(3 min read)
നിങ്ങള്‍ നന്നായി മുന്നേറിക്കൊണ്ടിരുന്നു. സത്യത്തെ അനുസരിക്കുന്നതില്‍നിന്നു നിങ്ങളെ തടഞ്ഞത് ആരാണ്?  [ഗലാത്തിയാ 5 : 7]
ക്രിസ്തുവിന്റെ സദ്വാർത്ത അറിയിക്കുവാൻ "വിളിക്കപ്പെട്ട ആൾ ആദ്യമായി യേശുക്രിസ്തുവിനെക്കുറിച്ചുള്ള ഔന്നത്യം (surpassing worth) തേടാൻ ശ്രമിക്കണം; ക്രിസ്തുവിനെ നേടുന്നതിനും അവനിൽ കാണപ്പെടുന്നതിനു വേണ്ടി "സർവ്വ നഷ്ടങ്ങളും  അയാൾ സഹിക്കണം.. "ക്രിസ്തുവിനെയും അവിടുത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയുകയും അവിടുത്തെ  സഹനങ്ങളിൽ പങ്കുചേരുകയും മരണത്തിൽ അവിടുത്തോട് സാദൃശ്യനാവുകയും വേണം. ഇങ്ങനെയാണ് മരിച്ചവരുടെയിടയിൽ നിന്നുള്ള ഉത്ഥാനത്തിന്  അയാൾ എത്തിച്ചേരുക"..... ക്രിസ്തുവിനെ  പറ്റിയുള്ളള സ്നേഹനിർഭരമായ ഈ ജ്ഞാനമാണ് അവിടുത്തെ പ്രഘോഷിക്കുവാനും,  "സദ്വാർത്ത അറിയിക്കുവാനും",  യേശുക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപനത്തിലേക്ക് മറ്റുള്ളവരെ നയിക്കുവാനുമുള്ള ആഗ്രഹം നമ്മിൽ ജനിപ്പിക്കുന്നത്. എന്നാൽ അതേസമയം ഈ വിശ്വാസത്തെക്കുറിച്ച് നിരന്തരം കൂടുതൽ അറിയുക എന്ന ആവശ്യം സ്പഷ്ടമാണ്.[കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക #428,  429]
എന്റെ കര്‍ത്താവായ യേശുക്രിസ്‌തുവിനെപ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടംപോലെ കരുതുകയുമാണ്. [ഫിലിപ്പി 3 : 8]
ഓരോ പ്രേഷിതനും സത്യത്തോട് ബഹുമാനം ഉണ്ടായിരിക്കണം.  കാരണം, അയാൾ പഠിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതും ദൈവം വെളിപ്പെടുത്തിയിട്ടുള്ള സത്യമാണ്.   മറ്റേതു സത്യത്തേക്കാളും അത് ഉന്നതമാണ്.  അത് പരമസത്യമായ ദൈവത്തെ തന്നെ സംബന്ധിക്കുന്നതത്രേ.  ആകയാൽ, സുവിശേഷപ്രസംഗകൻ എന്തെല്ലാം ത്യാഗങ്ങളും ക്ലേശങ്ങളും അനുഭവിക്കേണ്ടിവന്നാലും, ദൈവികസത്യം മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നതിൽ വിമുഖത കാണിക്കുവാൻ പാടില്ല. കേൾവിക്കാരെ പ്രീതിപ്പെടുത്തുന്നതിനോ, ഭയപ്പെടുത്തുന്നതിനോ, അത്ഭുതപ്പെടുത്തുന്നതിനോ, അല്ലെങ്കിൽ പ്രസംഗകന്റെ വാഗ്മിത്വമോ തന്മയത്വമോ വ്യക്തിവൈഭവമോ പ്രകടിപ്പിക്കുന്നതിനോ ഉദ്ദേശിച്ചുകൊണ്ട് സത്യത്തെ ഗോപനം ചെയ്യുകയോ  വികലമാക്കുകയോ അരുത്.  ഒരു യഥാർത്ഥ സുവിശേഷ പ്രസംഗകൻ സത്യത്തെ ഒരിക്കലും നിഷേധിക്കുകയില്ല; യഥാർത്ഥ സത്യത്തെ അന്വേഷിച്ച് കണ്ടെത്തുന്നതിൽ അലസതയോ സ്വന്തം കാര്യങ്ങളെക്കുറിച്ചുള്ള വ്യഗ്രതയോ ഭയമോ തടസ്സമാകാൻ അയാൾ സമ്മതിക്കുന്നതുമല്ല.  അതിനുവേണ്ടിയുള്ള പഠനം അനുസ്യൂതം തുടർന്നു കൊണ്ടിരിക്കും.  ഉദാരമായ മനസ്ഥിതിയോടു കൂടി സത്യത്തെ സേവിക്കുക എന്നതായിരിക്കും അയാളുടെ വ്രതം; മറിച്ച്, സത്യം അയാളെ സേവിക്കുക എന്നതായിരിക്കുകയില്ല.[വി പോൾ ആറാമൻ മാർപാപ്പ, ഇവാൻജെലീ നുൺഷ്യാന്തി, നമ്പർ 78, ഡിസംബർ  1975]
  "ഡയലോഗ്  ആൻഡ് പ്രൊക്ലമേഷൻ , നമ്പർ  66" ; വത്തിക്കാനിൽ നിന്നുമുള്ള പ്രമാണരേഖ സുവിശേഷ പ്രഘോഷണത്തിന്റെ  അടിയന്തര സ്വഭാവത്തെക്കുറിച്ചു [അതിന്റെ കടമ നിർവഹിക്കൽ] ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു : പോൾ ആറാമൻ മാർപാപ്പ ഇവാൻജെലീ  നുൺഷിയാന്തി  എന്ന ആഹ്വാനത്തിൽ  ഇപ്രകാരം പറഞ്ഞു : "സുവിശേഷ സന്ദേശത്തെ അവതരിപ്പിക്കുകയെന്നത് സഭയുടെ ഒരു ഐശ്ചിക കാര്യമല്ല.അത്, കർത്താവായ യേശുവിന്റെ കല്പനപ്രകാരം അവളുടെ കടമയാണ്.മനുഷ്യർ വിശ്വസിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നതിനാണത്. ഈ സന്ദേശം യഥാർത്ഥത്തിൽ അത്യാവശ്യമുള്ള ഒന്നാണ്. അത് അതുല്യമാണ്. അതിന് ഒന്നും പകരം വയ്ക്കാനാവില്ല. അത് നിസ്സംഗതയോ സിൻക്രേറ്റിസമോ ഒത്തു തീർപ്പോ അനുവദിക്കുന്നില്ല. എന്തെന്നാൽ , അത് മനുഷ്യവംശത്തിന്റെ  രക്ഷയെ സംബന്ധിച്ചുള്ളതാണ്. ഈ അടിയന്തര സ്വഭാവം പൗലോസ് ശ്ലീഹ സൂചിപ്പിച്ചിട്ടുണ്ട്".
[Note : സിൻക്രേറ്റിസം = സർവമതങ്ങളിലെയും വിശിഷ്ട്ടംശങ്ങൾ ചേർത്ത് ഒരു മതതത്ത്വസംഹിത നിർമിക്കൽ] 
വിശ്വാസസത്യങ്ങളെ  സംബന്ധിച്ച മൗലീക കാഴ്ചപ്പാട് [ The fundamental importance of doctrine] : രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഉത്‌ഘാടനവേളയിൽ ജോൺ 23 മാർപ്പാപ്പ മുന്നോട്ടുവെച്ച ഒരാശയം മുൻ നിറുത്തി എക്യൂമെനിസത്തെക്കുറിച്ചുള്ള ഡീക്രിയിൽ വിശ്വാസസത്യങ്ങൾ രൂപപ്പെട്ടുവരുന്ന വിധങ്ങളെ വിശദീകരിച്ചു പറയുന്നുണ്ട് :വിശ്വാസസത്യങ്ങൾ ദീർഘനാളെത്തെ നിരന്തരമായ വളർച്ചയിലൂടെയാണ് രൂപപ്പെടുന്നത്. ഇത് വിശ്വാസസത്യങ്ങളുടെ മാറ്റിമറിക്കലല്ല . അംഗീകരിക്കപ്പെട്ട പദപ്രയോഗശൈലി ഒഴിവാക്കി ഡോഗ്മകളുടെ അർത്ഥം വെട്ടിത്തിരുത്തലല്ല. കാലത്തിന്റെ താളത്തിനൊത്ത് സത്യങ്ങളെ അവതരിപ്പിക്കലല്ല. വിശ്വാസത്തിലെ ചില കാര്യങ്ങൾ  ഇന്നാർക്കും മനസിലാകാത്തതാണ് എന്ന തെറ്റായ നിഗമനം വെച്ച് അവ റദ്ദാക്കലുമല്ല. ദൈവഹിതമനുസരിച്ചുള്ള ഐക്യമുണ്ടാകുന്നത് ആവിഷ്കൃതസത്യങ്ങളുടെ ആകെത്തുകയെ എല്ലാവരും അംഗീകരിക്കുന്നതോടുകൂടിയാണ് . വിശ്വാസത്തിന്റെ കാര്യത്തിൽ ഒരു ഒഴുക്കൻ ഒത്തുതീർപ്പല്ല ആവശ്യം. അത്തരം ഒത്തുതീർപ്പ് സത്യംതന്നെയായ ദൈവത്തിന് വിരുദ്ധമാണ് . "വഴിയും സത്യവും ജീവനുമാകുന്ന ' (യോഹന്നാൻ 14:6) യേശുക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിൽ സത്യത്തെ ബലികഴിച്ചുക്കൊണ്ടുള്ള ഒരനുരഞ്ജനം ന്യായമാണെന്ന് ആർക്കുപറയാൻ സാധിക്കും ? കൗൺസലിന്റെ "മാനവമഹത്വം "( Dignatatis Humanae) എന്ന പ്രഖ്യാപനത്തിൽ സത്യത്തോടുള്ള ആദരവും അത് മുറുകെപ്പിടിക്കുന്ന സ്വഭാവവും മനുഷ്യമഹത്വത്തിന്റെ ഭാഗമായിട്ടാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്." പ്രത്യേകിച്ച്,  ദൈവത്തെയും സഭയെയും കുറിച്ചുള്ള കാര്യങ്ങളിൽ സത്യത്തെ ബലികഴിച്ചുക്കൊണ്ടായാലും ശരി നമുക്കെല്ലാം ഒന്നിച്ചു നിൽക്കാം എന്ന നിലപാട് അസ്തിത്വ കൂട്ടായ്മയാകുന്ന ദൈവത്തിനും മാനവഹൃദയത്തിന്റെ അടിത്തട്ടിലെ സത്യദാഹത്തിനും വിരുദ്ധമാവുകയില്ലേ ?   [St Pope John Paul II ;Ut Unum Sint, number 18]
"എക്യൂമെനിസത്തിലേക്കുള്ള (സമ്പൂർണ്ണ  ഐക്യത്തിലേക്കുള്ള) പാത സത്യത്തിന്റെ  വഴിയിലൂടെ മാത്രമുള്ളതാകണം". - വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ["എക്ലേസിയ ദെ യൂക്കരിസ്തിയ" നമ്പർ 44 ]
സത്യത്തിനുവേണ്ടിയല്ലാതെ സത്യത്തിനെതിരായി ഒന്നുംചെയ്യുക ഞങ്ങള്‍ക്കു സാധ്യമല്ല. (2 കോറിന്തോസ് 13 : 8)
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ  അടുക്കലേക്കു വരുന്നില്ല.(യോഹന്നാന്‍ 14 : 6)
ജീവിക്കുന്ന ദൈവത്തിന്റെ സഭ - സത്യത്തിന്റെ തൂണും കോട്ടതുമായ ദൈവഭവനം (1 തിമോത്തേയോസ് 3 : 15)
സമാധാനം നമ്മോടുകൂടെ !