Home | Articles | 

jintochittilappilly.in
Posted On: 11/09/20 19:18
തിരുസ്വരൂപങ്ങളോടുള്ള കത്തോലിക്കാ വിശ്വാസിയുടെ മനോഭാവം - വിശ്വാസ വിചാരം

 



കത്തോലിക്ക വിശ്വാസികളുടെ ചോദ്യങ്ങൾക്ക് സഭയുടെ മൗതിക വേദപാരംഗതനായ (മിസ്റ്റിക്കൽ ഡോക്ടർ) വി. യോഹന്നാൻ ക്രൂസ് ഉത്തരം നൽകുന്നു.  ചില മാർപാപ്പാമാർ  തങ്ങളുടെ ആധ്യാത്മിക പിതാവായും മിസ്റ്റിക്കുകളുടെ മിസ്റ്റിക്കായും വി. യോഹന്നാൻ ക്രൂസിനെ വിശേഷിപ്പിക്കുന്നു.



(*ചോ  സാധാരണ വിശ്വാസികൾക്കുണ്ടാകുന്ന സംശയങ്ങൾ ചോദ്യരൂപത്തിൽ ;  ഉത്ത:വിശുദ്ധന്റെ കൃതിയിൽ നിന്നും ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്ന രീതി ഇവിടെ ഉപയോഗിച്ചിരിക്കുന്നു)


ചോ :സ്വരൂപങ്ങൾ നിർമിക്കുന്നത് എന്തിന്?

ഉത്ത: മാദ്ധ്യമങ്ങൾ ലക്ഷ്യപ്രാപ്തിക്ക് ആവശ്യവും സഹായകവുമാണ്; അതനുസരിച്ചു കർത്താവായ യേശുക്രിസ്തുവിനെയും പുണ്യവാന്മാരെയും ഓർമ്മിക്കുന്നതിനു വേണ്ടിയാണ് സ്വരൂപങ്ങൾ നാം ഉപയോഗിക്കുന്നത്.

ചോ : ഈ മാദ്ധ്യമങ്ങൾ ഇടർച്ചയ്ക്കു കാരണമാവുന്നത് എപ്പോൾ?

ഉത്ത: എന്നാൽ അങ്ങനെയുള്ള മാദ്ധ്യമങ്ങളെ ആവശ്യത്തിലധികമായും "മാദ്ധ്യമം" എന്ന നിലയിൽ കവിഞ്ഞും നാം ആശ്രയിക്കുമ്പോൾ, മറ്റു വിഘ്നങ്ങൾ എന്നപോലെതന്നെ ഇവയും ഇടർച്ചയും പ്രതിബന്ധവുമായി ഭവിക്കും .സ്വരൂപങ്ങളും അതിസ്വാഭാവിക ദർശനങ്ങളും സംബന്ധിച്ചു വളരെയധികം വഞ്ചനയും അത്യാപത്തുകളും സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ അവയുടെ കാര്യത്തിലാണ് ഈ സംഗതികൾ ഞാൻ പ്രത്യേകം അനുസ്മരിപ്പിക്കുന്നത്.

ചോ : സ്വരൂപങ്ങളെ വണങ്ങുന്നതിനെ കുറിച്ച്?

ഉത്ത: കത്തോലിക്കാ സഭ സ്വാഭാവികമായ രീതിയിൽ അവതരിപ്പിക്കുന്ന സ്വരൂപങ്ങളെ ഓർമ്മിക്കുന്നതും വണങ്ങുന്നതും ആദരിക്കുന്നതും നിമിത്തം വഞ്ചനയോ അപകടമോ ഒന്നും നേരിടുകയില്ല. അവയുടെ നേർക്കുള്ള ആദരവ് അവ സൂചിപ്പിക്കുന്ന ആളുകളുടെ നേർക്ക് മാത്രമാണ് നാം പ്രകാശിപ്പിക്കുന്നത്. അവയുടെ സ്മരണയോടൊപ്പം അവ നിധാനം ചെയ്യുന്നവരുടെ നേർക്കുള്ള സ്നേഹവും നാം പ്രകാശിപ്പിക്കുന്നതിനാൽ ആ സ്മരണ നമ്മുക്ക് പ്രയോജനമാവാതെ വരികയില്ല.

ചോ : സ്വരൂപത്തോടുള്ള കത്തോലിക്കന്റെ മനോഭാവം?

ഉത്ത: ദൈവൈക്യപ്രാപ്തിയിൽ സ്വരൂപങ്ങൾ നമുക്ക് സഹായകരമാണെന്ന് തീർച്ച തന്നെ.; പക്ഷേ, ഒരു ഉപകരണമെന്ന നിലയിൽ കവിഞ്ഞു നാം ആശ്രയിച്ചു നിൽക്കരുത്. ചിത്രിതരൂപത്തെ അതിശയിച്ചു സമസ്ത സൃഷ്ട്ടികളെയും അവയോടു ബന്ധമുള്ളതെല്ലാവരെയും വിസ്മരിച്ചു സജീവ ദൈവത്തിൻ പക്കലേക്കു ഉദ്ഗമിക്കാനുള്ള അനുഗ്രഹം ദൈവം തരുമ്പോൾ അതിനു നാം സന്നദ്ധരായിരിക്കണം.

ചോ : സ്വരൂപങ്ങളിൽ നിന്നും തേനും പാലും എണ്ണയും ദിവസവും കിലോക്കണക്കിന് ഒഴുകുന്നതിനെ പറ്റി? സ്വരൂപങ്ങളുടെ അതിസ്വാഭാവിക പ്രതിഭാസങ്ങളിൽ കത്തോലിക്കൻ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെപറ്റി? തിരിച്ചറിവ്.

ഉത്ത: സ്വരൂപങ്ങൾ,ദൈവത്തെയും പുണ്യവാന്മാരെയും ഓർമ്മിക്കുന്നതിനും, ശരിയായ ഉപയോഗംമൂലം മനസ്സിൽ ഭക്തിജനിപ്പിക്കുന്നതിനും അത്യന്തം ഉപയുക്തമാണെങ്കിലും,ദൈവോന്മുഖമായ പ്രയാണത്തിൽ അവ സംബന്ധിച്ചുണ്ടാകുന്ന അതിസ്വാഭാവിക പ്രതിഭാസങ്ങളിൽ അനുവർത്തിക്കേണ്ട നയപരിപാടികളിൽ പരിജ്ഞാനമില്ലാത്ത ആത്മാക്കൾക്ക് ഗുരുതരമായ അബദ്ധങ്ങൾ പറ്റാനും അവ കാരണമാകുന്നതാണ്. സൂക്ഷ്മമില്ലാത്ത ആത്മാക്കളെ എളുപ്പത്തിൽ കബളിപ്പിക്കാനും ആത്മീയമായ സത്യസന്ധതയുടെ വഴിയിൽ അവർക്കു വിഘ്നം വരുത്തുവാനും വേണ്ടി പിശാച് പ്രയോഗിക്കുന്ന തന്ത്രങ്ങളിലൊന്ന് സ്വരൂപങ്ങൾ മൂലം അവൻ പ്രകടിപ്പിക്കുന്ന അതിസ്വാഭാവികവും അസാധാരണവുമായ പ്രതിഭാസങ്ങളത്രേ; തിരുസഭ ഉപയോഗിക്കുന്ന ഭൗതീകവും ശാരീരവുമായ സ്വരൂപങ്ങൾ അഥവാ ഭാവനയിൽ ഉദിപ്പിക്കുന്ന ഏതെങ്കിലും പുണ്യവാന്റെ സങ്കല്പരൂപമായിരിക്കും പിശാച് അതിനുവേണ്ടി ഉപയോഗപ്പെടുത്തുക.
വഞ്ചിക്കുന്നതിനു വേണ്ടി പ്രകാശത്തിന്റെ മാലാഖയായി അവൻ സ്വയം രൂപാന്തരപെടുമല്ലോ, (2 കോറി 11:14). പ്രയോജനകരമായി നാം സ്വീകരിക്കുന്ന ഉപാധികളുടെ പ്രയോഗത്തിൽ വല്ല അശ്രദ്ധയും സംഭവിച്ചാൽ അവിടെ നമ്മെ പിടികൂടുന്നതിന് വേണ്ടി ആ വൻചതിയൻ പ്രച്ഛന്നവേഷം പൂണ്ടു നടക്കാറുണ്ട്. തന്നിമിത്തം ഭക്താത്മാക്കൾക്ക് ഭക്തസാധനങ്ങളുടെ പ്രയോഗത്തിൽ വളരെ വളരെ കരുതൽ വേണ്ടിയിരിക്കുന്നു. നിഷിദ്ധ വസ്തുക്കൾ ആണെങ്കിൽ, അവ സ്വയമേവ തനിനിറം വെളിപ്പെടുത്തിക്കൊള്ളും.

ചോ ; തിരുസഭ സ്വരൂപങ്ങളുടെ ഉപയോഗം അനുവദിക്കുന്നതിനറെ ന്യായം?

ഉത്ത:

1) അവമൂലം പുണ്യവാന്മാരെ വണങ്ങുന്നതിനും

2) പുണ്യവാന്മാരുടെ നേർക്ക് ഭക്തി ഉദിക്കത്തക്കവിധം മനസ്സിൽ പ്രേരണ ചെലുത്തുന്നതിനും.സ്വരൂപങ്ങൾ ഭക്തിജനകം മാത്രമാണ്.



ഈശോ നമ്മെ അനുഗ്രഹിക്കട്ടെ !!!



എടുത്തിരിക്കുന്നത് : ( വി യോഹന്നാൻ ക്രൂസിന്റെ "കർമ്മലമലയേറ്റം , ഇരുണ്ട രാത്രി" എന്ന കൃതിയിൽ നിന്ന്)


ആനുകാലിക സാഹചര്യത്തിൽ, ഒരു ചോദ്യം ഉയർന്നു വരാനിടയുണ്ട്. സ്വരൂപങ്ങൾ ഭക്തിജനകമെങ്കിൽ "താമരയിൽ പത്മാസനത്തിൽ ഇരിക്കുന്ന യേശുനാഥന്റെ ചിത്രം - ഭക്തിജനകമോ ? അതോ ഇടർച്ചയോ ?? ഉതപ്പോ ??" അത് കാണുന്നവൻ കണ്ടത് ഗ്രഹിക്കുന്ന വിധം ചിന്തിക്കേണ്ടിയിരിക്കുന്നു.

യേശുക്രിസ്തു ദൈവവചനത്തിന്റെ മനുഷ്യാവതാരമാണ്. യേശു മനുഷ്യനായി അവതരിച്ചവനാണെങ്കിലും അവിടുത്തെ പിതാവ് മനുഷ്യനല്ല; കാരണം അവൻ കന്യകയിൽ നിന്നുമാണ് മനുഷ്യശരീരം ധരിച്ചത്. പുരുഷ- സ്ത്രീ വേഴ്ചയിൽ നിന്നല്ല എന്ന് സാരം. ഇസ്ലാം മതവിശ്വാസവും യേശു കന്യകയായ മറിയത്തിൽ നിന്നാണ് ജനിച്ചതെന്ന് എന്ന് ഉറപ്പിക്കുന്നു. യേശു ക്രിസ്തുവിനെ മറ്റു മതങ്ങളിൽ കാണുന്ന മനുഷ്യാവതാരമായി താരതമ്യം ചെയ്യാൻ പറ്റാതെ പോകുന്നതും ഈ ഒറ്റ കാരണം കൊണ്ടാണ്.യേശുക്രിസ്തുവിന്റെ അനന്യത വ്യക്തമായി ഇതിൽ പ്രകടമാണ്. പിന്നെ യേശുക്രിസ്തു ഒരു ആൾ ദൈവമല്ല ; അവിടുന്നു ദൈവം തന്നെയാണ്. അവിടുന്ന് ദൈവത്തെ പോലെയല്ല , അവിടുന്ന് ദൈവം തന്നെയാണ്. അത്കൊണ്ട് അവിടുത്തെ ഒരു യോഗിയായി ചിത്രീകരിക്കുകയും കരുതുകയും ചെയ്യുന്നത് ക്രൈസ്തവവിശ്വാസത്തിനു നിരക്കാത്തതാണ്. യേശുക്രിസ്തുവിനെ പോലെ ജീവിക്കാൻ വിളിക്കപ്പെട്ട ക്രൈസ്തവർ മറ്റുള്ളവരുടെ മുമ്പിൽ ക്രൈസ്തവവിശ്വാസം അതിനറെ പൂർണതയിൽ നൽകാത്തത് കൊണ്ട് ഇന്ന് ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരെ പോലും ചില അക്രൈസ്തവർ "ആൾദൈവങ്ങൾ" എന്ന് വിളിച്ചു ആക്ഷേപിക്കുന്നത് കേൾക്കാൻ ഇടയായിട്ടുണ്ട്.

ക്രൈസ്തവരുടെയിടയിൽ ,ക്രൈസ്തവ ആധ്യാത്മികതയും അക്രൈസ്തവ ആധ്യാത്മികതയും കൂട്ടി കുഴക്കുന്ന സാഹചര്യങ്ങളും മറ്റും സംഭവിക്കുന്നതിനു കാരണം മുകളിൽ വിവരിച്ച ക്രൈസ്തവവിശ്വാസത്തെ പറ്റിയുള്ള അജ്ഞതയാണ്.

മനുഷ്യന് ദൈവവുമായുള്ള സുദൃഢവും സജീവവുമായ ബന്ധം വിസ്മരിക്കപ്പെടാം, അവഗണിക്കപ്പെടാം; പ്രകടമായി നിഷേധിക്കപെടുക പോലും ചെയ്യാം, അതിൽ ഒരു മുഖ്യ കാരണമായി കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് - "കത്തോലിക്കാ വിശ്വാസികളുടെ ദുർമാതൃക നിമിത്തമുണ്ടാകുന്ന ഉതപ്പ്" (സി സി സി 29  വായിക്കുക).
യേശു ശിഷ്യരോട് പറഞ്ഞു : "ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാൽ ആര് മൂലം അത് ഉണ്ടാകുന്നുവോ അവനു ദുരിതം! (ലൂക്കാ 17  : 1 ) സ്നേഹം തന്നെയായ യേശുക്രിസ്തു  തന്റെ ശിഷ്യരെ നേരിട്ട് പഠിപ്പിച്ച വാക്കുകളാണ്.

* സി സി സി - കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം




Article URL:







Quick Links

തിരുസ്വരൂപങ്ങളോടുള്ള കത്തോലിക്കാ വിശ്വാസിയുടെ മനോഭാവം - വിശ്വാസ വിചാരം

കത്തോലിക്ക വിശ്വാസികളുടെ ചോദ്യങ്ങൾക്ക് സഭയുടെ മൗതിക വേദപാരംഗതനായ (മിസ്റ്റിക്കൽ ഡോക്ടർ) വി. യോഹന്നാൻ ക്രൂസ് ഉത്തരം നൽകുന്നു.  ചില മാർപാപ്പാമാർ  തങ്ങളുടെ ആധ്യാത്മിക പിതാവായും മിസ്റ്റി... Continue reading


വിഗ്രഹങ്ങളിൽ നിന്നും അകന്നിരിക്കുവിൻ

വിഗ്രഹങ്ങളിൽ നിന്നും അകന്നിരിക്കുവിൻ ദൈവശാസ്ത്രത്തിലെ പാണ്ഡിത്യമല്ല വിശ്വാസപക്വത; സ്നേഹമാണ് വിശ്വാസപക്വത. എന്റെ അറിവ് മറ്റൊരു സഹോദരന് പാപത്തിനു കാരണമായെങ്കിൽ , ആ അറിവ് വച്ച് ഞാൻ എന്ത്... Continue reading


"വിശ്വാസികളുടെ വിശ്വാസാവബോധം" (sensus fidei fidelis)

  (8 min read) വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതവും തമ്മിൽ അഭേദ്യമായ ബന്ധവും സംസർഗവും ഉണ്ട്. ഇവ രണ്ടും ക്രിസ്തുരഹസ്യത്തെ സഭയിൽ സന്നിഹിതമാക്കുകയും ഫലം ചൂടിക്കുകയും ചെയ്യുന്നു.കൂടാതെ ഒരേ ദ... Continue reading


ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ശ്രമം

ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ഫാ. സേവ്യർ കൂടപ്പുഴ നാലു മുഖ്യകാരണങ്ങൾ നിരത്തുന്നുണ്ട്: (സഭാചരിത്ര പണ്ഡിതനായ ഫാ സേവ്യർ കൂടപുഴയുടെ "ഭാരതസഭാ ചരിത്രം"  എന്ന ഗ്രന്ഥത്തിലെ  - ഉദ... Continue reading


മായം ചേർത്ത ക്രിസ്തുമതവും ഹൈന്ദവരുടെ പ്രത്യാഘാതവും

 ബ്രഹ്മാവ്,  വിഷ്ണു,  ശിവൻ, കൃഷ്ണൻ തുടങ്ങിയ ദേവന്മാരെയും വേദങ്ങളെയും അംഗീകരിക്കാത്ത ക്രൈസ്തവർക്ക് അവരുടെ പ്രതീകമായ ഓം പ്രണവം ചെയ്യുന്നത് ശരിയായിരിക്കുമോ?  മിശിഹായെ ആദരിക്കുന്ന ഹ... Continue reading