"ഏകവും വിശുദ്ധവുമായ കത്തോലിക്കാസഭയിലും" എന്ന സത്യത്തെ പറ്റി അവശേഷിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാം... സഭ കത്തോലിക്കാസഭ എന്ന് വിളിക്കപ്പെടുന്നു.കാരണം ഭൂമിയുടെ ഒരറ്റം മുതൽ മറ്റേഅറ്റം വരെ, ലോകം മുഴുവൻ അത് വ്യാപിച്ചിരിക്കുന്നു;ദൃശ്യവും അദൃശ്യവും,സ്വർഗീയവും ഭൗമീകവുമായ കാര്യങ്ങളെ കുറിച്ച് മനുഷ്യർ അറിയേണ്ട തത്ത്വങ്ങളെല്ലാം പൂർണമായും സമഗ്രമായും അത് പഠിപ്പിക്കുന്നു... .. ഈ വിശുദ്ധ കത്തോലിക്കാസഭയെ പറ്റിയാണ് പൗലോസ് അപ്പസ്തോലൻ തിമോത്തിയോസിന് എഴുതിയത്: " ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിനറെ തൂണും കോട്ടയുമായ ദൈവഭവനത്തിൽ നീ പെരുമാറേണ്ടത് എങ്ങനെയെന്ന് അറിയാനാണിത്" (1 തിമോത്തി 3:15).. നിങ്ങളുടെ സുരക്ഷിതത്വത്തിനായി വിശ്വാസം ഈ വിശുദ്ധ സത്യം നിങ്ങൾക്ക് കൈമാറിത്തന്നിരിക്കുന്നു : "ഏകവും വിശുദ്ധവുമായ കത്തോലിക്കാസഭയിൽ" ,പാഷണ്ഡികളുടെ മ്ലേച്ഛയോഗങ്ങളെ ബഹിഷ്കരിക്കാനും നിങ്ങൾ ജനിച്ച കത്തോലിക്കാസഭയിൽ എപ്പോഴും ഉറച്ചുനിൽക്കാനും പഠിപ്പിക്കാനാണിത്..നിങ്ങൾ ഏതെങ്കിലും നഗരത്തിലൂടെ സഞ്ചരിക്കാൻ ഇടയായാൽ ,വെറുതെ കർത്താവിന്റെ ഭവനം എവിടെ എന്ന് ചോദിക്കരുത്. കാരണം, അഭക്തവിഭാഗങ്ങളും തങ്ങളുടെ പ്രേതാലയങ്ങളെ കർത്താവിന്റെ ഭവനങ്ങൾ എന്ന് വിളിക്കാൻ ധൈര്യപ്പെടുന്നു.അഥവാ സഭ എവിടെ എന്ന് വെറുതെ ചോദിക്കരുത്. പിന്നെയോ, കത്തോലിക്കാ സഭ എവിടെയാണ് എന്നാണ് ചോദിക്കേണ്ടത്.എന്തുകൊണ്ടെന്നാൽ ഇതാണ് ഈ വിശുദ്ധ സഭയുടെ സവിശേഷമായ പേര്.....ഈ വിശുദ്ധ കത്തോലിക്കാസഭയിൽ പ്രബോധനം സ്വീകരിച്ചു,ശരിയായി ജീവിച്ചാൽ നമുക്ക് സ്വർഗ്ഗരാജ്യം ലഭിക്കും;നാം നിത്യജീവൻ അവകാശമാക്കുകയും ചെയ്യും.ഇത് കർത്താവിൽ നിന്നും ലഭിക്കാനാണ് നാം എല്ലാ കാര്യങ്ങളും സഹിക്കുന്നത്. കാരണം, നൈമിഷിക സംഗതിയല്ല,നിത്യജീവനാണ് നാം കാംക്ഷിക്കുന്നത്".[നാലാം നൂറ്റാണ്ടിലെ പൗരസ്ത്യ ആദിമസഭപിതാവായ ജറുസലേമിലെ വി സിറിൽ . അദ്ദേഹത്തിനറെ മതബോധന പ്രസംഗങ്ങളിൽ നിന്ന് എടുത്തത്]
"എന്തെന്നാൽ രക്ഷയ്ക്കു വേണ്ടിയുള്ള സാർവത്രിക സഹായമായ ക്രിസ്തുവിന്റെ കത്തോലിക്ക സഭയിലൂടെ മാത്രമാണ്,രക്ഷയ്ക്കുള്ള ഉപാധികളുടെ പൂർണത ലഭ്യമാകുന്നത്. പത്രോസ് തലവനായിട്ടുള്ള അപ്പസ്തോലന്മാരുടെ സംഘത്തിന് മാത്രമാണ് കർത്താവ് പുതിയ ഉടമ്പടിയുടെ എല്ലാ അനുഗ്രഹങ്ങളും ഏല്പിച്ചിരിക്കുന്നതെന്നു നാം വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ ഏക ശരീരം ഭൂമിയിൽ കെട്ടിപ്പടുക്കുവാനും ഏതെങ്കിലും തരത്തിൽ ദൈവജനത്തിന്റെ ഭാഗമായിട്ടുള്ളവരെയെ ല്ലാം അതിനോട് പൂർണമായി ഉൾച്ചേർക്കപ്പെടാനും വേണ്ടിയാണ് ഇത്." (രണ്ടാം വത്തിക്കാൻ പ്രമാണരേഖ "സഭൈക്യം", നമ്പർ 3).
സി സി സി 819 ൽ ഇപ്രകാരം പറയുന്നു " വിശുദ്ധീകരണത്തിന്റെയും സത്യത്തിന്റെയും പല ഘടകങ്ങളും കത്തോലിക്കാസഭയുടെ ദൃശ്യമായ അതിരുകൾക്കപ്പുറം കാണപ്പെടുന്നുണ്ട് : ലിഖിതമായ ദൈവവചനം; കൃപാവരത്തിന്റെ ജീവിതം പരിശുദ്ധാത്മാവിന്റെ മറ്റ് ആന്തരീക ദാനങ്ങളോടും അതുപോലെ തന്നെ ദൃശ്യങ്ങളായ ഘടകങ്ങളോടും കൂടെയുള്ള വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവ". തുടർന്ന് അവ പ്രകൃത്യാ "കാതോലികമായ ഐക്യത്തിലേക്കു" വിളിക്കുന്നു.