Home | Articles | 

jintochittilappilly.in
Posted On: 13/10/20 03:42
കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

 

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രതിസന്ധി (crisis of faith) സൃഷ്ടിക്കുമ്പോൾ സത്യവിശ്വാസത്തിന്റെ (orthodoxy of catholic faith) നേതൃസ്വരമെന്നാണ് EWTN പോലുള്ള കത്തോലിക്കാ മാധ്യമങ്ങൾ അത്തനേഷ്യസ് പിതാവിനെക്കുറിച്ചു പറയുന്നത്. [കാണുക - https://www.ncregister.com/daily-news/how-bishop-athanasius-schneider-became-a-leading-voice-for-catholic-truth]


സഭയുടെ മാറ്റമില്ലാത്തതായ പ്രബോധനങ്ങളോട് (constant teaching) നൂറുശതമാനം വിശ്വസ്തതപുലർത്താൻ വിശ്വാസികളെ സഹായിക്കുന്ന രീതിയിലുള്ള ശുശ്രൂഷയാണ് പിതാവ് നിർവഹിക്കുക.. മെത്രാന്റെ മൂന്ന് ദൗത്യങ്ങളിൽ - വിശുദ്ധികരണം, പ്രബോധനം, ഭരണം - പ്രബോധനപരമായ വിഷയത്തിൽ സാർവ്വത്രിക സഭയുടെ വിശ്വാസസംരക്ഷണത്തിൽ പങ്കുചേരാൻ മെത്രാന്മാർക്ക് കടമയുണ്ട് [കാണുക ; രണ്ടാം വത്തിക്കാൻ കൗൺസിൽ, തിരുസഭാ നമ്പർ 23 "] എന്നാൽ, ഈയിടെയായി കേരളത്തിലെ ചില കത്തോലിക്കാ സഹോദരങ്ങൾ അത്തനേഷ്യസ് പിതാവിനെ സത്യവിശ്വാസത്തിന് വിരുദ്ധമായി (പാഷാണ്ഡത) പഠിപ്പിക്കുന്ന മെത്രാനെന്നു ആരോപിക്കുകയുണ്ടായി. മറ്റു ചിലർ 'ശീഷ്മ' ക്കാരൻ (schismatic) എന്നു വരെ ആരോപിക്കുന്നു.. ഇക്കൂട്ടരിൽ ചിലർ ചോദിച്ച ചോദ്യത്തിന് സത്യസന്ധമായി മറുപടി പറയുക എന്ന കടമ മാത്രമേ ഈ ലേഖനം വഴി ഞാൻ ശ്രമിക്കുക. അവരോടുള്ള വ്യക്തിപരമായ ബഹുമാനം നിലനിർത്തി കൊണ്ടും സ്നേഹത്തോടെ അവരുടെ ചോദ്യങ്ങൾക്കെല്ലാം സത്യസന്ധമായി സമയമെടുത്ത് ഉത്തരം നൽകിയിരിക്കുന്നു അത്തനേഷ്യസ് പിതാവ്. ഇക്കൂട്ടരുടെ അവശ്യപ്രകാരം, ചോദ്യോത്തരങ്ങൾ അടങ്ങിയ ഈ ലേഖനം കേരള കത്തോലിക്കാ സഭയിലെ വിശ്വാസികൾക്ക്‌ പരസ്യമായി സമർപ്പിക്കുന്നു.


രണ്ടാം വത്തിക്കാൻ കൗൺസിൽ വിഷയത്തിൽ ചില മലയാളി കത്തോലിക്കർ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയുമായി ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ:


ചോദ്യം 1. രണ്ടാം വത്തിക്കാൻ സൂനഹദോസ് പ്രമാണരേഖകൾ സാധുവായതിനാൽ (valid), അതിലെ ചില പ്രസ്താവകളിൽ തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും? വിശിഷ്യാ, ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?രണ്ടാം വത്തിക്കാൻ സൂനഹദോസിനു മുമ്പുള്ള സാർവ്വത്രിക സൂനഹദോസുകളുടെ ചരിത്രം വിലയിരുത്തുകയാണെങ്കിൽ, അവയിലെ പ്രമാണരേഖകളിൽ ഏതെങ്കിലും തെറ്റുകൾ സംഭവിച്ചീട്ടുണ്ടോ? പിന്നീട്, മറ്റൊരു സൂനഹദോസിനോ മാർപാപ്പയ്ക്കോ അത്തരം തെറ്റുകൾ തിരുത്താൻ സാധിക്കുമോ?


ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ : "ഡോഗ്മാറ്റിക് കോൺസ്റ്റിട്യൂഷൻ" ("Dogmatic Constitution”) എന്ന വാക്കിനർത്ഥം അതിൽ തന്നെ അത് അപ്രമാദിത്വമുള്ള പ്രബോധനങ്ങളോടുകൂടിയ ഒരു രേഖയാണെന്നോ അല്ലെങ്കിൽ ഏതെങ്കിലും കാര്യങ്ങളെ കൃത്യമായി നിർവചിക്കുന്ന രേഖ ആണെന്നോ അല്ല. ഏതെങ്കിലും സാർവ്വത്രിക സൂനഹദോസോ (ecumenical councils) മാർപാപ്പയോ "ഒരു പ്രത്യേക കാര്യം എല്ലാ വിശ്വാസികളും നിർബന്ധമായും അനുസരിക്കേണ്ടതാണ് " എന്നോ "ഈ പ്രബോധനം സ്വീകരിക്കാത്തവൻ ശപിക്കപ്പെട്ടവനാകുന്നു" ( “Anathema sit” ) എന്നോ എടുത്തുപറഞ്ഞുകൊണ്ടു നൽകിയിട്ടുള്ള പ്രബോധനങ്ങൾ മാത്രമേ അപ്രമാദിത്വത്തിൻ്റെ പരിധിയിൽ വരുന്നുള്ളൂ (1).


അപൂർവമായിട്ടാണെങ്കിലും സാർവ്വത്രിക സൂനഹദോസുകൾക്ക് സൈദ്ധാന്തികതലത്തിൽ തെറ്റു സംഭവിച്ചിട്ടുണ്ട് (doctrinal errors) , അവ അതിനുശേഷം സഭയുടെ പ്രബോധനാധികാരം തിരുത്തിയിട്ടുമുണ്ട്. ഉദാഹരണം പതിനഞ്ചാം നൂറ്റാണ്ടിലെ ഫ്ലോറൻസ് സാർവ്വത്രിക സൂനഹദോസിലാണ്. ഫ്ലോറൻസ് സാർവ്വത്രിക സൂനഹദോസിൻ്റെ അർമേനിയക്കാർക്കു വേണ്ടിയുള്ള ഡിക്രിയുടെ കാര്യമെടുക്കാം. ഇതു വിശ്വാസപരമായ കാര്യങ്ങളിൽ ആധികാരികവും കൃത്യവുമായ വിധിതീർപ്പു നൽകുന്ന ഒരു രേഖയായിരുന്നില്ല (2). ഈ രേഖയിൽ വസ്തുതാപരമായ ഒരു തെറ്റു (objective doctrinal error) സംഭവിച്ചിരുന്നു.തിരുപ്പട്ടമെന്ന കൂദാശയുടെ കാര്യത്തിൽ കാസയും പീലാസയും കൈയേൽപ്പിക്കുക എന്നതാണു കൂദാശയുടെ സാധുതയ്ക്ക് ആവശ്യമായ ഘടകം എന്നു കൗൺസിൽ പറഞ്ഞിരുന്നു. എന്നാൽ പാശ്ചാത്യ സഭയുടെയും പൗരസ്ത്യ സഭയുടെയും സുദീർഘവും സർവ്വസമ്മതവുമായ പാരമ്പര്യമനുസരിച്ചു കാസയും പീലാസയും വിശുദ്ധഗ്രന്ഥവും കൈയേൽപ്പിക്കുന്നതല്ല, മറിച്ച് കാർമ്മികൻ അർത്ഥിയുടെ തലയിൽ കൈവയ്ക്കുന്നതാണു (imposition of the hands) ഡീക്കൻമാരുടെയും വൈദികരുടെയും മെത്രാന്മാരുടെയും അഭിഷേകകർമ്മത്തിൻ്റെ സാധുതയ്ക്കുള്ള (matter) അവശ്യഘടകം. പരമ്പരാഗതമായി ശുശ്രൂഷയ്ക്കാവശ്യമായ കാസയും പീലാസയും കൈമാറുന്ന രീതി (traditio instrumentorum) അഭിഷേകകർമ്മത്തിൻ്റെ സാധുതയ്ക്കുള്ള അവശ്യഘടകമായി പ്രഖ്യാപിക്കുക എന്നതു ഫ്ലോറൻസ് കൗൺസിലിൻ്റെ ഉദ്ദേശമായിരുന്നില്ല. ഇതു പിൽക്കാലത്തു പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പാ പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ അബദ്ധങ്ങളിലേക്കും ആശയക്കുഴപ്പങ്ങളിലേക്കും നയിക്കാത്ത രീതിയിൽ തങ്ങളുടെ ഉദ്ദേശം വ്യക്തമാക്കുന്ന എന്തെങ്കിലും വിശദീകരണക്കുറിപ്പുകൾ ചേർക്കുന്നതിനു ഫ്ലോറൻസ് കൗൺസിൽ പിതാക്കന്മാർ വിട്ടുപോയി. കൂദാശകളുടെ സത്തയും സാധുതയും സംബന്ധിക്കുന്ന ഇത്ര ഗൗരവമേറിയ ഒരു വിഷയത്തിൽ ഏതൊരു കൗൺസിലും കൃത്യമായും വ്യക്തതയോടെയും അഭിപ്രായം പറയേണ്ടതായിരുന്നു. സത്യത്തിൽ, കൗൺസിൽ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞിട്ടുണ്ട്. "ആറാമത് വരുന്നത് തിരുപ്പട്ടമാണ്. ആ കൂദാശയുടെ ഏറ്റവും അവശ്യഘടകം (matter) ഏതൊന്നിൻ്റെ കൈമാറ്റം കൊണ്ടാണോ ആ പദവി നൽകപ്പെടുന്നത് ആ വസ്തുക്കൾ തന്നെയാണ്. അതിനാൽ വീഞ്ഞോടുകൂടിയ കാസയും അപ്പത്തോടു കൂടിയ പീലാസയും നൽകിക്കൊണ്ടാണ് പൗരോഹിത്യ അഭിഷേകം നൽകപ്പെടുന്നത്. അതുപോലെതന്നെ സുവിശേഷഗ്രന്ഥം നൽകിക്കൊണ്ടാണ് ഡീക്കൻ പട്ടം നൽകപ്പെടുന്നത്". അതിൻ്റെ പിറകിലുള്ള ഉദ്ദേശങ്ങൾ കണക്കിലെടുക്കാതെ ഈ പ്രസ്താവന തനിയെ പരിഗണിക്കുകയാണെങ്കിൽ അത് അബദ്ധമാണ്.


അതിൻ്റെ ഫലമായി, പിൽക്കാലത്തു പല കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരും തങ്ങളുടെ ദൈവശാസ്ത്രഗ്രന്ഥങ്ങളിൽ തിരുപ്പട്ടത്തിൻ്റെ സാധുതയ്ക്കു കാസയും പീലാസയും കൈയേൽപ്പിക്കുന്നത് അവശ്യഘടകമാണെന്ന് സൂചിപ്പിക്കുകയുണ്ടായി. പരിശുദ്ധസിംഹാസനം പോലും Pontificale Romanum ൻ്റെ എഡിഷനുകളിൽ ഈ കാര്യം ആവർത്തിച്ചിട്ടുണ്ട്. "ഏതെങ്കിലും കാരണവശാൽ തിരുപ്പട്ടകൂദാശയുടെ സമയത്തു കാസയും പീലാസയും കൊടുക്കുക എന്ന കർമ്മം നടന്നിട്ടില്ലെങ്കിൽ കൂദാശയുടെ സാധുതയ്ക്കുവേണ്ടി അതു വീണ്ടും കൊടുക്കേണ്ടതാണ് " എന്നു പരിശുദ്ധസിംഹാസനം പ്രസ്താവിച്ചിരുന്നു. ഡീക്കൻ, വൈദിക, മെത്രാൻ പട്ടങ്ങളുടെ സാധുതയ്ക്കുവേണ്ട ഒരേയൊരു അവശ്യഘടകം കാർമികൻ്റെ കൈവയ്പ്പാണെന്നു പ്രസ്താവിച്ചുകൊണ്ട് 1947 ൽ പിയൂസ് പന്ത്രണ്ടാമൻ പാപ്പാ ഫ്ലോറൻസ് കൗൺസിലിൻ്റെ ഈ വസ്തുതാപരമായ ദൈവശാസ്ത്ര അബദ്ധം (ഇത് വിശുദ്ധ തോമസ് അക്വിനാസിൻ്റെയും തെറ്റായിരുന്നു) ഔദ്യോഗികമായി തന്നെ തിരുത്തി.


പിയൂസ് പന്ത്രണ്ടാമൻ്റെ പ്രബോധനപരമായ ഇടപെടലിനുശേഷം (പരിശുദ്ധസിംഹാസനം) Pontificale Romanum ൻ്റെ ചില എഡിഷനുകളിലും വിശ്വാസസത്യങ്ങളും സഭാപ്രബോധനങ്ങളും വിശദീകരിക്കുന്ന രേഖകളിലും മാന്വലുകളിലും തീർച്ചയായും തിരുത്തലുകൾ നടത്തേണ്ടിവന്നിട്ടുണ്ട്. നേരത്തെ, 1914ൽ തന്നെ കർദിനാൾ വാൻ റോസ്സം (W.M. van Rossum) ഫ്ലോറൻസ് കൗൺസിലിൻ്റെ പ്രബോധനത്തെ സൂചിപ്പിച്ചുകൊണ്ട് അതു തിരുത്തപ്പെടാവുന്നതാണെന്നും വേണ്ടിവന്നാൽ പൂർണ്ണമായും നിരാകരിക്കേണ്ടതാണെന്നും എഴുതിയിരുന്നു (cf. De essentia sacramenti ordinis, Freiburg 1914, p. 186). അതുകൊണ്ട് ഇത്തരത്തിലുള്ള സ്പഷ്ടമായ സന്ദർഭങ്ങളിൽ തുടർച്ചയുടെ വ്യാഖ്യാനശാസ്ത്രത്തിന്റെ (hermeneutic of continuity)സാധ്യത ഇല്ല.


1414 -1418 കാലഘട്ടത്തിൽ നടന്ന കോൺസ്റ്റൻസ് സാർവ്വത്രിക സൂനഹദോസിൻ്റെ എല്ലാ ഡിക്രികളും മാർട്ടിൻ അഞ്ചാമൻ പാപ്പാ അംഗീകരിച്ചിരുന്നു. അതിൽ ഒരു ഡിക്രിയിൽ - "ഒരു കൗൺസിൽ മാർപാപ്പയേക്കാൾ ഉയർന്ന സ്ഥാനം വഹിക്കുന്നു" എന്ന തെറ്റായ പ്രബോധനവും ( അതായത് conciliarism എന്ന അബദ്ധപഠനം) ഉൾക്കൊണ്ടിരുന്നു. എന്നാൽ 1446 ൽ യൂജിൻ നാലാമൻ മാർപാപ്പാ അപ്പസ്തോലിക സിംഹാസനത്തിൻ്റെ അധികാരാവകാശങ്ങൾക്കും പ്രഥമസ്ഥാനത്തിനും കടകവിരുദ്ധമായി നിൽക്കുന്ന പ്രസ്താവനകൾ ഒഴികെ (sessions 3 - 5 and 39 -absque tamen praeiudicio iuris, dignitatis et praeeminentiae Sedis Apostolicae) കോൺസ്റ്റൻസ് കൗൺസിലിൻ്റെ മറ്റെല്ലാ തീരുമാനങ്ങളും അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. പ്രത്യേകം എടുത്തുപറഞ്ഞില്ലെങ്കിൽകൂടി 1870 ലെ ഒന്നാം വത്തിക്കാൻ സാർവ്വത്രിക സൂനഹദോസിൽ മാർപാപ്പയുടെ പരമാധികാരസ്ഥാനം സംബന്ധിച്ചുള്ള വിശ്വാസസത്യത്തിലൂടെ കോൺസ്റ്റൻസിലെ സാർവ്വത്രിക സൂനഹദോസ് അംഗീകരിച്ച 'കോൺസിലിയറിസം' 'conciliarism' എന്ന അബദ്ധപഠനം തള്ളിക്കളഞ്ഞു.


നേരത്തെ സൂചിപ്പിച്ചതുപോലെ, തിരുപ്പട്ടത്തെ സംബന്ധിച്ച ഫ്ലോറൻസ് സാർവ്വത്രിക കൗൺസിലിൻ്റെ തെറ്റായ പ്രബോധനം പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ തിരുത്തിയിരുന്നു. മുൻകാല കൗൺസിലുകളിലെ അപ്രമാദിത്വസ്വഭാവമില്ലാത്ത പ്രബോധനരേഖകളുടെ തെറ്റായ പഠനങ്ങൾ തിരുത്തിയ ആ അപൂർവ നടപടികൾ കൊണ്ട് വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിന് കുലുക്കമൊന്നും തട്ടിയിട്ടില്ല. കാരണം, ഫ്ലോറൻസിലെയും കോൺസ്റ്റൻസിലെയും കൗൺസിലുകളുടെ പ്രഖ്യാപനങ്ങൾ അപ്രമാദിത്വസ്വഭാവമില്ലാത്തവയായിരുന്നു. അവ ഏതെങ്കിലും സഭാപ്രബോധനത്തെ നിയതമായ രീതിയിൽ നിർവ്വചിക്കാൻ വേണ്ടിയും ആയിരുന്നില്ല.


ഇനിയും ചില എക്യൂമെനിക്കൽ കൗൺസിലുകളുടെ ഏതാനും പ്രഖ്യാപനങ്ങൾ ശ്രദ്ധിക്കാം. അവയ്‌ക്കൊന്നിനും വിശ്വാസപരമായ കാര്യങ്ങളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. മറിച്ച് അവയെല്ലാം അജപാലനവുമായോ (pastoral) സഭയിലെ അച്ചടക്കവുമായോ (discipline) ബന്ധപ്പെട്ടവയായിരുന്നു. അവയിലെ തെറ്റായ പ്രബോധനങ്ങൾ പിൽക്കാലത്തു സ്വയം കാലഹരണപ്പെടുകയോ അല്ലെങ്കിൽ അതാതുകാലത്തെ മാർപാപ്പമാരാൽ പ്രായോഗികതലത്തിൽ തിരുത്തപ്പെടുകയോ ചെയ്തിരുന്നു. ഉദാഹരണത്തിന് 870 ലെ കോൺസ്റ്റാൻറിനോപ്പിൾ എക്യൂമെനിക്കൽ കൗൺസിൽ കോൺസ്റ്റാൻറിനോപ്പിളിലെ പാത്രിയർക്കീസ് ആയ ഫോറ്റിയോസിനെ വളരെ പരുഷമായ വാക്കുകളാൽ കുറ്റം വിധിച്ചിരുന്നു. പ്രസ്തുത കൗൺസിലിൻ്റെ നാലാം കാനോനയിൽ "അദ്ദേഹം ക്രിസ്തുവിൻ്റെ വേഷം ധരിച്ച അപകടകാരിയായ ചെന്നായ ആണെന്നും അദ്ദേഹം ലോകം മുഴുവനെയും ഒരായിരം എതിർപ്പുകൾ കൊണ്ടും കലാപങ്ങൾ കൊണ്ടും നിറച്ചുവെന്നും അദ്ദേഹം ഒരിക്കലും ഒരു മെത്രാൻ ആയിരുന്നില്ലെന്നും അദ്ദേഹം കൂദാശ ചെയ്ത ദൈവാലയങ്ങളും അൾത്താരകളും വീണ്ടും ഒരിക്കൽ കൂടി കൂദാശ ചെയ്യണം" എന്നും എഴുതിയിരുന്നു. എന്നിരുന്നാലും, ബൈസന്റീൻ ഓർത്തഡോക്സ് സഭ 'കോൺസ്റ്റാൻറിനോപ്പിളിലെ മഹാനായ എക്യൂമെനിക്കൽ പാത്രിയർക്കിസ് ആയ വിശുദ്ധ ഫോറ്റിയോസ്' എന്നു് വിളിച്ചുകൊണ്ട് അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിൻ്റെ തിരുനാൾ ഫെബ്രുവരി 6 ന് ആചരിക്കുകയും ചെയ്തിരുന്നു. ഭാവിയിൽ ബൈസന്റീൻ ഗ്രീക്ക് ഓർത്തഡോക്സ് സഭയും പരിശുദ്ധ സിംഹാസനവും തമ്മിൽ ഐക്യം ഉണ്ടാകുമ്പോൾ തീർച്ചയായും കോൺസ്റ്റാൻറിനോപ്പിൾ കൗൺസിലിൻ്റെ കാനോന 4 തിരുത്തപ്പെടുമല്ലോ.


1179 ലെ മൂന്നാം ലാറ്ററൻ എക്യൂമെനിക്കൽ കൗൺസിൽ അതിൻ്റെ കാനോന 26 ൽ പ്രസ്താവിച്ചത് "യഹൂദന്മാരോ, മുസ്ലിങ്ങളോ തങ്ങളുടെ ഭവനങ്ങളിൽ വേലക്കാരായി ക്രിസ്ത്യാനികളെ നിർത്താൻ പാടില്ല" എന്നായിരുന്നു. അങ്ങനെ ഏതെങ്കിലും യഹൂദൻ്റെയോ മുസ്ലിമിൻ്റെയോ ഭവനത്തിൽ ജോലിചെയ്യാൻ ധൈര്യപ്പെടുന്ന ക്രിസ്ത്യാനികളെ സഭയിൽ നിന്നു പുറത്താക്കണം എന്നും കൗൺസിൽ കൽപിച്ചിരുന്നു. ഇന്നത്തെ കത്തോലിക്കാ സഭയ്ക്ക് ആ എക്യൂമെനിക്കൽ കൗൺസിലിൻ്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കാൻകഴിയുമോ?


1215 ലെ നാലാം ലാറ്ററൻ എക്യൂമെനിക്കൽ കൗൺസിലിൻ്റെ ഒരു കോൺസ്റ്റിട്യൂഷന്റെ (Constitution 4) പേരുതന്നെ "ലത്തീൻകാർക്കെതിരെ ഗ്രീക്കുകാരുടെ അഹങ്കാരം"(De superbia Graecorum contra Latinos) എന്നായിരുന്നു! അത്തരമൊരു പ്രസ്താവന നമ്മിൽ നിന്നു വേർപെട്ടുപോയ സഹോദരന്മാർക്ക് അവഹേളനമാണ്. അതേ കൗൺസിലിൻ്റെ കോൺസ്റ്റിട്യൂഷൻ 26 ൻ്റെ തലക്കെട്ട് 'യഹൂദന്മാർ ക്രിസ്ത്യാനികളിൽ നിന്നു തങ്ങളുടെ വസ്ത്രധാരണം കൊണ്ട് തിരിച്ചറിയപ്പെടണം/ വ്യത്യസ്തരായിരിക്കണം' എന്നായിരുന്നു. കോൺസ്റ്റിട്യൂഷൻ 27 ൽ പറയുന്നത് യഹൂദന്മാർ രാജ്യത്ത് ഒരു ഔദ്യോഗികസ്ഥാനവും വഹിക്കാൻ പാടില്ല എന്നായിരുന്നു.1415 ലെ കോൺസ്റ്റൻസ് എക്യൂമെനിക്കൽ കൗൺസിൽ, അതിൻ്റെ പതിമൂന്നാമത്തെ സെഷനിൽ എടുത്ത തീരുമാനമനുസരിച്ച് ഇരുസാദൃശ്യങ്ങളിലും പരിശുദ്ധകുർബാന കൊടുക്കുന്ന വൈദികരെ സഭാഭ്രഷ്ടരാക്കിയിരുന്നു(മഹറോൻ ശിക്ഷ).


സഭയുടെ പ്രബോധനാധികാരം (സാർവ്വത്രിക കൗൺസിലുകൾ, മാർപാപ്പ.. ) നടത്തുന്ന എല്ലാ പ്രഖ്യാപനങ്ങളും എല്ലായ്‌പ്പോഴും അതിൽത്തന്നെ അപ്രമാദിത്വം ഉള്ളവയല്ല. ഈ പ്രഖ്യാപനങ്ങൾ എല്ലാം അപ്രമാദിത്വമുള്ളവയാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അവർ കത്തോലിക്കാ വിശ്വാസത്തെ നിഷേധിക്കുകയാണു ചെയ്യുന്നത്. സഭയുടെ പ്രബോധനാധികാരം (അതായതു സാർവ്വത്രിക കൗൺസിലും മാർപാപ്പയും ) ദൈവമല്ല. എല്ലായ്‌പ്പോഴും അപ്രമാദിത്വം ഉള്ളതു ദൈവത്തിനുമാത്രമാണ്. ("സഭയുടെ പ്രബോധനാധികാരം ദൈവവചനത്തിന് ഉപരിയല്ല. പ്രത്യുത, അതിനെ സേവിക്കുവാനുള്ളതാണ്.ഏല്പിക്കപ്പെട്ടിരിക്കുന്നതല്ലാതെ മറ്റൊന്നും സഭ പഠിപ്പിക്കുന്നില്ല". രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ, "ദൈവാവിഷ്കരണം, നമ്പർ 10)


ഒന്നാം വത്തിക്കാൻ കൗൺസിലിൻ്റെ ആധികാരികപ്രബോധനം പാസ്റ്റർ അറ്റർനെസ് (Pastor aeternus, chap 4) നമ്മെ പഠിപ്പിക്കുന്നത് വളരെ കൃത്യമായ വ്യവസ്ഥകളോടു കൂടിയേ സഭയുടെ പ്രബോധനാധികാരത്തിന് അപ്രമാദിത്വം ഉള്ളൂ എന്നാണ്. ആ വ്യവസ്ഥകൾ ഇവയാണ്: (1) പ്രബോധനാധികാരത്തിൻ്റെ പ്രഖ്യാപനം വിശ്വാസത്തെയും സാന്മാർഗികതയേയും ( ധാർമികതയെയും) സംബന്ധിക്കുന്നതായിരിക്കണം (2) അതു തലമുറ തലമുറയായി ഒരേ അർത്ഥത്തിലും ഒരേ ബോധ്യത്തിലും ദൈവിക വെളിപാട് വഴി പകർന്നുകിട്ടിയ വിശ്വാസനിക്ഷേപത്തിൻ്റെ ആവർത്തനമോ പ്രകടനമോ ആയിരിക്കണം (3) അതൊരിക്കലും ഒരു പുതിയ വിശ്വാസതത്വം ആകാൻ പാടില്ല. കാരണം മാർപ്പാപ്പയും കൗൺസിലുകളും അടക്കമുള്ള പ്രബോധനാധികാരത്തിന് നിലവിലുള്ളതിനു പുറമെയുള്ള ഏതെങ്കിലും വിശ്വാസതത്വം പ്രഖ്യാപിക്കാൻ വേണ്ടിയല്ല പരിശുദ്ധാത്മാവു നൽകപ്പെട്ടിട്ടുള്ളത് (4) സുവ്യക്തമായ ഈ പ്രബോധനം സാർവ്വത്രിക സഭയ്ക്കു മുഴുവനും ബാധകമായിരിക്കണം (5) മാർപാപ്പയോ കൗൺസിലുകളോ (സൂനഹദോസുകളോ) ഇപ്രകാരം ചെയ്യുമ്പോൾ തങ്ങൾ അതുവരെ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു കാര്യം നിർവചിക്കുക മാത്രമേ ഇപ്പോൾ ചെയ്യുന്നുള്ളൂ; അതായത് നിലവിൽ സഭ പഠിപ്പിക്കുന്ന ഒരു കാര്യം വിശ്വാസസത്യമാണെന്ന് പ്രഖ്യാപിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നു സൂചിപ്പിച്ചിരിക്കണം.


മേല്പറഞ്ഞവയിൽ ഏതെങ്കിലും ഒരു വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ ഒരു മാർപാപ്പായുടെയോ കൗൺസിലിൻ്റെയോ പ്രഖ്യാപനങ്ങൾക്ക് അപ്രമാദിത്വം അവകാശപ്പെടാൻ കഴിയില്ല. തൽഫലമായി അവയിൽ അബദ്ധങ്ങൾ കടന്നുകൂടാം. സഭാചരിത്രത്തിൽ അപൂർവമായിട്ടാണെങ്കിലും അതു ചിലപ്പോഴൊക്കെ സംഭവിച്ചിട്ടുണ്ട്. നേരത്തെ പരാമർശിച്ച എക്യൂമെനിക്കൽ കൗൺസിലുകൾ, ഏഴാം നൂറ്റാണ്ടിലെ പോപ്പ് ഹൊണോറിയസ് ഒന്നാമൻ, പതിനാലാം നൂറ്റാണ്ടിലെ പോപ്പ് ജോൺ ഇരുപത്തിരണ്ടാമൻ എന്നിവ കൂടാതെ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചില പ്രഖ്യാപനങ്ങളും (Lumen Gentium 16, അക്രൈസ്തവമതങ്ങളെക്കുറിച്ചുള്ള Nostra Aetate , മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള Dignitatis Humanae - ഈ പ്രമാണരേഖകളിലെ ചില പ്രസ്താവനകൾ ഉദാഹരണമായെടുക്കാവുന്നതാണ് ).


1966 ജനുവരി 12 ൻ്റെ ജനറൽ ഓഡിയൻസിൽ പോൾ ആറാമൻ മാർപാപ്പ പറയുക തന്നെ ചെയ്തു; "സഭയുടെ പ്രബോധനാധികാരത്തിൻ്റെ അപ്രമാദിത്വം പ്രയോഗിച്ചുകൊണ്ടു വിശ്വാസപരമായ (സൈദ്ധാന്തിക) കാര്യങ്ങളിൽ ഗൗരവമായ നിർവ്വചനങ്ങൾ നൽകുന്നത് രണ്ടാം വത്തിക്കാൻ കൗൺസിൽ വേണ്ടെന്നുവെച്ചു" . അതുകൊണ്ട് ഒരുവിധത്തിലുള്ള സംശയങ്ങൾക്കും അവ്യക്തതകൾക്കും ഇടനൽകാത്തവിധം എല്ലാക്കാലങ്ങളിലെയും സഭയുടെ പ്രബോധനാധികാരത്തിന്റെ മാറ്റമില്ലാത്ത പ്രബോധനങ്ങളുമായി ഒത്തുചേർന്നുപോകുന്ന തരത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പ്രഖ്യാപനങ്ങൾ ഭാവിയിൽ തിരുത്തപ്പെടാൻ കഴിയും എന്നതിനോ തിരുത്തപ്പെടേണ്ടതാണ് എന്നതിലോ ഒരു പ്രശ്നവുമില്ല.


ബിഷപ്പ് അത്തനേഷ്യസ് ഷനൈഡറുടെ മുകളിലെ ഉത്തരത്തോടൊപ്പം ചേർത്ത് വായിക്കുക :


"രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങൾ സഭയുടെ പൈതൃകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്" എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള വി. പോൾ ആറാമൻ മാർപാപ്പയുടെ പ്രസംഗത്തിൽ (General audience, Wednesday, January 12, 1966) കൗൺസിൽ പ്രമാണരേഖകളുടെ സ്വഭാവത്തെക്കുറിച്ചും വിശ്വാസികൾ അവയെ എങ്ങനെ സമീപിക്കണമെന്നും ഉദ്ബോധിപ്പിക്കുന്നു : "സഭയുടെ പ്രബോധനാധികാരത്തിൻ്റെ അപ്രമാദിത്വം പ്രയോഗിച്ചുകൊണ്ടു വിശ്വാസപരമായ ( സൈദ്ധാന്തിക) കാര്യങ്ങളിൽ ഗൗരവമായ നിർവ്വചനങ്ങൾ നൽകുന്നത് രണ്ടാം വത്തിക്കാൻ കൗൺസിൽ വേണ്ടെന്നുവച്ചതിൻ്റെ വെളിച്ചത്തിൽ (it has avoided giving solemn dogmatic definitions, committing the infallibility of the ecclesiastical magisterium), ഏതുരീതിയിലുള്ള അധികാരം, അല്ലെങ്കിൽ ദൈവശാസ്ത്ര വിശദീകരണം ആണു കൗൺസിൽ തങ്ങളുടെ പ്രബോധനങ്ങൾക്കു നൽകാനാഗ്രഹിക്കുന്നത് എന്നു ചോദിക്കുന്നവരുണ്ട്.1964 മാർച്ച് 6 ന് പ്രഖ്യാപിച്ചതും അതേ വർഷം നവംബർ 16 ന് ആവർത്തിച്ചതുമായ കൗൺസിൽ പ്രഖ്യാപനം ഓർമ്മിക്കുന്നവർക്ക് ഇതിൻ്റെ ഉത്തരം അറിയാം. ഈ കൗൺസിൽ അജപാലന ദൗത്യത്തിന് (pastoral character) ഊന്നൽ നൽകുന്ന ഒരു കൗൺസിൽ ആയതിനാൽ അപ്രമാദിത്വസ്വഭാവത്തോടുകൂടെ അസാധാരണമായ തരത്തിൽ വിശ്വാസപരമായ കാര്യങ്ങൾ പ്രഖ്യാപിക്കുന്നതിൽ നിന്നു വിട്ടുനിൽക്കുകയാണ് ചെയ്തത് (it avoided pronouncing in an extraordinary way dogmas endowed with the note of infallibility).എന്നിരുന്നാലും, കൗൺസിലിൻ്റെ പ്രബോധനങ്ങൾക്ക് സഭയുടെ പരമോന്നത സാധാരണ പ്രബോധനാധികാരം (Supreme Ordinary Magisterium) ബാധകമാണ്.സുവ്യക്തമായ തരത്തിൽ ആധികാരികമായ ഈ സാധാരണ പ്രബോധനാധികാരം (Ordinary Magisterium) ഓരോ കൗൺസിൽ രേഖയുടെയും സ്വഭാവത്തെയും ലക്ഷ്യത്തെയും കുറിച്ച് എന്താണോ കൗൺസിൽ ഉദ്ദേശിക്കുന്നത് അതു മനസിലാക്കിക്കൊണ്ട് ആത്മാർത്ഥതയോടെയും വിധേയത്വത്തോടെയും എല്ലാ വിശ്വാസികളും സ്വീകരിക്കേണ്ടതാണ് (must be accepted docilely and sincerely by all the faithful)".


ചോദ്യം 2. ഇനി, രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകളിൽ എന്തെങ്കിലും അബദ്ധങ്ങൾ ദൃശ്യമാകുമ്പോൾ, ചിലർ പറയും ഏതെങ്കിലും ഒരു പ്രത്യേക പ്രസ്താവനയിൽ മാത്രം ചില തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന്. മറ്റു ചിലർ പറയും രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ മറ്റു ചില പ്രസ്താവനകളിലും തെറ്റുകൾ ഉണ്ടെന്ന്. വേറെ ചിലർ പറയും മുൻകാലങ്ങളിലെ എക്യൂമെനിക്കൽ കൗൺസിലുകളിലെ രേഖകളിലും തെറ്റുകളുണ്ടെന്ന്. ഈ സാഹചര്യത്തിൽ, ഒരു കൗൺസിൽ രേഖയിൽ തെറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്നതിൻ്റെ അടിസ്ഥാനം എന്തായിരിക്കണം?


ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ : ചില കൗൺസിലുകളുടെയും മാർപ്പാപ്പാമാരുടെയും അപ്രമാദിത്വസ്വഭാവമില്ലാത്ത ചില പ്രഖ്യാപനങ്ങളിൽ തെറ്റുകൾ ഉണ്ടെന്നു പറയാൻ കാരണം അവ രണ്ടു സഹസ്രാബ്ദത്തിലെ മാറ്റമില്ലാത്ത സഭാപ്രബോധനത്തിന് എതിരായിരുന്നതു കൊണ്ടാണ്. ഒരു രേഖയിൽ തെറ്റ് ഉണ്ടോ എന്നു പരിശോധിക്കാനുള്ള മാനദണ്ഡം സഭയുടെ അചഞ്ചലവും മാറ്റമില്ലാത്തതുമായ പാരമ്പര്യമാണ് (sacred tradition). ചോദ്യംചെയ്യപ്പെടുന്ന പരാമർശങ്ങൾ അതിൽത്തന്നെ സുവ്യക്തവും ആശയക്കുഴപ്പം ഉണ്ടാക്കാത്തതും ആയിരിക്കണം. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പരാമർശനവിധേയമായ ചില പ്രസ്‌താവനകളെപ്പോലെ ഒരു വ്യാഖ്യാനത്തിൻ്റെയോ വ്യാഖ്യാനശാസ്ത്രത്തിൻ്റെയോ ആവശ്യം അവയെ സംബന്ധിച്ചിടത്തോളം ഉണ്ടാകാനും പാടില്ല.


ചോദ്യം 3. കൗൺസിൽ രേഖകളിൽ ചില അബദ്ധപ്രസ്താവനകളുണ്ട്. എന്നാൽ ഒരു എക്യൂമെനിക്കൽ കൗൺസിലുകളുടെയും ഒരു രേഖകളിലും (e.g.:ലുമെൻ ജെൻസിയം 16) തെറ്റുകൾ ഇല്ല എന്ന് വിശ്വസിക്കുന്നവരുമുണ്ട്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒരേ ദൈവത്തെത്തന്നെയാണ് ആരാധിക്കുന്നതെന്ന ആശയം (Lumen Gentium, LG #16) അവർ കാർക്കശ്യത്തോടെ പിന്തുടരുന്നു. വിശ്വാസവും രക്ഷയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണല്ലോ. അപ്പോൾ അവരുടെ രക്ഷയുടെ കാര്യമോ?


ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ : രണ്ടാം വത്തിക്കാൻ കൗൺസിൽ Lumen Gentium n. 16 ൽ പറയുന്നതുപോലെ മുസ്ലിങ്ങൾ നമ്മോടൊപ്പം ഒരേ ദൈവത്തെയാണ് ആരാധിക്കുന്നത് (“nobiscum Deum adorant”) എങ്കിൽ അതു ദൈവശാസ്ത്രപരമായി വളരെയധികം അവ്യക്തമായ (ആശയക്കുഴപ്പമുണ്ടാക്കുന്ന) ഒരു പ്രസ്താവനയാണ്. കത്തോലിക്കർ മുസ്ലിങ്ങളോടൊപ്പം ഒരേ ദൈവത്തെയാണ് ആരാധിക്കുന്നത് എന്നതു സത്യമല്ല. നമ്മുടെ ആരാധനയിൽ ഏകദൈവത്തെ ആരാധിക്കുക എന്ന് പറയുന്നതു, നാം ബോധപൂർവം "പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധത്രിത്വത്തെയാണ്" എല്ലായ്‌പ്പോഴും ആരാധിക്കുന്നത്. അല്ലാതെ, കേവലം "ഒരു ദൈവത്തെ" അല്ല നാം ആരാധിക്കുന്നത്. (we don’t simply adore “the one God” but the Holy Trinity) ഇസ്ലാം പരിശുദ്ധ ത്രിത്വത്തെ നിഷേധിക്കുന്നു. മുസ്ലിങ്ങൾ ആരാധിക്കുമ്പോൾ അവർ അതു ചെയ്യുന്നത് അതിസ്വാഭാവിക വിശ്വാസത്തിൻ്റെ തലത്തിലല്ല. ക്രൈസ്തവ ആരാധന എന്നതു മൗലികമായി അവരുടേതിൽ നിന്നും ഏറെ വ്യത്യസ്തമാണ്. അതു വ്യത്യസ്തമായേ തീരൂ. ഇതു കൃത്യമായി എന്തുകൊണ്ടാണെന്നു ചോദിച്ചാൽ, നമ്മൾ ദൈവത്തിലേക്ക് തിരിയുകയും അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നതു ദൈവികമായ പുത്രസ്വീകാര്യത്തിൻ്റെ അവർണ്ണനീയമായ മഹത്വത്തിൽ ദൈവത്തിൻ്റെ മക്കൾ എന്ന നിലയിലാണ്. നാം ഇതു ചെയ്യുന്നത് അതിസ്വാഭാവികമായ വിശ്വാസത്താലാണ്. എന്നാൽ മുസ്ലിങ്ങൾക്ക് അതിസ്വാഭാവികമായ വിശ്വാസം ഇല്ല. അവർക്കു ദൈവത്തെക്കുറിച്ചു സ്വാഭാവികമായ ഒരു അറിവ് ഉണ്ട്. ഖുറാൻ ദൈവികവെളിപാടല്ല. അത് ഒരുതരത്തിൽ പറഞ്ഞാൽ ഒരു എതിർ ദൈവിക വെളിപാടാണ്( anti-revelation of God). എന്തുകൊണ്ടെന്നാൽ ഖുറാൻ മനുഷ്യാവതാരത്തെയും പുത്രനായ ദൈവത്തിൻ്റെ നിത്യമായ ദൈവികസ്വഭാവത്തെയും (ദൈവികതയെയും) ക്രിസ്തുവിൻ്റെ കുരിശിലെ രക്ഷാകര ബലിയെയും സംബന്ധിക്കുന്ന ദൈവിക വെളിപാടിനെ വ്യക്തമായും നിഷേധിക്കുന്നു. അതിനാൽ അവർ പരിശുദ്ധ ത്രിത്വത്തെ, ദൈവത്തിൻ്റെ സത്യത്തെ നിഷേധിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഈ അവ്യക്തപ്രസ്താവന തിരുത്തപ്പെടേണ്ടതാണ്. ഈ പ്രസ്താവന അപ്രമാദിത്വസ്വഭാവമുള്ളതല്ല. അങ്ങനെ ആയിരിക്കണമെന്നു കൗൺസിൽ ഉദ്ദേശിച്ചിട്ടുമില്ല.


നമുക്ക് ഒരു തരത്തിൽ (Lumen Gentium) ലുമെൻ ജെൻസിയം 16 ൻ്റെ പ്രബോധനങ്ങൾ സ്വീകരിക്കാൻ കഴിയും. പക്ഷെ അപ്പോൾ നമ്മൾ സുദീർഘമായ വിശദീകരണങ്ങൾ നൽകേണ്ടിവരും. തീർച്ചയായും ഒരു മനുഷ്യൻ സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുമ്പോൾ - സാധാരണ മുസ്ലിങ്ങളുടെ ഭൂരിഭാഗവും അങ്ങനെ ചെയ്യുന്നവരാണ് എന്നു ഞാൻ കരുതുന്നു- അവർ സ്രഷ്ടാവായ ദൈവത്തെക്കുറിച്ചുള്ള സ്വാഭാവികമായ അറിവിൻ്റെ അടിസ്ഥാനത്തിൽ സ്വാഭാവികമായ ആരാധനാകർമ്മങ്ങളിലൂടെയാണ് അതു ചെയ്യുന്നത്. ഓരോ അക്രൈസ്തവനും ( മുസ്ലിങ്ങളുൾപ്പെടെ) മാമോദീസ സ്വീകരിക്കാത്ത ഓരോ മനുഷ്യനും ദൈവത്തിൻ്റെ അസ്തിത്വത്തെക്കുറിച്ചുള്ള സ്വാഭാവികമായ അറിവിൻ്റെ അടിസ്ഥാനത്തിൽ ദൈവത്തെ ആരാധിക്കാൻ കഴിയും. പരിശുദ്ധത്രിത്വത്തിലുള്ള അതിസ്വാഭാവിക വിശ്വാസത്തോടെ അതിസ്വാഭാവികമായ രീതിയിൽ നാം ആരാധിക്കുന്ന അതേ ദൈവത്തെ അവർ സ്വാഭാവികമായ രീതിയിൽ ആരാധിക്കുന്നു. പക്ഷെ ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ആരാധനാരീതികളാണ്. ഒന്നു സ്വാഭാവികജ്ഞാനത്തിൻ്റെ പ്രവൃത്തിയും മറ്റേതു പ്രകൃത്യാതീത വിശ്വാസത്തിൻ്റെ പ്രവൃത്തിയുമാണ്. രണ്ടുകൂട്ടരുടെയും ആരാധന ലക്‌ഷ്യം വയ്ക്കുന്നത് ഒരേ ദൈവത്തെയാണ്. എന്നാൽ ആരാധന എന്ന കർമ്മവും അത് ഏതൊന്നിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണോ ആ അറിവും കാതലായ വിധത്തിൽ (സാരാംശത്തിൽ) വ്യത്യസ്തമാണ്.


ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാനായി രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പ്രഖ്യാപനങ്ങൾ കൂടുതൽ കൃത്യതയോടെ തയാറാക്കേണ്ടതായിരുന്നു. അത് ഏതാണ്ട് ഇപ്രകാരം ആവാമായിരുന്നു; " കത്തോലിക്കർ ചെയ്യുന്നതിൽ നിന്ന് സാരാംശത്തിൽ വ്യത്യസ്തമായതും എന്നാൽ സ്വാഭാവികവുമായ ഒരു വഴിയിലൂടെ മുസ്ലിങ്ങൾ ദൈവത്തെ ആരാധിക്കുന്നു. നാം ദൈവത്തെ ആരാധിക്കുന്നതു പ്രകൃത്യാതീതമായ വിശ്വാസം കൊണ്ടാണല്ലോ". ആ പ്രഖ്യാപനം ഇത്തരത്തിലോ ഇതിനു സമാനമായ മറ്റൊരു രീതിയിലോ കൊടുത്തിരുന്നുവെങ്കിൽ അതു മതാന്തരസംവാദങ്ങളിൽ തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടുന്നത് ഒഴിവാക്കാമായിരുന്നു.


ചോദ്യം 4. രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകളിലെ ചുരുക്കം ചില അബദ്ധ പരാമർശങ്ങൾ മൂലമുള്ള ആശയക്കുഴപ്പം പരിഹരിക്കാനുള്ള ഒരു പ്രയോഗികമാർഗം സഭാചരിത്രത്തിൽ ഒരിക്കൽ സംഭവിച്ചിട്ടുണ്ട്. 1864 ൽ പുറപ്പെടുവിച്ച syllabus of errors ലൂടെ പിയൂസ് ഒൻപതാമൻ മാർപാപ്പ അക്കാലത്തുണ്ടായിരുന്ന എൺപത് അബദ്ധപ്രബോധനങ്ങളെ ശപിച്ചുതള്ളിയിരുന്നു.. ഒരു എക്യൂമെനിക്കൽ കൗൺസിലിൻ്റെ പ്രബോധനരേഖകളുടെ കാര്യത്തിൽ ഇതു ബാധകമാക്കാവുന്നതാണോ?


ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ : എക്യൂമെനിക്കൽ കൗൺസിലുകളുടെ ചില അബദ്ധപ്രബോധനങ്ങൾ പിൽക്കാലത്തു തിരുത്തപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഫ്ലോറൻസിലെയും കോൺസ്റ്റൻസിലെയും എക്യൂമെനിക്കൽ കൗൺസിലുകളുടെ സൈദ്ധാന്തിക (വിശ്വാസപരമായ) അബദ്ധങ്ങൾ, കോൺസ്റ്റാൻറിനോപ്പിളിലെ നാലാം എക്യൂമെനിക്കൽ കൗൺസിലിലെ അജപാലനപരമായ അബദ്ധപ്രഖ്യാപനങ്ങൾ (കോൺസ്റ്റാൻറിനോപ്പിളിലെ പാത്രിയാർക്കീസിനെതിരെ നടത്തിയ നിഷ്ടൂരവും വിവാദപരവുമായ പരാമർശങ്ങൾ), 1179 ലെ മൂന്നാം ലാറ്ററൻ എക്യൂമെനിക്കൽ കൗൺസിളിലെ ചില പ്രബോധനങ്ങൾ, യഹൂദർക്കെതിരായ നിയമങ്ങൾ ഉൾപ്പെടുത്തിയ 1215 ലെ നാലാം ലാറ്ററൻ കൗൺസിൽ തുടങ്ങിയവ. അതുകൊണ്ടു രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ തെറ്റായതോ വ്യക്തതയില്ലാത്തതോ ആയ ചില പ്രഖ്യാപനങ്ങൾ തിരുത്തിക്കൊണ്ടു ഭാവിയിൽ syllabus of errors പോലെ ഒരു ഡോക്യുമെൻറ് പ്രസിദ്ധീകരിക്കുന്നതു സഭയുടെ നടപടിക്രമങ്ങൾക്ക് ഒരു കാരണവശാലും എതിരായിരിക്കില്ല. (വീഡിയോ കാണുക - https://youtu.be/hqimooztDYo )



+ ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ


Cross References :-


1. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനോന 597*$3 :-വ്യക്തമായും അപ്രകാരം പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിൽ ഒരു പ്രബോധനവും അപ്രമാദിത്വമുള്ളതായി കണക്കാക്കപ്പെടുന്നില്ല. [No doctrine is understood to be infallibly defined unless it is clearly established as such]


*Defining the infallibility in an ecumenical council* സാർവ്വത്രിക കൗൺസിലിന്റെ അപ്രമാദിത്വം നിർവച്ചിക്കുന്നതിന്റെ ഒരുദാഹരണം :

*we teach and define* as a divinely revealed dogma that when the Roman pontiff speaks EX CATHEDRA,that is, when,in the exercise of his office as shepherd and teacher of all Christians in virtue of his supreme apostolic authority,he defines a doctrine concerning faith or morals to be held by the whole church, he possesses,by the divine assistance promised to him in blessed Peter,that infallibility which the divine Redeemer willed his church to enjoy in defining doctrine concerning faith or morals.Therefore, such definitions of the Roman pontiff are of themselves, and not by the consent of the church, irreformable. So then, should anyone, which God forbid, have the temerity to reject this definition of ours: let him be anathema.

(ഒന്നാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖയിൽ നിന്നും എടുത്തത് *https://www.papalencyclicals.net/councils/ecum20.htm*)


2. ഫ്ലോറെൻസ് സാർവ്വത്രിക കൗൺസിലിനെക്കുറിച്ച് കാലം ചെയ്ത സീറോ മലബാർ മെത്രാൻ മാർ എബ്രഹാം മറ്റം "തിരുസഭയും മിശിഹാരഹസ്യവും" എന്ന തന്റെ പുസ്തകത്തിന്റെ പേജ് 77 ൽ ഇതേ പ്രസ്താവന തന്നെ എഴുതിയിട്ടുണ്ട് : "ഒരു വിശ്വാസസത്യം പ്രഖ്യാപിക്കുകയായിരുന്നില്ല പതിനഞ്ചാം നൂറ്റാണ്ടിൽ നടന്ന ഫ്ലോറൻസ് സാർവ്വത്രിക കൗൺസിലിന്റെ ലക്ഷ്യം. റോമൻ സഭയിൽ നിന്നും വിട്ടു നിന്നിരുന്ന അർമേനിയൻ സഭ ഐക്യപ്പെടുന്ന ഒരു ബുള്ളാ (Papal bull for the union of the Armenians) നാലാം എവുജിൻ മാർപാപ്പ കൗൺസിലിന്റെ എട്ടാമത്തെ സെഷനിൽ 1439 നവംബർ 22 ന് പ്രസിദ്ധപ്പെടുത്തി".


3."hermeneutic of continuity "- തുടർച്ചയുടെ വ്യാഖ്യാനശാസ്ത്രം


4. എക്യൂമെനിക്കൽ കൗൺസിൽ എന്നാൽ സാർവ്വത്രിക സൂനഹദോസ് എന്നർത്ഥം


5.ചില സാർവ്വത്രിക സൂനഹദോസുകളിലേ പ്രസ്താവനകൾ തുടർന്ന് വന്ന മറ്റു സാർവ്വത്രിക സൂനഹദോസുകളിൽ മാറ്റുകയും അല്ലെങ്കിൽ വ്യക്തത കൊണ്ടുവരുന്ന രീതിയിൽ സൈദ്ധാന്തികമാക്കുകയും ചെയ്തതായി സഭാ ചരിത്രത്തിൽ കാണാവുന്നതാണ്. ഉദാഹരണം : രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖ "അക്രൈസ്തവമതങ്ങളുടെ" ഫുട്ട്നോട്ടിൽ നിന്നും എടുത്തതാണ് (POC Translation)..


ഫുട്ട്നോട്ട് 27. - യഹൂദർക്കെതിരേ പണ്ടു ക്രൈസ്തവ രാജാക്കന്മാർ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളെ ഇവിടെ സൂചിപ്പിക്കുന്നു. നാലാം ലാറ്ററൻ കൗൺസിൽ (1215) അത്തരം വിവേചനപരമായ ചില നിയമങ്ങൾ ക്രോഡീകരിച്ചിരുന്നു.


ഫുട്ട്നോട്ട് 29. -നാലാം ലാറ്ററൻ കൗൺസിൽ ഏർപ്പെടുത്തിയ വിവേചനപരമായ നാലു കാനോനകൾ ശിക്ഷണപരമായിരുന്നു. അവയെ മാറ്റിക്കളയാവുന്നതാണ്. ഇവിടെ ഈ വിഷയം സിദ്ധാന്തപരമാക്കിയിരിക്കുന്നു. ഇതിനു മാറ്റമില്ല. പീയൂസ് 5-ാമൻ പാപ്പയുടെ കല്പനപ്രകാരം 1566-ൽ ഇടവക വൈദികർക്കുവേണ്ടി പുറപ്പെടു വിച്ച ട്രെന്റ് സൂനഹദോസിന്റെ വേദപാഠ പുസ്തകത്തിൽ കൊടുത്തിട്ടുള്ളത് ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ടതാണ്: “ക്രിസ്തുവിന്റെ മരണത്തെ സംബന്ധിച്ച കുറ്റം യഹൂദന്മാരിൽ എന്നതിനെക്കാൾ കൂടുതൽ നമ്മിലാണെന്നു തോന്നുന്നു. കാരണം, അതേ അപ്പസ്തോലന്റെ സാക്ഷ്യപ്രകാരം അവർ മഹത്ത്വത്തിന്റെ രാജാവിനെ അറിഞ്ഞിരുന്നെങ്കിൽ അവിടുത്തെ ക്രൂശിക്കുമായിരുന്നില്ല (1 കോറി 2:8). അതേ സമയം നാം അവിടുത്തെ അറിയുമെന്ന് ഏറ്റുപറയുകയും, നമ്മുടെ പ്രവൃത്തികൾമൂലം അവിടുത്തെ നിഷേധിക്കുകയും ചെയ്യുമ്പോൾ അവിടുത്തെമേൽ കൈവയ്ക്കുന്നതു പോലെ തോന്നുന്നു.” (cf. edition by Mc Hugband Callan (New York; Joseph F. Wagner, Inc., 1923) pp. 50-61, 362-365



6. [ലുമെൻ ജെൻസിയം അഥവാ തിരുസഭ, നമ്പർ 16 : "സൃഷ്ടാവായ ദൈവത്തെ ഏറ്റുപറയുന്നവരും അവിടുത്തെ പരിത്രാണ പദ്ധതിയിൽ ഉൾപ്പെടുന്നു. മുഹമ്മദീയരാണിവരിൽ (Muslims) പ്രധാനപ്പെട്ടവർ. അബ്രാഹത്തിന്റെ വിശ്വാസം അവരും ഏറ്റുപറയുന്നു. ഏകനും കരുണ നിറഞ്ഞവനും, അന്ത്യനാളിൽ മനുഷ്യരെ വിധിക്കാനിരിക്കുന്നവനുമായ ദൈവത്തെ നമ്മോടൊത്ത് (കത്തോലിക്കരോടൊത്ത്) അവരും (മുസ്ലിം സഹോദരങ്ങളും) ആരാധിക്കുന്നുണ്ട്".] ഈയൊരു പദപ്രയോഗം സഭയുടെ ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ ഭാഗമായത് കൊണ്ട് രണ്ടാം വത്തിക്കാൻ കൗൺസിലിനെ തള്ളി പറയുന്നവരുമുണ്ട്.


ഒറിജിനൽ ഇംഗ്ലീഷ് ലേഖനം വായിക്കാൻ, ലിങ്കിൽ ക്ലിക് ചെയ്യുക

https://jintochittilappilly.in/articles/6512.aspx




Article URL:







Quick Links

കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രത... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ അജപാലനോന്മുഖമാണ് (Pastoral Oriented)

ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്‌തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും-വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നല്ല വിശ... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid), അതിലെ ചില പ്രസ്താവകളിൽ തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും? വിശിഷ്യാ, ലുമെൻ ജെൻസിയം പോലുള്ള ഡോഗ്മറ്റിക് കോൺസ്റ്റിറ്റ്യുഷന്റെ (Dogmatic constitution) കാര്യത്തിൽ ?

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സാധുവായതിനാൽ (valid),  അതിലെ  ചില  പ്രസ്താവകളിൽ  തെറ്റുണ്ടെന്ന് എങ്ങനെ ഒരുവന് പറയാൻ സാധിക്കും?  വിശിഷ്യാ,  ലുമെൻ ജെൻസിയം പോലുള്ള ഡ... Continue reading


കത്തോലിക്കാ സഭയുടെ സാർവ്വത്രിക മതബോധനഗ്രന്ഥങ്ങൾ :

സഭയിലെ ഒന്നാമത്തെ സാർവ്വത്രിക മതബോധനഗ്രന്ഥത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള സഭയുടെ ഉപയോഗത്തിനായി ഒരു പൊതുമതബോധനഗ്രന്ഥം തയ്യാറാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ട്രെൻ്റ് (1545-1563... Continue reading


"കത്തോലിക്കാ മിഷനറി സ്നേഹത്തിന്റെ മനുഷ്യനായിരിക്കണം" - ആത്മവിചിന്തനം

(6 minutes read) "സ്നേഹം അനുഭവിക്കുക, അതുവഴി ദൈവീകപ്രകാശം ലോകത്തിൽ പ്രവേശിക്കുന്നതിനു കാരണമാകുക" (ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ, "ദൈവം സ്നേഹമാകുന്നു" ചാക്രിക ലേഖനം നമ്പർ 40) ഇതാണ്‌ എന്റെ&n... Continue reading