(8 min read)
വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതവും തമ്മിൽ അഭേദ്യമായ ബന്ധവും സംസർഗവും ഉണ്ട്. ഇവ രണ്ടും ക്രിസ്തുരഹസ്യത്തെ സഭയിൽ സന്നിഹിതമാക്കുകയും ഫലം ചൂടിക്കുകയും ചെയ്യുന്നു.കൂടാതെ ഒരേ ദൈവിക ഉറവയിൽ നിന്നുത്ഭവിക്കുന്ന ഇവ രണ്ടും ഒരേയൊരു വിശ്വാസനിക്ഷേപത്തിന് (Deposit of faith) രൂപം നൽകുന്നു.. ഈ നിക്ഷേപത്തിൽ നിന്ന് വെളിപ്പെടുത്തപ്പെട്ട എല്ലാ സത്യങ്ങളെയും കുറിച്ചുള്ള ഉറപ്പ് സഭ കൈവരിക്കുന്നു. *[1]
വിശ്വാസനിക്ഷേപം ആരെയാണ് ഏൽപ്പിച്ചിരിക്കുന്നത്?
വിശ്വാസ നിക്ഷേപത്തെ ശ്ലീഹന്മാർ സഭ മുഴുവനെയും ഏല്പിച്ചിരിക്കുന്നു.ദൈവജനം മുഴുവനും പ്രകൃത്യാതീതമായ വിശ്വാസാവബോധത്തോടും (sensus fidei) പരിശുദ്ധാത്മാവിന്റെ സഹായത്തോടും കൂടെ സഭയുടെ ആധികാരിക പ്രബോധനത്താൽ നയിക്കപ്പെട്ട് ദൈവികവെളിപാടിനെ സ്വീകരിച്ച്, അവയെ കൂടുതൽ മനസ്സിലാക്കി,ജീവിതത്തിൽ പ്രാവർത്തികമാക്കുന്നു.*[2]
വിശ്വാസാവബോധം (sensus fidei) എന്നാൽ?
"ആവിഷ്കൃതസത്യത്തിന്റെ (revealed truth) ഗ്രഹണത്തിലും കൈമാറലിലും എല്ലാ വിശ്വാസികൾക്കും പങ്കുണ്ട്;തങ്ങളെ പഠിപ്പിക്കുകയും സത്യത്തിന്റെ സാകല്യത്തിലേക്ക് നയിക്കുകയും ( guides them into all truth)ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ചവരാണവർ (anointing of the Holy Spirit)". വിശ്വാസികളുടെ സമൂഹം ഒന്നാകെ വിശ്വസിക്കുന്ന കാര്യത്തിൽ തെറ്റ് പറ്റുക സാധ്യമല്ല; ജനം മുഴുവനും, "മെത്രാന്മാർ മുതൽ വിശ്വാസികളിൽ ഏറ്റവും അവസാനത്തെ അലമായൻ വരെ", വിശ്വാസത്തെയും ധാർമിക നിയമങ്ങളെയും സംബന്ധിക്കുന്ന കാര്യങ്ങളിൽ യോജിപ്പു പുലർത്തുമ്പോൾ അവരുടെ പ്രകൃത്യാതീതമായ വിശ്വാസാവബോധത്തിൽ (sensus fidei) മേൽപ്പറഞ്ഞ സവിശേഷത പ്രകടമാകുന്നു... സത്യാത്മാവിനാൽ പ്രചോദിപ്പിക്കപെടുകയും നിലനിറുത്തപ്പെടുകയും ചെയ്യുന്ന ഈ വിശ്വാസാവബോധത്തിൽ (sensus fidei) വിശുദ്ധമായ പ്രബോധനാധികാരത്താൽ നയിക്കപ്പെടുന്ന ദൈവജനം ഒരിക്കൽ എന്നേക്കുമായി വിശുദ്ധർക്ക് നൽകപ്പെട്ടിരിക്കുന്ന വിശ്വാസം വീഴ്ചവരാനാവാത്തവിധം മുറുകെപ്പിടിക്കുന്നു.*[3]
വിശ്വാസികളെല്ലാവരും പരിശുദ്ധാത്മാവിന്റ അഭിഷേകം സ്വീകരിച്ചവരാണ്. ദൈവികവെളിപാടിനെ മനസ്സിലാക്കുന്നതിലും കൈമാറുന്നതിലും എല്ലാ വിശ്വാസികൾക്കും പങ്കുണ്ട്. പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെടുകയും നിലനിറുത്തപ്പെടുകയും ചെയ്യുന്ന വിശ്വാസാവബോധം (sensus fidei) വിശ്വാസികൾക്കെല്ലാവർക്കുമുണ്ട്. (തിരുസഭാ അഥവാ LG, നമ്പർ #12 കാണുക)വിശ്വാസത്തിനെതിരായ കാര്യങ്ങൾ എന്താണെന്നു വിവേചിച്ചറിയാനും വിശ്വാസസത്യങ്ങൾ (Dogmas) ഗ്രഹിക്കാനും വിശ്വാസികൾക്ക് കഴിവു നൽകുന്നത് പരിശുദ്ധാത്മാവാണ്. വിശ്വാസകാര്യങ്ങൾ മനസിലാക്കാനും ഏറ്റു പറയാനും ജീവിക്കാനും ഓരോ വിശ്വാസിയെയും പരിശുദ്ധാത്മാവ് സഹായിക്കുന്നു. പരിശുദ്ധാത്മാവ് വസിക്കുന്ന, ആത്മാവിനാൽ നിറഞ്ഞ, സമൂഹമാണ് ദൈവജനം. ദൈവജനത്തിനു മുഴുവനായി വിശ്വാസത്തിന്റെ അവബോധമുണ്ട്. വിശ്വാസികളുടെ സമൂഹം പരിശുദ്ധാത്മാവിന്റ അഭിഷേകം ഉൾക്കൊള്ളുന്നിടത്തോളംകാലം വിശ്വാസവിഷയത്തിൽ തെറ്റിൽ വീഴില്ല. വിശ്വാസികളെല്ലാവരും രാജകിയ-പ്രവാചക-പൗരോഹിത്യ ധർമ്മങ്ങളിൽ പങ്കുചേരുന്നുണ്ട്. *[4]
വിശ്വാസാവബോധം - വിശുദ്ധഗ്രന്‌ഥാടിസ്ഥാനം.
വിശ്വാസികൾക്കെല്ലാവർക്കുമുള്ള പൊതുവായ വിശ്വാസാവബോധത്തിന് വിശുദ്ധഗ്രന്ഥത്തിൽ അടിസ്ഥാനമുണ്ട്. വിശ്വാസികളുടെ സമൂഹം മുഴുവൻ പുരോഹിതജനമാണ്. 'നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. (1പത്രോസ് 2:9). പരിശുദ്ധാത്മാവ് വിശ്വാസികളുടെ ആന്തരികനേത്രങ്ങളെ പ്രകാശിപ്പിക്കുന്നുണ്ട്.ക്രിസ്തുവിനെക്കുറിച്ചുള്ള പൂർണ്ണമായ അറിവിലേക്കു വിശ്വാസികളെ നയിക്കുന്നതും ഈ ആത്മാവ് തന്നെയാണ്. 'എതുതരത്തിലുള്ള പ്രത്യാശയിലേക്കാണു അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്നറിയാനും വിശുദ്ധർക്ക് അവകാശമായി അവിടുന്ന് അവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്ധി മനസിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്ന് പ്രകാശിപ്പിക്കട്ടെ. അതുവഴി അവന്റെ പ്രാഭവപൂർണ്ണമായ പ്രവർത്തനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ'. (എഫേ. 1: 18-19). പരിശുദ്ധാത്മാവ് വിശ്വാസികളോടോപ്പം വസിക്കുന്നു; അവരിൽ ആയിരിക്കുകയും ചെയ്യുന്നു. (യോഹ. 14:16) *[5]
വിശ്വാസാവബോധം - സഭാപ്രബോധനങ്ങളിൽ
സഭാപ്രബോധനങ്ങളിലും അടിസ്ഥാനമുള്ളതാണ് വിശ്വാസികളുടെ വിശ്വാസാവബോധം. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇക്കാര്യം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. (തിരുസഭാ അഥവാ LG, നമ്പർ #31 കാണുക). സഭ മുഴുവനായും പുരോഹിത ജനമാണെന്ന പഠനമാണ് കൗൺസിലിന്റെ അല്മായദൈവശാസ്ത്രത്തിന്റെ അടിസ്ഥാനം. മാമോദീസായിലൂടെയാണ് എല്ലാ ക്രിസ്ത്യാനികളും ഈശോയുടെ പൗരോഹിത്യത്തിൽ പങ്കാളികളാകുന്നത്. മാമ്മോദീസാവഴി അവർ ക്രിസ്തുവിനോടു ചേർന്ന് ഒരു ശരീരമായിത്തീരുന്നു. ദൈവത്തിന്റെ ജനമായി രൂപം കൊള്ളുന്നു; ക്രിസ്തുവിന്റെ രാജത്വത്തിലും പൗരോഹിത്യത്തിലും പ്രവാചകത്വത്തിലും പങ്കുകാരാകുന്നു.
ക്രിസ്തു തന്റെ മഹത്വത്തിന്റെ സമ്പൂർണ്ണമായ വെളിപ്പെടുത്തൽവരെ പ്രവാചകധർമ്മം നിറവേറ്റികൊണ്ടിരിക്കും. അത് തന്റെ നാമത്തിലും ശക്തിയിലും പഠിപ്പിക്കുന്ന ഹയരാർക്കിവഴി മാത്രമല്ല, അല്മായർ വഴി കൂടിയാണ്. അതുകൊണ്ട് അവിടുന്ന് അവരെ സാക്ഷികളാക്കുകയും വിശ്വാസശക്തിയാലും വചനത്തിന്റെ കൃപയാലും സജ്ജരാക്കുകയും ചെയ്തു.(അപ്പ. 2:17-18; വെളിപാട് 19:10 ) അങ്ങനെ സുവിശേഷത്തിന്റെ ശക്തി കുടുംബത്തിലെയും സമൂഹത്തിലെയും അനുദിനജീവിതത്തിൽ പ്രകടമാകുന്നതിനാണത്. (തിരുസഭാ അഥവാ LG, നമ്പർ #35 കാണുക) *[6]
വിശ്വാസികളുടെ വിശ്വാസാവബോധവും പൊതുഅഭിപ്രായവും
വിശ്വാസികളുടെ വിശ്വാസാവബോധം എന്നത് വിശ്വാസികളുടെയിടയിലെ പൊതുഅഭിപ്രായം (Public Opinion ) എന്ന അർത്ഥത്തിൽ മനസിലാക്കരുത്. വിശ്വാസികളുടെ വിശ്വാസാവബോധം എന്നത് പരിശുദ്ധാത്മാവിന്റെ സഹായത്താൽ ലഭിക്കുന്നതാണ്. കേവലം മാനുഷികമായ ഒന്നല്ല അത്. വിശ്വാസികളുടെ പൊതുവായ അഭിപ്രായപ്രകടനങ്ങൾ പരിശുദ്ധാത്മാവിൽ നിന്നു വരുന്നതാകണമെന്ന് നിർബന്ധമില്ല. വിശ്വാസികളുടെ ഇത്തരം അഭിപ്രായങ്ങളും വീക്ഷണങ്ങളും ശരിയാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് സഭയുടെ ഔദ്യോഗിക പ്രബോധനാധികാരമാണ്. വിശുദ്ധജീവിതം നയിക്കുന്ന ചില വിശ്വാസികൾക്ക് ചില സ്വകാര്യവെളിപാടുകളും ദർശനങ്ങളും ഉണ്ടായേക്കാം.സഭയുടെ പ്രബോധനാധികാരമാണ് ഇതിലെ ശരിയും തെറ്റും വേർതിരിച്ചറിയേണ്ടത്. ക്രിസ്തുവിന്റെ അധികാരത്തോടെ പഠിപ്പിക്കാനാകുന്നത് മാർപ്പാപ്പയ്ക്കും മെത്രാന്മാരുടെ സംഘത്തിനുമാണ്. അവരുടെ അധികാരത്തെയാണ് സഭയുടെ ഔദ്യോഗിക പ്രബോധനാധികാരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
വിശ്വാസകാര്യങ്ങളിൽ വിശ്വാസികൾക്കൊന്നാകെ തെറ്റുപറ്റുക സാദ്ധ്യമല്ലെന്നതിന് മൂന്നു വ്യവസ്ഥകൾ പാലിക്കപ്പെടേണ്ടതുണ്ട്. ഒന്നാമതായി അത് സാർവ്വത്രികമായി എല്ലാ വിശ്വാസികളും അംഗീകരിക്കുന്നതായിരിക്കണം. രണ്ടാമതായി അത് ക്രിസ്‌തീയ വിശ്വാസത്തിന്റെയും വെളിപാടിന്റെയും ഭാഗമായിരിക്കണം. മൂന്നാമതായി അത് സഭയുടെ ഔദ്യോഗിക പ്രബോധനാധികാരം അംഗീകരിക്കുന്നതായിരിക്കണം. *[7]
ക്രിസ്തുവിന്റെ സ്വരത്തിനു വിരുദ്ധമായി സഭയ്ക്കകത്തു ആരുതന്നെ പഠിപ്പിച്ചാലും വിവേകപൂർവ്വം അതിനെ എതിർക്കാൻ കത്തോലിക്കാ വിശ്വാസികൾക്ക് അവകാശമുണ്ട്. തങ്ങളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന "പ്രകൃത്യാതീതമായ വിശ്വാസാവബോധത്തോട് (Senus Fidei) " സഹകരിക്കുന്നവർക്ക് വിശ്വാസവിരുദ്ധമായി പഠിപ്പിക്കുന്നവ തിരിച്ചറിയാൻ സാധിക്കും എന്ന് തന്നെയാണ് സഭയുടെ പ്രബോധനം.
വിശ്വാസികളുടെ വ്യക്തിപരമായ ജീവിതത്തിൽ വിശ്വാസാവബോധത്തിന്റെ [Senus Fidei] ആവിഷ്‌ക്കരണം
വിശ്വാസിയുടെ വ്യക്തിജീവിതത്തിലെ വിശ്വാസാവബോധത്തിന്റെ മൂന്ന് പ്രധാന ആവിഷ്ക്കരണങ്ങൾ കാണാം. (1)സഭയിൽ വിശ്വാസികൾ യഥാർത്ഥത്തിൽ അഭിമുഖീകരിക്കുന്ന ഒരു പ്രത്യേക പഠിപ്പിക്കലോ പരിശീലനമോ സഭയുടെ കൂട്ടായ്മയിൽ അവർ ജീവിക്കുന്ന യഥാർത്ഥ വിശ്വാസവുമായി യോജിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ വിശ്വാസാവബോധം പ്രാപ്തമാക്കുന്നു.(2)തങ്ങൾ ശ്രവിച്ച പ്രസംഗത്തിൽ നിന്ന് ആവശ്യകവും പ്രാധാന്യം കുറഞ്ഞവയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ വിശ്വാസികളെ സഹായിക്കുന്നു (3)വിശ്വാസികൾ ജീവിക്കുന്ന പ്രത്യേക ചരിത്ര-സാംസ്കാരിക പശ്ചാത്തലത്തിൽ, യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം നിർണ്ണയിക്കാനും പ്രായോഗികതലത്തിൽ പ്രതിഫലിപ്പിക്കാനും പ്രാപ്തമാക്കുന്നു. *[8]
പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്‌മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.(1 യോഹന്നാന്‍ 4 : 1).തങ്ങൾ ജീവിക്കുന്ന ആധികാരിക ക്രിസ്തീയ വിശ്വാസവും ഏതെങ്കിലും ഒരു പഠിപ്പിക്കലോ പരിശീലനമോ തമ്മിലുള്ള പൊരുത്തക്കേടോ വൈരുദ്ധ്യമോ എന്നിവ മനസ്സിലാക്കാൻ ഓരോ വിശ്വാസിയേയും വിശ്വാസാവബോധം (sensus fidei fidelis) സഹായിക്കുന്നു.ഒരു സംഗീത പ്രേമി താൻ ആസ്വദിക്കുന്ന സംഗീത കലാപ്രകടനത്തിൽ വരുന്ന തെറ്റായ കുറിപ്പുകളോട് (false music note) പ്രതികരിക്കുന്നതുപോലെ വിശ്വാസികൾ വിശ്വാസവിരുദ്ധ പ്രസംഗങ്ങളോടും പരിശീലനങ്ങളോടും പ്രതികരിക്കും.അത്തരം സന്ദർഭങ്ങളിൽ, വിശ്വാസികൾ ബന്ധപ്പെട്ട പഠിപ്പിക്കലുകളെയോ പ്രവർത്തനങ്ങളെയോ ആന്തരികമായി എതിർക്കുന്നു, അവ സ്വീകരിക്കുകയോ അവയിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ല. വിശ്വാസത്തിന്റെ സ്വഭാവത്തിന് ഒരു ശേഷിയുണ്ട്, അതിന് നന്ദി, വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങൾക്ക് അനുമതി നൽകുന്നതിൽ നിന്ന് വിശ്വാസിയെ തടയുന്നു.*[9]
നല്ലിടയനായ ക്രിസ്തുവിന്റെ സ്വരം സഭയുടെ അംഗീകൃതരായ അജപാലകരുടെ പ്രബോധനങ്ങളിൽ പോലും തിരിച്ചറിയുന്നില്ലെങ്കിൽ അത്തരം പ്രബോധനങ്ങളെ നിഷേധിക്കാൻ
താന്താങ്ങളുടെ വിശ്വാസാവബോധത്താൽ (sensus fidei) ഓരോ വിശ്വാസിക്കും മുന്നറിയിപ്പ് ലഭിക്കും.യോഹന്നാന്റെ സുവിശേഷത്തിൽ (10:4-5) ഈശോ ഇപ്രകാരം അരുളിച്ചെയ്തു :"അവന്റെ (നല്ലിടയന്റെ) സ്വരം തിരിച്ചറിയുന്നതുകൊണ്ട് ആടുകള്‍ അവനെ അനുഗമിക്കുന്നു.
അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാല്‍ അവ അവരില്‍നിന്ന് ഓടിയകലും".വി തോമസ് അക്വിനാസ് ഇപ്രകാരം പഠിപ്പിക്കുന്നു : "ദൈവശാസ്ത്രപരമായ പ്രാഗൽഭ്യം പോലുമില്ലാത്ത ഒരു വിശ്വാസിക്ക് വിശ്വാസാവബോധത്തിന്റെ പുണ്യത്താൽ (by virtue of the sensus fidei) തന്റെ മെത്രാൻ പഠിപ്പിക്കുന്ന മതവിശ്വാസവിരുദ്ധമായ (heterodoxy) പ്രഘോഷണത്തെ തീർച്ചയായും എതിർക്കാൻ കഴിയും".അത്തരമൊരു സാഹചര്യത്തിൽ, ഒരു വിശ്വാസി സത്യവിശ്വാസത്തിന്റെ ആത്യന്തിക മാനദണ്ഡമായി സ്വയം കണക്കാക്കുന്നില്ല.മറിച്ച്, തങ്ങൾ അഭിമുഖീകരിച്ച സഭയുടെ അംഗീകൃത അജപാലകന്റെ തെറ്റായ പ്രഘോഷണം വഴി ഉണ്ടായ ക്ലേശം എന്തുകൊണ്ടെന്ന് കൃത്യമായി വിശദീകരിക്കാനും അംഗീകരിക്കാനും കഴിയാതെ വരുന്ന സാഹചര്യത്തിൽ ആന്തരികമായി സാർവ്വത്രിക സഭയുടെ ഉന്നത അധികാരത്തോട് അപേക്ഷിക്കാവുന്നതാണ്.*[10]
ആധികാരിക കത്തോലിക്കാ വിശ്വാസത്തിന് അത്യന്താപേക്ഷിതമായ കാര്യങ്ങളും വിശ്വാസത്തിന്റെ കാതലിനു വിരുദ്ധമായ കാര്യങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ വിശ്വാസാവബോധം വിശ്വാസിയെ പ്രാപ്തനാക്കുന്നു. ഉദാഹരണത്തിന്, വിശ്വാസാവബോധത്തിന്റെ പുണ്യം മൂലം വ്യക്തിഗത വിശ്വാസികൾ ചില പ്രത്യേക രൂപത്തിലുള്ള മരിയൻ ഭക്തിയെ കന്യകാമറിയത്തിന്റെ ആധികാരിക ആരാധനാരീതിയോട് ചേർന്നുനിൽക്കുന്നില്ല എന്ന് നിർണയിക്കാൻ പ്രാപ്തരാകുന്നു. ക്രിസ്തീയ വിശ്വാസത്തെയും പക്ഷപാതപരമായ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെയും അനാവശ്യമായി സമന്വയിപ്പിക്കുന്ന പ്രസംഗത്തിൽ നിന്നും അവർ അകന്നുപോയേക്കാം. വിശ്വാസിയുടെ ആത്മാവ് ഈ വിധത്തിൽ വിശ്വാസത്തിന് അനിവാര്യമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, വിശ്വാസികളിലെ വിശ്വാസാവബോധം ഒരു ആധികാരിക ക്രിസ്തീയ സ്വാതന്ത്ര്യത്തിന് ഉറപ്പുനൽകുന്നു (കൊളോ. 2: 16-23), ഒപ്പം വിശ്വാസത്തിന്റെ ശുദ്ധീകരണത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.*[11]
വിശ്വാസിയുടെ വിശ്വാസാവബോധം, ഇതിനകം ജീവിച്ചിരുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, ഒരു വികാസമോ ക്രിസ്തീയ ആചാരത്തിന്റെ വിശദീകരണമോ പ്രതീക്ഷിക്കാൻ വിശ്വാസിയെ പ്രാപ്തനാക്കുന്നു.വിശ്വാസത്തിന്റെ ആചാരവും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഗ്രാഹ്യവും തമ്മിലുള്ള പരസ്പര ബന്ധം കാരണം, വിശ്വാസികളുടെ വിശ്വാസാവബോധം ഈ വിധത്തിൽ അചഞ്ചലമായ കത്തോലിക്കാ വിശ്വാസത്തിന്റെ വശങ്ങളുടെ ആവിർഭാവത്തിനും പ്രകാശത്തിനും കാരണമാകുന്നു.വ്യക്തിഗത വിശ്വാസിയുടെ വിശ്വാസബോധവും സഭയുടെ വിശ്വാസബോധവും തമ്മിലുള്ള പരസ്പര ബന്ധം കാരണം, അതായത് വിശ്വാസികളുടെ വിശ്വാസാവബോധം, അത്തരം വികാസങ്ങൾ ഒരിക്കലും പൂർണ്ണമായും സ്വകാര്യമല്ല, മറിച്ച് എല്ലായ്പ്പോഴും സഭാത്മകമാണ്.വിശ്വാസികൾ എല്ലായ്പ്പോഴും വിശ്വാസികൾ തമ്മിലും, പ്രബോധനാധികാരവുമായും ദൈവശാസ്ത്രജ്ഞരുമായും സഭയുടെ കൂട്ടായ്മയിൽ പരസ്പരബന്ധപെട്ടിരിക്കുന്നു. *[12]
സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും.
(യോഹന്നാന്‍ 16 : 13)
സമാധാനം നമ്മോടുകൂടെ !
References :
1. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സംക്ഷേപം ചോദ്യം #14
2. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം സംക്ഷേപം ചോദ്യം #15
3. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം,ഖണ്ഡിക # 91, 92, 93
4."വിശ്വാസം : ഉറവിടങ്ങളും വ്യാഖ്യാതാക്കളും പേജ് 92", ഡോ സെബാസ്റ്റ്യൻ ചാലയ്ക്കൽ
5."വിശ്വാസം : ഉറവിടങ്ങളും വ്യാഖ്യാതാക്കളും പേജ് 93", ഡോ സെബാസ്റ്റ്യൻ ചാലയ്ക്കൽ
6."വിശ്വാസം : ഉറവിടങ്ങളും വ്യാഖ്യാതാക്കളും പേജ് 93", ഡോ സെബാസ്റ്റ്യൻ ചാലയ്ക്കൽ
7."വിശ്വാസം : ഉറവിടങ്ങളും വ്യാഖ്യാതാക്കളും പേജ് 94", ഡോ സെബാസ്റ്റ്യൻ ചാലയ്ക്കൽ
8."വിശ്വാസാവബോധം സഭാജീവിതത്തിൽ, നമ്പർ 60"
9."വിശ്വാസാവബോധം സഭാജീവിതത്തിൽ, നമ്പർ 61, 62"
10."വിശ്വാസാവബോധം സഭാജീവിതത്തിൽ, നമ്പർ 63"
11."വിശ്വാസാവബോധം സഭാജീവിതത്തിൽ, നമ്പർ 64"
12."വിശ്വാസാവബോധം സഭാജീവിതത്തിൽ, നമ്പർ 65"
Note :"വിശ്വാസാവബോധം സഭാജീവിതത്തിൽ" വത്തിക്കാനിലെ വിശ്വാസസത്യതിരുസംഘത്തിന്റെ അനുമതിയോടെ "ഇന്റർനാഷണൽ തീയോളജിക്കൽ കമ്മീഷൻ" 2014 ൽ പുറപ്പെടുവിച്ചത്.