ക്രിസ്തുവിന്റെ വധു വശീകരണ വിധേയയല്ല. അവൾ ശാലീനയും നിഷ്കളങ്കയുമാണ്. അവൾക്കൊരു ഭവനമേയറിയൂ. പരിപൂർണ്ണ വെടിപ്പിൽ ഒരൊറ്റ വിവാഹക്കിടക്കയുടെ പരിശുദ്ധി അവൾ പരിപാലിക്കുന്നു. ദൈവത്തോടുള്ള വിശ്വസ്തതയിൽ അവൾ നമ്മെ കാത്തുസൂക്ഷിക്കുന്നു. ദൈവത്തിന്റെ രാജ്യത്തിനു താൻ പ്രസവിക്കുന്ന ശിശുക്കളെ അവൾ സമർപ്പിക്കുന്നു. സഭയിൽനിന്നു വിട്ടുമാറുന്നവൻ വേശ്യയോടുകൂടി സംസർഗം ചെയ്യുന്നു. സഭയുടെ വാഗ്ദാനം ചെയ്യപ്പെട്ട അവകാശത്തിൽ അവനൊരിക്കലും ഓഹരിയില്ല. ക്രിസ്തു ഉറപ്പുനൽകിയ പ്രതിഫലം ക്രിസ്തുവിന്റെ സഭയെ വിട്ടുപേക്ഷിച്ചവനു കിട്ടുമെന്നു പ്രതീക്ഷിക്കാൻ ഒരിക്കലും സാധ്യമല്ല. അവൻ അന്യനും ഭ്രഷ്ടനും ശത്രുവും ആയിത്തീർന്നു. സഭയെ തന്റെ മാതാവായി കരുതാത്തവനു ദൈവത്തെ തന്റെ പിതാവായി കരുതുവാൻ സാധ്യമല്ല. നോഹയുടെ പെട്ടകത്തിനു പുറത്തുണ്ടായിരുന്നവർ നാശത്തിൽനിന്നു രക്ഷപെട്ടെങ്കിൽ സഭയ്ക്കു പുറത്തുള്ളവരും രക്ഷപ്രാപിക്കും. 'എന്നോടുകൂടി അല്ലാത്തവൻ എനിക്ക് വിരോധിയാകുന്നു: എന്നോടുകൂടി ചേർക്കാത്തവൻ ചിതറിക്കും' (മത്തായി 12:30) എന്നു കർത്താവ് പറയുമ്പോൾ ഇത് നമ്മെ അനുസ്മരിപ്പിക്കയാണ്. ക്രിസ്തുവിന്റെ സമാധാനവും യോജിപ്പും ഭഞ്ജിക്കുന്നവൻ ക്രിസ്തുവിനെതിരായി പ്രവർത്തിക്കുന്നു. തിരുസഭയിലല്ലാതെ മറ്റെവിടെയെങ്കിലും കൂട്ടിച്ചേർക്കുന്നവനും ക്രിസ്തുവിന്റെ സഭയെ ചിതറിക്കുന്നു. കർത്താവ് പറയുന്നു:. 'ഞാനും എന്റെ പിതാവും ഒന്നാകുന്നു' ( യോഹ 10:3). വീണ്ടും പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പറ്റി മൂന്നും ഒന്നാകുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു . ( 1 യോഹ5:8). മാറ്റമില്ലാത്ത ദൈവസ്വഭാവത്തിൽനിന്നു പുറപ്പെടുന്നതും സ്വർഗീയരഹസ്യങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നതുമായ ഈ ഐക്യം സഭയിൽ തകർക്കപ്പെടാമെന്നും മനുഷ്യമനസുകളുടെ എതിർപ്പുകൾവഴി പിച്ചിച്ചീന്തിക്കളയാമെന്നും ആരെങ്കിലും കരുതുന്നുണ്ടോ? ഈ ഐക്യത്തോടുള്ള ബന്ധം നഷ്ടപ്പെട്ടവന് ദൈവികനിയമത്തോടുള്ള ബന്ധം അറ്റുപോയി. പിതാവിലും പുത്രനിലും ഉള്ള ബന്ധം അവനു നശിച്ചു; ജീവനിലും രക്ഷയിലുമുള്ള പ്രത്യാശ അവനില്ലാതെയായി.
“കത്തോലിക്കാസഭയുടെ ഐക്യം നമ്പർ 6 “ - കാർത്തേജിലെ വി. സിപ്രിയാൻ ( മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാപിതാവ്.)