കിലും അത് അവതരിപ്പിക്കപ്പെടുന്ന ഭാഷയും ആശയവും തത്വചിന്തയും കാലാനുസൃതം നവീകരിക്കപ്പെടേണ്ടതാണ്.

വിശ്വാസ സത്യങ്ങളുടെ ക്രമം അഥവാ ശ്രേണി:

കത്തോലിക്കാപ്രബോധനത്തിൽ സത്യങ്ങളുടെ ഒരു ക്രമം അഥവാ ശ്രേണി ഉണ്ട്.എല്ലാ വിശ്വാസസത്യങ്ങളും വിശ്വസിക്കപ്പെടേണ്ടതാണ്. എന്നാൽ ദൈവികവെളിപാടിനോടുള്ള അവയുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വിശ്വാസസത്യങ്ങൾക്കും തുല്യ പ്രാധാന്യമല്ല ഉള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇക്കാര്യം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. കത്തോലിക്കാതത്ത്വങ്ങൾക്ക് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തോടുള്ള ബന്ധം പല രീതിയിലായതുകൊണ്ട് അവയ്ക്ക് ഒരു ക്രമം അഥവാ മൂല്യശ്രേണിയുണ്ട് .

അടിസ്ഥാനപരമായ ചില വിശ്വാസസത്യങ്ങൾ വിശുദ്ധഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. ഉദാഹരണമായി ദൈവാസ്തിത്വം, വിധികർത്താവായ ദൈവം, യേശുവിന്റെ ഉത്ഥാനം (1 കോറി 15:17-19)
തുടങ്ങിയവ. ദൈവത്തിലുള്ള വിശ്വാസം, ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം, കൈവയ്പ്പ്, മരിച്ചവരുടെ ഉയിർപ്പ്,നിത്യവിധി എന്നിവ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനപ്രബോധനങ്ങളാണ് (ഹെബ്രാ 6:1-2). വിജാതീയ ക്രിസ്ത്യാനികൾ പരിച്ഛേദനം സ്വീകരിക്കണമോ എന്ന തർക്കത്തിൽ ജറുസലേം സൂനഹദോസ് തീരുമാനത്തിലെത്തിയത് ദൈവത്തിന്റെ സാർവ്വതികരക്ഷാകര പദ്ധതി യഹൂദനിയമത്തിനും ഉപരിയാണ് എന്ന മറ്റൊരു വലിയ സത്യം ചൂണ്ടികാണിച്ചുകൊണ്ടാണ് (അപ്പ 15:13-20).
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോമിശിഹായാണ്. ഈ അടിസ്ഥാനത്തോട് വിശ്വാസസത്യങ്ങൾ വ്യത്യസ്ത തോതിലാണ് ബന്ധപ്പെട്ടിരിക്കുന്നത് (CCC 90). എല്ലാ വിശ്വാസസത്യങ്ങൾക്കും തുല്യപ്രാധാന്യമല്ല ഉള്ളത്. ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനമായ പരിശുദ്ധത്രിത്വത്തോടും ഈശോമിശിഹായോടുമുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസസത്യങ്ങളുടെ പ്രാധാന്യം നിശ്ചയിക്കപ്പെടുന്നത്.

ഉപസംഹാരം:

വിശ്വാസസത്യപ്രബോധനങ്ങളെ (dogmas) നിർവ്വചിക്കുകയും വിശ്വാസതത്വങ്ങളെ (doctrines) വ്യാഖ്യാനിക്കുകയും കാലാകാലങ്ങളിൽ വിശ്വാസ ജീവിതം നേരിടുന്ന പ്രതിസന്ധികളെ പഠിച്ച് പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്യുക എന്നത് സഭയുടെ പ്രബോധനാധികാരത്തിന്റെ കടമയാണ്. വിശ്വാസസത്യപ്രബോധനങ്ങളുടെ വിശദീകരണങ്ങളാണ് വിശ്വാസതത്വങ്ങൾ അഥവാ ഡോക്ട്രിനുകൾ. ഒരു ഡോഗ്മയ്ക്കു ഒന്നിലധികം വിശദീകരണങ്ങൾ ഉണ്ടാകാം. വിശ്വാസതത്വങ്ങൾ എല്ലാം  പ്രധാനപ്പെട്ടവയാണെങ്കിലും അവയിൽ ഒരു അവരോഹണക്രമം ഉണ്ട് എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. സഭയുടെ വിവിധങ്ങളായ വരങ്ങളെ വിവേചിച്ചറിയുകയും ആവശ്യമായ മാർഗ്ഗരേഖകളും തിരുത്തലുകളും നൽകുകയും ചെയ്യുന്നത് സഭയിലെ പ്രബോധനാധികാരമാണ്.

സഭയുടെ പ്രബോധനാധികാരത്തിൽ നിന്നും വരുന്ന എല്ലാ പഠനങ്ങൾക്കും ഒരേ പ്രാധാന്യമല്ല ഉള്ളത്. പ്രാധാന്യക്രമത്തിൽ ഒന്നാമത് വിശ്വാസസത്യപ്രബോധനങ്ങളാണ് (Dogmas). സഭ വ്യക്തമായി നിർവ്വചിച്ച് പരസ്യമായി പ്രഖ്യാപിച്ച പഠനങ്ങൾക്കും ചില പ്രത്യേക സാഹചര്യങ്ങളോട് പ്രതികരിക്കുവാൻ വേണ്ടി പുറപ്പെടുവിച്ച രേഖകൾക്കും
തുല്യപ്രാധാന്യം കല്പിക്കാനാകില്ല. സഭാ പ്രബോധനങ്ങളെ പഠിപ്പിക്കുമ്പോൾ അജപാലനപരമായ വിവേചനവും വിവേകവും പുലർത്തേണ്ടതുണ്ട്. ചില കാലങ്ങളിൽ പുറപ്പെടുവിച്ച പ്രബോധനങ്ങൾ അവയുടെ സാരാംശത്തിൽ ഇന്നും സംഗതമാണ്. എങ്കിലും അവയുടെ വിശദാംശങ്ങളെല്ലാം ഇന്ന് പ്രയോഗികമാക്കേണ്ടവയാകണമെന്നില്ല. സഭാപ്രബോധനങ്ങളിൽ സ്ഥായിയായവയും മാറ്റത്തിന്
വിധേയമാകേണ്ടവയും വിവേചിച്ചറിയേണ്ടതുണ്ട്. മാത്രമല്ല, ചില പ്രബോധനങ്ങൾ അവയുടെ ലക്ഷ്യത്തിൽത്തന്നെ പ്രാധാന്യം കുറഞ്ഞതോ കൂടിയതോ ആയി തരംതിരിക്കാവുന്നവയാണ്.

References:

1. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, ഖണ്ഡിക 158.

2.രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ "തിരുസഭ or ലുമെൻ ജെൻസിയം, നമ്പർ 35"

3.കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, ഖണ്ഡിക 89.

4.കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, ഖണ്ഡിക 90.

5. "വിശ്വാസം ഉറവിടങ്ങളും വ്യാഖ്യാതാക്കളും, പേജ് 60-64", ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ

6.ആറ്റുതീരത്തെ വൃക്ഷം (അദ്ധ്യായം 7 - സഭയിലെ പ്രബോധനാധികാരം - മാർ ടോണി നീലങ്കാവിൽ),  പേജ് 94, 95




Article URL:







Quick Links

വിശ്വാസസത്യപ്രബോധനങ്ങളും (Dogmas) വിശ്വാസതത്വങ്ങളും (doctrines) - കത്തോലിക്കാ വിശ്വാസം

ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ ദൈവത്തെ കൂടുതൽ അറിയുന്നതിനും അവിടുന്നു വെളിപ്പെടുത്തിയ സത്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശ്വാസ വിഷയങ്ങളിൽ കൂടുതൽ ആഴമായ അറിവു ദൃഢത... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ അജപാലനോന്മുഖമാണ് (Pastoral Oriented)

ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്‌തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും-വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നല്ല വിശ... Continue reading


മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ

ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതിയ സിദ്ധാന്തം അവതരിപ്പിക്ക... Continue reading


കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രത... Continue reading


പരിശുദ്ധ കത്തോലിക്കാ സഭ - സത്യത്തിന്റെ പൂർണത.

സഭ ക്രിസ്തുവിന്റെ ശരീരമാണ്‌; എല്ലാ വസ്‌തുക്കളിലും സകലവും പൂര് ‍ ത്തിയാക്കുന്ന അവന്റെ പൂര് ‍ ണതയുമാണ്‌.(എഫേസോസ്‌ 1 : 23); അവന്... Continue reading