"ഉയിർപ്പിനുശേഷം തന്റെ സഭയെ പത്രോസിൻമേൽ പണിതുകൊണ്ടു അവനോടു പറയുന്നു : "എന്റെ ആടുകളെ മേയിക്കുക" ( യോഹന്നാൻ 21:15) മേയിക്കുവാനായി തന്റെ ആടുകളെ പത്രോസിനെയാണ് ഭരമേല്പിച്ചത്. എല്ലാവർക്കും ക്രിസ്തു തുല്യാധികാരം നല്കുന്നെങ്കിലും അവരുടെയിടയിൽ ഒരധ്യക്ഷപീഠമേ സ്ഥാപിച്ചുള്ളു. ഇതാണ് ഐക്യത്തിന്റെ സ്രോതസ്സും അടിസ്ഥാനതത്ത്വവുമായി അധികാരപൂർവം ക്രിസ്തു ഏർപ്പെടുത്തിയത്.പത്രോസ് എന്തായിരുന്നുവോ, അത് മറ്റു ശ്ളീഹന്മാരുമായിരുന്നു. എന്നാൽ പത്രോസിനായിരുന്നു പ്രാഥമ്യം. ഒരു സഭയും ഒരധ്യക്ഷപീഠവുമേ ഉള്ളു എന്ന് കർത്താവ് അതുവഴി വ്യക്തമാക്കുകയായിരുന്നു. എല്ലാ ശ്ളീഹന്മാരും ഇടയന്മാരാണ്. എന്നാൽ പരസ്പരയോജിപ്പിൽ മേയ്ക്കപ്പെടേണ്ട ഒരു അജഗണമേ അവർക്കുള്ളു എന്ന് അവൻ നമുക്ക് കാണിച്ചു തന്നു. പത്രോസിൻമേൽ അധിഷ്ഠിതമായ ഈ ഐക്യത്തോട് യോജിക്കാത്തവന് സത്യവിശ്വാസം ഉണ്ടെന്നു കരുതാനാവുമോ? സഭ പത്രോസിൻമേൽ പണിയപ്പെട്ടിരിക്കുന്നു. പത്രോസിന്റെ അധ്യക്ഷ സ്ഥാനത്തോടുള്ള അനുസരണം ഉപേക്ഷിക്കുന്നവൻ, സഭയിൽ ഉൾപെട്ടവനാണെന്ന് അവന് എങ്ങനെ കരുതാനാവും?" "രണ്ടോ മൂന്നോ പേർ എവിടെ കൂടുന്നുവോ അവരുടെ മദ്ധ്യേ ഞാനുണ്ട്" എന്ന കർത്താവിന്റെ വചനത്തിലെ വാക്കുകൾ, ചെറിയ ചെറിയ വിഭാഗങ്ങൾ ഉണ്ടാക്കി കത്തോലിക്കാ തിരുസഭയിൽ നിന്നും ആളുകളെ വെട്ടിമാറ്റാൻ വേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല.കാരണം തിരുസഭയെ പണിതത് ക്രിസ്തു തന്നെയാണ്".
( ഏ ഡി 258 ൽ രക്തസാക്ഷിയായി മരണം വരിച്ച സഭാപിതാവായ വി സിപ്രിയാൻ എഴുതിയ "കത്തോലിക്കാസഭയുടെ ഐക്യം" എന്ന ഗ്രന്ഥത്തിൽ നിന്നും എടുത്തത്)