ദൈവത്തിന് നേർക്കുള്ള നമ്മുടെ സ്നേഹം നിസ്വാർത്ഥമാണെങ്കിൽ മാത്രമേ സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹവും നിസ്വാർത്ഥമാകുകയുള്ളൂ... സ്നേഹത്തിലേക്ക് വളരാൻ ഒരുവൻ നിഷ്കളങ്കമായി പരിശ്രമിക്കുമ്പോൾ, ദൈവസ്നേഹവും പരസ്നേഹവും അവനിൽ പരസ്പരം ബന്ധിതമാകും. ദൈവത്തെ സ്വന്തം കാര്യസാധ്യത്തിനുവേണ്ടി മാത്രം സമീപിക്കുന്ന ഒരുവൻ മറ്റുള്ളവരോടും സ്വാർത്ഥപരമായി മാത്രമേ വർത്തിക്കുകയുള്ളൂ.. കാരണം ദൈവസ്നേഹത്തെയും പരസ്നേഹത്തെയും വിഭജിക്കാൻ സാധ്യമല്ല.. ക്രിസ്തുവിന്റെ സ്നേഹപ്രമാണത്തിന്റെ പ്രത്യേകതയാണത്.
ആദ്യം അവിടുന്നു നമ്മെസ്‌നേഹിച്ചു. അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു.
ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല.ക്രിസ്‌തുവില്‍നിന്ന് ഈ കല്‍പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്‌നേഹിക്കുന്നവന്‍ സഹോദരനെയും സ്‌നേഹിക്കണം. (1 യോഹന്നാന്‍ 4 : 19-21)
"പരസ്നേഹം - ദൈവത്തിലും ദൈവത്തോടൊപ്പവും, എനിക്കജ്ഞാതരും, ഇഷ്ട്ടമില്ലാത്തവരുമായവരെപോലും ഞാൻ സ്നേഹിക്കുന്നു എന്ന യാഥാർഥ്യത്തിലാണിതടങ്ങിയിരിക്കുന്നത്. ദൈവത്തോടുള്ള ദൃഢമായ ഒരു സമാഗമത്തിലൂടെ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.ഈ സമാഗമം എന്റെ വികാരങ്ങളെപ്പോലും സ്പർശിക്കുന്ന മനസിന്റെ ഐക്യമായിരിക്കണം. അപ്പോൾ ഞാൻ എന്റെ ബാഹ്യനേത്രങ്ങളിലൂടെയും വികാരങ്ങളിലൂടെയുമല്ലാതെ യേശുവിന്റെ വീക്ഷണത്തിലൂടെ അപരനെ കാണുവാൻ പഠിക്കുന്നു. അവിടുത്തെ സ്നേഹിതൻ എന്റെയും സ്നേഹിതനാകും.ബാഹ്യമായി കാണപ്പെടുന്നതിനപ്പുറം സ്നേഹത്തിന്റയും കരുതലിന്റെയും പെരുമാറ്റത്തിനുവേണ്ടിയുള്ള ആഗ്രഹം മറ്റുള്ളവരിൽ കാണുവാൻ എനിക്കപ്പോൾ കഴിയും. മറ്റുള്ളവരെ യേശുവിന്റെ നയനങ്ങളിലൂടെ കണ്ടുകൊണ്ടു അവരുടെ ബാഹ്യമായ ആവശ്യങ്ങളെക്കാൾ വളരെയേറെ അവർക്കു നൽകുവാൻ എനിക്ക് സാധിക്കും. അവർ കൊതിക്കുന്ന സ്നേഹത്തിന്റെ ഒരു നോട്ടം അവർക്കു നൽകുവാൻ എനിക്ക് കഴിയും. എന്റെ ജീവിതത്തിനു ദൈവത്തോട് യാതൊരു ബന്ധവുമില്ലെങ്കിൽ മറ്റുള്ളവരിൽ അസാധാരണമായി ഒന്നും കാണാൻ എനിക്കാവില്ല.അവരിൽ ദൈവത്തിന്റെ രൂപം ദർശിക്കാൻ അപ്പോൾ ഞാൻ അശക്തനായിരിക്കും. മുഴുവനായും "ദൈവഭക്തി"യിലും "മതപരമായ കർത്തവ്യങ്ങൾ" നിർവഹിച്ചുകൊണ്ടു ജീവിക്കുന്നതിനുള്ള ശ്രമത്തിൽ മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിനു ഞാൻ പരാജയപ്പെട്ടാൽ ദൈവത്തോടുള്ള എന്റെ ബന്ധവും ശുഷ്ക്കമായിത്തീരും. അത് "കണിശമായ" ഒരു ജീവിതമായിരിക്കാം,പക്ഷേ സ്നേഹശൂന്യമായിരിക്കും. വിശുദ്ധർ - ഉദാഹരണത്തിന് മദർ തെരേസ - ദിവ്യകാരുണ്യനാഥനോടുള്ള ബന്ധത്തിൽനിന്ന് പരസ്നേഹത്തിനുള്ള അവരുടെ കഴിവ് നിരന്തരം നവീകരിച്ചു. മറുവശത്ത് ഈ ദിവ്യകാരുണ്യദർശനത്തിലൂടെ അവരുടെ സ്നേഹശുശ്രൂഷയിൽ യാഥാർഥ്യബോധവും തീക്ഷണതയും അവർ ഉൾക്കൊണ്ടു . ഇപ്രകാരം ദൈവസ്നേഹവും പരസ്നേഹവും അവിഭാജ്യമായി നിലകൊള്ളുന്നു. അവ ഏകകല്പനയായി രൂപപ്പെടുന്നു. പക്ഷേ രണ്ടും സജീവമായിരിക്കുന്നത് നമ്മെ ആദ്യം സ്നേഹിച്ച ദൈവസ്നേഹത്തിൽ നിന്നാണ്. സ്നേഹം "ദൈവീകമാണ്" കാരണം അത് ദൈവത്തിൽ നിന്ന് വരുന്നു, ദൈവത്തോട് നമ്മെ ഐക്യപ്പെടുത്തുന്നു.ഈ ഐക്യപ്പെടുത്തുന്ന പ്രക്രിയയിലൂടെ അത് നമ്മെ "നമ്മൾ" ആക്കിത്തീർക്കുന്നു. അത് എല്ലാ വിഭാഗീയതകളും അതിജീവിച്ചു, ഒടുവിൽ "ദൈവം എല്ലാവർക്കും എല്ലാമായി" തീരുന്നതുവരെ (1 കൊറി 15:28 )നമ്മെ ഒന്നാക്കിത്തീർക്കുന്നു". (1)*
സമാധാനം നമ്മോടുകൂടെ !
*References:
1.[ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എഴുതിയ ചാക്രിക ലേഖനം "ദൈവം സ്നേഹമാകുന്നു" ;നമ്പർ, 18]