Home | Articles | 

jintochittilappilly.in
Posted On: 18/08/20 21:30
*അനുരഞ്ജനകൂദാശ - ചില പൗരസ്ത്യ കാനോനകൾ* CCEO *(അറിവിന്റെ വെട്ടം)*

 



കാനോന 722 :

*§1.* അനുരഞ്ജനകൂദാശയുടെ കാർമ്മികൻ വൈദികൻ മാത്രമാണ്.

*§2.* നിയമസാധുതയെ സംബന്ധിച്ച് ഒരു രൂപതാമെത്രാൻ പ്രത്യേക സാഹചര്യത്തിൽ വ്യക്തമായി എതിർക്കുന്നില്ലാത്തപക്ഷം എല്ലാ മെത്രാന്മാർക്കും ലോകത്തെവിടെയും അനുരഞ്ജനകൂദാശ പരികർമം ചെയ്യുന്നതിനു നിയമത്താൽത്തന്നെ സാധിക്കും.

*§3*. കൂടാതെ സാധുവായി പ്രവർത്തിക്കുന്നതിന് വൈദികർക്ക് അനുരഞ്ജനകൂദാശ പരികർമ്മം ചെയ്യുന്നതിനുള്ള അധികാരം മുൻകൂട്ടിയുണ്ടായിരിക്കണം.നിയമത്താൽത്തന്നെയോ, തക്ക അധികാരി നല്കുന്ന പ്രത്യേക അനുവാദത്താലോ ആണ് ഈ അധികാരം നല്കപ്പെടുന്നത്.

*§4.* അനുരഞ്ജനകൂദാശ പരികർമ്മം ചെയ്യുവാൻ തങ്ങളുടെ ഔദ്യോഗിക സ്ഥാനത്താലോ തങ്ങൾക്ക് സ്ഥിരവാസസ്ഥാനമുള്ളതോ തങ്ങൾ അംഗമായിരിക്കുന്നതോ ആയ രൂപതയിലെ സ്ഥലമേലദ്ധ്യക്ഷന്റെ അനുവാദംമൂലമോ അധികാരമുള്ള വൈദികർക്ക്, ഒരു പ്രത്യേകസാഹചര്യത്തിൽ സ്ഥല മേലദ്ധ്യക്ഷൻ വ്യക്തമായി നിഷേധിക്കാത്തപക്ഷം, എവിടെ വച്ചും ഏത് ക്രൈസ്തവവിശ്വാസിക്കുവേണ്ടിയും ഈ കൂദാശ സാധുവായി (validly) പരികർമ്മം ചെയ്യാവുന്നതാണ്. രൂപതാ മെത്രാൻ്റെ നിബന്ധനകൾ പാലിച്ചുകൊണ്ടും, ദൈവാലയത്തിലെ റെക്ടറുടെയോ സമർപ്പിതജീവിതസമൂഹത്തിന്റെ ഭവനമാണെങ്കിൽ സുപ്പീരിയറുടെയോ അനുമാനിത അനു വാദത്തോടുകൂടിയും അവർക്ക് ഈ അധികാരങ്ങൾ നിയമാനുസൃതം (licitly) ഉപയോഗിക്കാവുന്നതാണ്.

പുരോഹിതർ മാത്രമാണ് കുമ്പസാരമെന്ന കൂദാശയുടെ കാർമ്മികർ. പാപമോചനാധികാരം അവർക്കു മാത്രമാണ് സഭ കൊടുത്തിരിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു രൂപതാ മെത്രാൻ എതിർക്കുന്നില്ലെങ്കിൽ, മെത്രാന്മാർക്ക് ലോകത്തെല്ലായിടത്തും പാപമോചനാധികാരമുണ്ട്.

പുരോഹിതർക്ക് തങ്ങളുടെ മെത്രാനിൽനിന്നും പാപമോചനാധികാരം ലഭിച്ചിട്ടുണ്ടെങ്കിൽ എല്ലാ സ്ഥലത്തും - നിഷേധിക്കപ്പെടാത്തിടത്തോളം കാലം - ഈ അധികാരം ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ ഒരു ദൈവാലയത്തിലോ ചാപ്പലിലോ സമർപ്പിതജീവിതസമൂഹത്തിന്റെ ഭവനത്തിലോ കുമ്പസാരം കേൾക്കുന്ന വൈദികൻ, നിയമാനുസൃതം അവിടത്തെ മേലധികാരിയുടെ അനുവാദം വാങ്ങിയിരിക്കണം.

കാനോന 723 :

*§1*. സ്ഥലമേലദ്ധ്യക്ഷനു പുറമെ, ഇടവകവികാരിക്കും വികാരിയുടെ സ്ഥാനം വഹിക്കുന്ന ആർക്കും തൻ്റെ
ഓദ്യോഗിക സ്ഥാനംവഴിയായി തന്റെ അധികാരാതിർത്തിക്കുള്ളിൽ അനുരഞ്ജനകൂദാശ പരികർമ്മം ചെയ്യുവാനുള്ള അധികാരം ഉണ്ട്.

*§2*. പൊന്തിഫിക്കൽ അല്ലെങ്കിൽ പാത്രിയാർക്കൽ പദവിയിലുള്ള സമർപ്പിതജീവിതസമൂഹത്തിന്റെയോ സന്യസ്തരുടെ മാതൃകയിൽ സമൂഹജീവിതം നയിക്കുന്ന സംഘത്തിൻ്റെയോ ഓരോ മേലധികാരിക്കും - അദ്ദേഹം വൈദികനാണെങ്കിൽ - തന്റെ ഔദ്യോഗികസ്ഥാനംവഴിയായി, തന്റെ സമൂഹത്തിലെ അംഗങ്ങൾക്കും സന്യാസഭവനത്തിൽ സ്ഥിരമായി (day and night) താമസിക്കുന്നവർക്കും അനുരഞ്ജനകൂദാശ പരികർമ്മം ചെയ്തുകൊടുക്കുവാനുള്ള അധികാരമുണ്ട്.

തങ്ങളുടെ ഔദ്യോഗികസ്ഥാനത്തിൻ്റെ അടിസ്ഥാനത്തിൽ, തങ്ങളുടെ അധികാരസീമയ്ക്കുള്ളിൽ, സ്ഥലമേലദ്ധ്യക്ഷന്മാർക്കുപുറമെ ഇടവക വികാരിമാർക്കും അവരുടെ സ്ഥാനത്തുള്ളവർക്കും കുമ്പസാരിപ്പിക്കുന്നതിനുള്ള അധികാരമുണ്ട്. അതോടൊപ്പംതന്നെ, പൊന്തിഫിക്കലോ പാത്രിയാർക്കലോ ആയ സമർപ്പിതജീവിതസമൂഹങ്ങളുടെ മേലധികാരികൾക്ക് - അവർ വൈദികരാണെങ്കിൽ തങ്ങളുടെ സമൂഹാംഗങ്ങളുടെയും ഭവനത്തിൽ വസിക്കുന്നവരുടെയും പാപമോചനത്തിനുള്ള അധികാരമുണ്ട്.

കാനോന 724:

*§1*. ക്രൈസ്തവ വിശ്വാസികളിലാർക്കുവേണ്ടിയും അനുരഞ്ജനകൂദാശ പരികർമ്മം ചെയ്യുവാനുള്ള അധികാരം ഒരു പ്രത്യേക അനുവാദംവഴി ഏതൊരു വൈദികനും നല്കാൻ സ്ഥലമേലദ്ധ്യക്ഷൻ മാത്രമാണ് പ്രാപ്തനായിട്ടുള്ളത്.

*§2*. സമർപ്പിത ജീവിതസമൂഹത്തിലെ മേലധികാരിക്ക് ഭരണനിർവ്വഹണാധികാരം ഉണ്ടെങ്കിൽ ടിപ്പിക്കോണിലെയോ (typicon) നിയമാവലിയിലെയോ നിബന്ധനകൾക്കനുസൃതമായി *കാനോന 723 §2-ൽ* സൂചിപ്പിച്ചിരിക്കുന്ന അധികാരം ഏതൊരു വൈദികനും നല്കാവുന്നതാണ്.

രൂപതാതിർത്തിക്കുള്ളിൽ കുമ്പസാരമെന്ന കൂദാശ പരികർമ്മം ചെയ്യുവാൻ പ്രത്യേക അനുവാദം കൊടുക്കേണ്ടത് സ്ഥലമേലദ്ധ്യക്ഷനാണ്. രൂപതാ വൈദികർക്കും സന്യാസവൈദികർക്കും പ്രത്യേക അനുവാദം വഴി ഈ അധികാരം നല്കപ്പെട്ടാൽ കുമ്പസാരമെന്ന കൂദാശ എവിടെയും ഏതു ക്രൈസ്തവവിശ്വാസിക്കും പരികർമ്മം ചെയ്തുകൊടുക്കുവാൻ സാധിക്കും.

കാനോന 726 :

*§1*. അനുരഞ്ജനകൂദാശ പരികർമ്മം ചെയ്യുന്നതിനുള്ള അധികാരം ഗൗരവമായ ഒരു കാരണത്താലല്ലാതെ പിൻവലിക്കപ്പെടരുത്.

*§2*. അനുരഞ്ജനകൂദാശ പരികർമ്മം ചെയ്യുന്നതിനു നൽകിയ അധികാരം *കാനോന722 §4-ൽ* സൂചിപ്പിച്ചിരിക്കുന്ന മേലദ്ധ്യക്ഷനാൽ പിൻവലിക്കപ്പെടുകയാണെങ്കിൽ വൈദികന് ഈ അധികാരം എല്ലായിടത്തും നഷ്ടപ്പെടുന്നു. ഈ അധികാരം പിൻവലിക്കപ്പെടുന്നത് മറ്റൊരു തക്ക അധികാരിയാലാണെങ്കിൽ പിൻവലിച്ചയാളുടെ അധികാരസീമയിൽമാതം വൈദികന് ഈ അധികാരം നഷ്ടപ്പെടുന്നു.

*§3*.പിൻവലിക്കപ്പെടലിനു (revocation) പുറമെ, ഉദ്യോഗമോ രൂപതയിലെ അംഗത്വമോ സ്ഥിരവാസമോ നഷ്ടപ്പെടുന്നതുമൂലവും *കാനോന 722 §4-ൽ* സൂചിപ്പിച്ചിരിക്കുന്ന അനുരഞ്ജനകൂദാശ പരികർമ്മത്തിനുള്ള അധികാരം ഇല്ലാതാകുന്നു.

സാധാരണഗതിയിൽ കുമ്പസാരത്തിനുള്ള അനുവാദം പിൻവലിക്കാൻ പാടില്ല. എന്നാൽ തന്റെതന്നെ മെത്രാൻ അനുവാദം നിഷേധിക്കുന്നെങ്കിൽ, കുമ്പസാരിപ്പിക്കാനുള്ള അനുവാദം ഒരു വൈദികന് എല്ലായിടത്തും നഷ്ടപെടും
 
ഇതിനും പുറമെ സ്ഥാനത്തുനിന്നു പുറത്താക്കുന്നതുവഴിയും രൂപതയിലുള്ള അംഗത്വമോ സ്ഥിരവാസമോ നഷ്ടപ്പെടുന്നതുവഴിയും ഒരു വൈദികന് പാപമോചനാധികാരം നഷ്ടപ്പെടും.




Article URL:







Quick Links

*അനുരഞ്ജനകൂദാശ - ചില പൗരസ്ത്യ കാനോനകൾ* CCEO *(അറിവിന്റെ വെട്ടം)*

കാനോന 722 : *§1.* അനുരഞ്ജനകൂദാശയുടെ കാർമ്മികൻ വൈദികൻ മാത്രമാണ്. *§2.* നിയമസാധുതയെ സംബന്ധിച്ച് ഒരു രൂപതാമെത്രാൻ പ്രത്യേക സാഹചര്യത്തിൽ വ്യക്തമായി എതിർക്കുന്നില്ലാത്തപക്ഷം എല്ലാ മെത്രാന... Continue reading


പരമാധികാരവും റോമാമാർപാപ്പയും

Reference: പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനോനകൾ,  CCEO ആമുഖം: അപ്പസ്തോലന്മാരുടെ പിൻഗാമികളെന്ന നിലയിൽ മാർപാപ്പയ്ക്കും, മാർപാപ്പ തലവനായുള്ള മെത്രാൻ സംഘത്തിനും സഭയെ നയിക്കുന്നതിനും പഠിപ്പി... Continue reading


സാർവ്വത്രിക സൂനഹദോസുകളുടെ ഭാരതതുടർച്ച:ഉദയംപേരൂർ സൂനഹദോസ്

 1585 ൽ ഗോവ അതിരൂപതയുടെ സാമന്തരൂപയായി മാറിയ പുരാതന പൈതൃകം അവകാശപ്പെടുന്ന അങ്കമാലി രൂപതയിലെ ഉദയംപേരൂരിൽ 1599 ആണ്ടിൽ ജൂൺ 20 മുതൽ 26 വരെ നടന്ന ഒരു പ്രാദേശിക സൂനഹദോസാണ് ഉദയംപേരൂർ സൂനഹദോസ് എന്ന പേര... Continue reading


കുമ്പസാരക്കാരനെതിരെ പരാതിയുണ്ടായാൽ...? കുമ്പസാരക്കാരൻ മര്യാദകേടായി പെരുമാറിയാൽ എന്താണ് പരിഹാര മാർഗ്ഗം ?

കരുണാർദ്രതയോടെ പാപങ്ങൾ ക്ഷമിക്കുന്ന ഈശോയുടെ സ്ഥാനത്തിരുന്ന് കുമ്പസാരക്കാരൻ അനുരഞ്ജന കൂദാശ പരികർമ്മം ചെയ്യും എന്നാണ് സഭ പ്രതീക്ഷിക്കുന്നത്. അഥവാ ഏതെങ്കിലും തരത്തിൽ കുമ്പസാരക്കാരൻ അനുതാപികളോട് മര്യാദ... Continue reading


മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ

ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതിയ സിദ്ധാന്തം അവതരിപ്പിക്ക... Continue reading