യുവജന മതബോധന ഗ്രന്ഥം ചോദ്യോത്തരം (YOUCAT - Q&A 338, 340,341) :
കൃപാവരം എന്നതുകൊണ്ട് നാം അർത്ഥമാക്കുന്നത് ദൈവത്തിന്റെ സൗജന്യവും സ്നേഹപൂർണവുമായ ദാനമാണ്, അവിടത്തെ സഹായപ്രദമായ നന്മയാണ്, ദൈവത്തിൽ നിന്നുവരുന്ന സജീവത്വമാണ്. കുരിശ്, ഉത്ഥാനം എന്നിവയിലൂടെ ദൈവം പൂർണമായി തന്നെത്തന്നെ നമുക്കു സമർപ്പിക്കുന്നു. കൃപാവരത്തിൽ തന്നെത്തന്നെ നമ്മോടു ബന്ധപ്പെടുത്തുന്നു. നമുക്ക് ഒട്ടും യോഗ്യതയില്ലാതിരിക്കേ നമുക്കു ദൈവം നല്കുന്നതെല്ലാമാണ് കൃപ. [ccc 1996-1998, 2005, 2021]
ബെനഡിക്ട് 16-ാമൻ മാർപാപ്പാ ഇങ്ങനെ പറയുന്നു: "കൃപാവരം ദൈവം നമ്മുടെമേൽ നോക്കുന്നതാണ്, നമ്മെ അവിടത്തെ സ്നേഹത്താൽ സ്പർശിക്കുന്നതാണ്''. കൃപാവരം ഒരു വസ്തുവല്ല. പിന്നെയോ ദൈവം തന്നെത്തന്നെ നമ്മോടു ബന്ധപ്പെടുത്തുന്ന താണ്. അവിടന്ന് തന്നെക്കാൾ ചെറുതായി ഒന്നും ഒരിക്കലും നല്കുന്നില്ല. കൃപാവരത്തിൽ നാം ദൈവത്തിലാണ്.
ദൈവത്തിന്റെ കൃപാവരം നമ്മുടെ സ്വാതന്ത്ര്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ദൈവത്തിന്റെ കൃപാവരം വ്യക്തിയുടെ മേൽ സൗജന്യമായി ചൊരിയപ്പെടുകയാണ്. തികഞ്ഞ സ്വാതന്ത്ര്യത്തിൽ അവൻ പ്രത്യുത്തരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. കൃപാവരം നിർബന്ധിക്കുന്നില്ല. നമ്മുടെ സ്വതന്ത്രമായ സമ്മതം ദൈവത്തിന്റെ സ്നേഹം ആവശ്യപ്പെടുന്നു . [ CCC #2001-2002, 2022]
കൃപാവരത്തിന്റെ ദാനത്തോട് “വേണ്ടാ' എന്നു പറയാനും ഒരുവനു കഴിയും. എന്നാലും കൃപാവരം മനുഷ്യനു ബാഹ്യമായ ഒന്നല്ല, അന്യവുമല്ല. തന്റെ അത്യഗാധമായ സ്വാതന്ത്ര്യത്തിൽ അവൻ യഥാർത്ഥത്തിൽ തീവ്രമായി ആഗ്രഹിക്കുന്നതാണ്. ദൈവം തന്റെ കൃപവഴി നമ്മെ ചലിപ്പിച്ചുകൊണ്ട് മനുഷ്യന്റെ സ്വതന്ത്രമായ പ്രത്യുത്തരം മുൻകൂട്ടി കാണുന്നു.
സത്പ്രവൃത്തികൾകൊണ്ട് ഒരാൾക്ക് സ്വർഗം നേടാൻ കഴിയുമോ?
ഇല്ല. ഒരുവനും സ്വന്തം പരിശ്രമം കൊണ്ടു മാത്രം സ്വർഗം നേടാനാവുകയില്ല. നാം രക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന വസ്തത ദൈവത്തിന്റെ കേവലവും ലളിതവുമായ കൃപാവരമാണ്. എന്നാലും അത് വ്യക്തിയുടെ സ്വതന്ത്രമായ സഹകരണം ആവശ്യപ്പെടുന്നു. [ CCC #2006-2011, 2025 2027]
*ദൈവത്തിന്റെ കൃപ നമ്മോട് എന്തുചെയ്യുന്നു?*
*ദൈവത്തിന്റെ കൃപ പരിശുദ്ധ ത്രിത്വത്തിന്റെ ആന്തരികജീവിതത്തിലേക്ക്, പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള സ്നേഹവിനിമയത്തിലേക്ക്, നമ്മെ കൊണ്ടുവരുന്നു. ദൈവത്തിന്റെ സ്നേഹത്തിൽ ജീവിക്കാനും ആ സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനും വേണ്ട കഴിവ് അതു നമുക്കു നല്കു ന്നു . [CCC #1999-2000, 2003-2004, 2023-2024]*
യുവജന മതബോധന ഗ്രന്ഥം ചോദ്യോത്തരം (YOUCAT) 339 ൽ വിവരണം ശ്രദ്ധിക്കുക : "കൃപാവരം ഉന്നതത്തിൽനിന്ന് നമ്മിലേക്ക് നിവേശിപ്പിക്കപ്പെടുകയാണ്. തന്മൂലം സ്വാഭാവിക കാരണങ്ങൾ കൊണ്ട് അതിനെ വിശദീകരിക്കാനാവുകയില്ല (അതിസ്വാഭാവിക കൃപാവരം). അതു നമ്മെ, പ്രത്യേകിച്ച് മാമ്മോദീസയിലൂടെ, ദൈവമക്കളും സർഗത്തിന് അവകാശികളുമാക്കുന്നു (വിശുദ്ധീകരണപരമായ അഥവാ ദൈവത്വവത്കരണപരമായ കൃപാവരം). ഇത് സ്ഥിരമായി നയ ചെയ്യാനുള്ള മനോഭാവം നമുക്കു നല്കുന്ന (ശീലപരമായ , സ്ഥിരമായ കൃപാവരം). നന്മയിലേക്കും ദൈവത്തിലേക്കും സ്വർഗത്തിലേക്കും നമ്മെ നയിക്കുന്നതെല്ലാം അറിയാനും ഇഷ്ടപ്പെടാനും ചെയ്യാനും കൃപാവരം നമ്മെ സഹായിക്കുന്നു (പ്രവർത്തനാത്മക കൃപാവരം). കൃപാവരം സവിശേഷമായ വിധത്തിൽ കൂദാശകളിൽ ഉണ്ടാകുന്നു. കൂദാശകൾ നമ്മുടെ രക്ഷകന്റെ ഇഷ്ടപ്രകാരം ദൈവവുമായുള്ള നമ്മുടെ കണ്ടുമുട്ടലിന്റെ അതിവിശിഷ്ടസ്ഥാന ങ്ങളാണ് (കൗദാശിക കൃപാവരം). ഒററപ്പെട്ട വ്യക്തികൾക്കു നല്കപ്പെടുന്ന കൃപാവരത്തിന്റെ സവിശേഷ ദാനങ്ങളിലും (സിദ്ധികൾ) അതു പ്രകടമാകും. വിവാഹാവസ്ഥയിലുള്ളവർക്കും പട്ടാഭിഷിക്താവസ്ഥയിലുള്ളവർക്കും സന്ന്യാസത്തിലുളവർക്കും വാഗ്ദാനം ചെയ്യപ്പെട്ട സവിശേഷശക്തികളിലും കൃപാ വരം പ്രകടമാകും (അവസ്ഥാനുസൃത കൃപാവരങ്ങൾ).
*അതിസ്വാഭാവിക കൃപാവരം -Sanctifying Grace
*പ്രവർത്തനാത്മക കൃപാവരം- Actual grace
*കൗദാശിക കൃപാവരം - Sacramental grace
*സിദ്ധികൾ/വരങ്ങൾ - charisms"
"അല്മായവിശ്വാസികൾ,നമ്പർ 24 " - അല്മായരെക്കുറിച്ചുള്ള വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ അപ്പസ്തോലിക ആഹ്വാനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
"വരങ്ങൾ സ്വീകരിക്കുന്നവരും,സഭ മുഴുവനും,അവ കൃതജ്ഞതാപൂർവം സ്വീകരിക്കേണ്ടതാണ്. വാസ്തവത്തിൽ, അവ ക്രിസ്തു ശരീരം മുഴുവന്റെയും വിശുദ്ധിക്കും പ്രേഷിതത്വത്തിന്റെ ഊർജസ്വലതയ്ക്കും വേണ്ടിയുള്ള കൃപാവരത്തിന്റെ സമ്പന്നസ്രോതസ്സാണ്. പക്ഷേ അവ യഥാർത്ഥത്തിൽ പരിശുദ്ധാത്മാവിൽ നിന്നുതന്നെ പുറപ്പെടുന്നവയും പരിശുദ്ധാത്മാവിന്റെ ആധികാരികമായ പ്രേരണകൾക്കനുസൃതമായി ഉപയോഗിക്കപ്പെടുന്നവയുമായിരിക്കണം.ഈ അർത്ഥത്തിൽ സിദ്ധികൾ വിവേചിച്ചറിയേണ്ടത് എപ്പോഴും ആവശ്യമാണ്. സിനഡ് പിതാക്കന്മാർ ഇക്കാര്യം എങ്ങനെ ചൂണ്ടിക്കാണിക്കുന്നു: "തനിക്കിഷ്ട്ടമുള്ളിടത്തു വ്യാപരിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്പോഴും അത്ര എളുപ്പത്തിൽ വിവേചിച്ചറിയാവുന്നതോ സ്വീകരിക്കാവുന്നതോ അല്ല. എല്ലാ ക്രൈസ്തവരിലും ദൈവം പ്രവർത്തിക്കുന്നു എന്ന് നമുക്കറിയാം. വ്യക്തികൾക്കും ക്രൈസ്തവ സമൂഹം മുഴുവനും വേണ്ടി നിർഗളിക്കുന്ന വരങ്ങളുടെ നന്മകളെ പറ്റി നമുക്കവബോധമുണ്ട്. എന്നിരുന്നാലും പാപത്തിന്റെ ശക്തിയെ പറ്റിയും അതിനു വിശ്വാസികളുടെയും സമൂഹത്തിന്റെയും ജീവിതത്തെ അലങ്കോലപ്പെടുത്താനുള്ള കഴിവിനെ പറ്റിയും നമുക്കറിയാം".ഇക്കാരണത്താൽ ഒരു വരത്തിന്റെയും പേരിൽ ആർക്കും സഭയുടെ അജപാലകരോടുള്ള വിധേയത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനോ അവരുടെ നിർദ്ദേശങ്ങൾ തേടാതിരിക്കാനോ സ്വാതന്ത്യ്രം ലഭിക്കുന്നില്ല. രണ്ടാം വത്തിക്കാൻ കൗൺസിൽ വ്യക്തമായി പറയുന്നു: "അപ്രകാരമുള്ള വരങ്ങളുടെ യാഥാർത്ഥ്യത്തെപറ്റിയും അതുപയോഗിക്കേണ്ട രീതിയെപ്പറ്റിയുമുള്ള തീരുമാനം സഭയിൽ നായകന്മാരായി നിശ്ചയിക്കപ്പെട്ടിട്ടുള്ളവർക്കു വിട്ടുകൊടുക്കേണ്ടതാണ്. ഇവരോ എന്നാൽ,പരിശുദ്ധാത്മാവിന്റെ പ്രേരണകളെ നിഷ്കാസനം ചെയ്യുകയല്ല, നേരെമറിച്ചു, എല്ലാ കാര്യങ്ങളും പരിശോധിച്ചറിഞ്ഞു നല്ലവയെ പരിരക്ഷിക്കുകയാണ് വേണ്ടത്" ( cf 1 തെസ 5:12;19-21 )".
വി ആഗസ്തീനോസ് ഇപ്രകാരം പഠിപ്പിക്കുന്നു : "നമ്മൾ പ്രവർത്തിക്കുന്നിടത്ത് നാം പ്രവർത്തനനിരതനായ ദൈവത്തോട് സഹകരിക്കുന്നതേയുള്ളൂ. എന്തെന്നാൽ അവിടുത്തെ കാരുണ്യം നമുക്ക് മുൻപേ പോകുന്നു. നാം സുഖപ്പെടുന്നതിന് അത് നമ്മുടെ മുൻപേ പോകുന്നു. സുഖപ്പെട്ടു കഴിഞ്ഞാൽ നമുക്ക് ജീവൻ പുഷ്ടിപ്പെടുത്തുന്നതിനുവേണ്ടി അതു നമ്മെ പിന്തുടരുന്നു. നാം വിളിക്കപ്പെടുന്നതിനുവേണ്ടി അത് നമ്മുടെ മുൻപേ പോകുന്നു. നാം മഹത്വീകരിക്കപ്പെടുന്നതിനുവേണ്ടി അതു നമ്മെ പിന്തുടരുന്നു. നാം ഭക്തിയോടെ ജീവിക്കുന്നതിനു വേണ്ടി അത് നമ്മുടെ മുൻപേ പോകുന്നു. നാം എപ്പോഴും അവിടുത്തോടുകൂടെ ജീവിക്കുന്നതിനു വേണ്ടി അത് നമ്മെ പിന്തുടരുന്നു. എന്തെന്നാൽ അവിടുത്തെ കൂടാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല".(സി സി സി 2001 കാണുക)
സമാധാനം നമ്മോടുകൂടെ