ഹിന്ദുമതമായുള്ള സംവാദത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുവാൻ ചില ചരിത്രസംഭവങ്ങൾ അനുസ്മരിക്കുന്നത് സഹായകമായിരിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ തന്നെ ഫാദർ പീറ്റർ ജോഹാൻസ് മിശിഹായെ വേദാന്തത്തിലൂടെ അവതരിപ്പിക്കാനുള്ള യജ്ഞം ആരംഭിച്ചു. സാവധാനം അദ്ദേഹത്തിന്റെ പല സഹപ്രവർത്തകരും സംസ്കൃത ഭാഷയിൽ പാണ്ഡിത്യം നേടിയ ശേഷം ഹിന്ദു മതത്തെപറ്റി പണ്ഡിതോചിതമായ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. പുറകെ പലരും ഹിന്ദു മതത്തെയും ക്രിസ്തുമതത്തെയും പറ്റിയുള്ള താരതമ്യ പഠനങ്ങളും പ്രസിദ്ധപ്പെടുത്തി. ഹിന്ദുമതത്തിൽ ദീർഘകാലമായി ഉപയോഗത്തിലിരിക്കുന്ന സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് ക്രിസ്തുമത ദർശനങ്ങൾ വിനിമയം ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. അനുവാചകർ ഗ്രഹിക്കുന്ന ആശയം വ്യത്യസ്തമായിരിക്കും. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അവതരണത്തിലും വിവർത്തനത്തിലും പ്രതിബിംബിക്കാം..
ഉദാഹരണം :
ബാംഗ്ലൂർ ധർമ്മരാം കോളേജിലെ വൈദികർ രചിച്ചു സമർപ്പിച്ച ഇന്ത്യൻ അനാഫൊറ (Indianized Mass) യിൽ 'ഓംകാര' പ്രയോഗത്തെയും 'അസതോമ സത്ഗമയ... ' എന്ന ഉപനിഷത്തിന്റെ ഉപയോഗത്തെയും ക്കുറിച്ചുള്ള പരിശുദ്ധ സിംഹാസനത്തിന് പരാമർശനം ഈ പംക്തികളിൽ പ്രതിപാദിച്ചിട്ടുണ്ട്. 'സച്ചിദാനന്ദൻ' എന്ന് കുർബാനയിൽ ഉപയോഗിക്കുന്നതിനെപറ്റിയും 1980 ആഗസ്റ്റിൽ വത്തിക്കാനിലെ പൗരസ്ത്യ സംഘം നൽകിയ പ്രതികരണം ചുരുക്കമായി ഉദ്ധരിക്കുന്നു : "പരി. ത്രീത്വത്തെ ഉദ്ഘോഷിക്കുന്നത് 'സത്ത, ജ്ഞാനം, ആനന്ദം' (Being, Knowledge, Bliss)എന്ന മൂന്ന് സാങ്കേതിക പദങ്ങളിലാക്കുന്നത് ലിറ്റർജിയിൽ അനുവദനീയമല്ല.ദൈവശാസ്ത്രപര മായി തത്വചിന്താതലത്തിലുള്ള ഒരു പ്രവർത്തനമല്ല ലിറ്റർജി (ആരാധനക്രമം). ദൈവജനത്തിന്, ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയ പേരുകളിൽ അഭിസംബോധനം ചെയ്യുന്നതിന് അവകാശമുണ്ട്".
ക്രൈസ്തവരുടെ ആദ്ധ്യാത്മിക ജീവിതവും ദൈവാരാധനയും വിശ്വാസത്തിലും ക്രൈസ്തവ പാരമ്പര്യത്തിലും അധിഷ്ഠിതമായിരിക്കണം. അവയെല്ലാം അവഗണിച്ച് അന്യ മതങ്ങളെ ആശ്രയിക്കേണ്ടതില്ല.നമ്മുടെ ആധ്യാത്മിക ജീവിതത്തെ ധന്യമാക്കുന്നതിനു വേണ്ടത്ര നിധിയും ജീവജലവും ബൈബിളിൽ തന്നെ കണ്ടെത്താനാകും..
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു : "ഇന്ന് ലിറ്റർജി (ആരാധക്രമം) എവിടെയും സാംസ്കാരികാനുരൂപണത്തിനുള്ള ഒരു പരീക്ഷണശാലയായി മാറിയിരിക്കുകയാണ്. സംസ്ക്കാരികാനുരൂപണം
എന്ന് കേൾക്കുമ്പോൾ തന്നെ അതിനെ ലിറ്റർജിയുമായി മാത്രം ബന്ധപ്പെടുത്തുവാനാണ് ആളുകൾ ശ്രമിക്കുന്നത്.അതിന്റെ ഫലമായി ലിറ്റർജിയിൽ ദൗർഭാഗ്യകരമായ പല വൈകൃതങ്ങളും കടന്നുകൂടുന്നു. തങ്ങൾക്കുവേണ്ടിയാണ് ഈ വൈകൃതങ്ങൾ വന്നുഭവിക്കുന്നതെങ്കിലും വാസ്തവത്തിൽ ആരാധനാസമൂഹം അതിന്റെ പേരിൽ വിഷമിക്കുകയാണ്. കേവലം ബാഹ്യമായ രൂപഭാവങ്ങളിലുള്ള മാറ്റം സംസ്ക്കാരികാനുരൂപണം അല്ലെന്നു മാത്രമല്ല, സംസ്ക്കാരികാനുരൂപണമെന്ന വിഷയത്തെ പറ്റി ഏറെ തെറ്റിധാരണയ്ക്കു തന്നെ അത് വഴിതെളിക്കുകയും ചെയ്യും. മാത്രമല്ല തികച്ചും ബാഹ്യവും ഉപരിപ്ലവുമായ രീതിയിലാണ് ആരാധനാരൂപങ്ങൾ കടമെടുത്തിരിക്കുന്നത്. ആ മത- സാംസ്കാരികസമൂഹങ്ങളെ ഇത് വഴിയായി അവഹേളിക്കുക കൂടെയായിരിക്കും ചെയ്യുക".
References:
1. "തിരുസഭയും മിശിഹാരഹസ്യവും, പേജ് 47, 48, 49" (ബിഷപ്പ് അബ്രഹാം മറ്റം)
2. "ഭൂമിയുടെ ഉപ്പ്", ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുമായുള്ള അഭിമുഖം.