Home | Articles | 

jintochittilappilly.in
Posted On: 09/08/20 01:41
എന്റെ സഭ.. പരിശുദ്ധ കത്തോലിക്കാ സഭ

 

ഞാൻ മനസ്സിലാക്കിയിരിക്കുന്നത് ..

പുരോഹിതൻ മാത്രമല്ല സഭ

സന്യാസി മാത്രമല്ല സഭ

അല്മായൻ മാത്രമല്ല സഭ..

നാമെല്ലാവരും ചേർന്നതാണ്  സഭ

ശരീരമാകുന്ന സഭയുടെ ശിരസ്സാണ് ക്രിസ്തു..

ക്രിസ്തുവും സഭയും ഒന്നാണ്..

സഭയ്ക്ക് ദൈവീക മാനവും മാനുഷിക മാനവും ഉണ്ട്.. മാനുഷിക മാനം എപ്പോഴും ദൈവീകമാനത്തിലേക്കു തിരിഞ്ഞിരിക്കണം.. കീഴ്പെട്ടിരിക്കണം..

മാനുഷിക മാനത്തിൽ വീഴ്ചകൾ സംഭവിക്കും..

ദൈവീക മാനം പരിശുദ്ധമാണ്...

യേശു അരുളിച്ചെയ്‌തു: "യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും".[മത്തായി 28 : 20]

അത് മാനുഷിക മാനത്തെ നിരന്തരം ശുദ്ധികരിക്കുന്നു..

കളകളും നല്ല വിത്തുകളും സഭയിലുണ്ട്

യൂദാസും കാണും പത്രോസും കാണും

ഒറ്റി കൊടുത്തു നാശമടയുന്നവനും

തള്ളി പറഞ്ഞ് അനുതപിക്കുന്നവനും..

ചുരുക്കം പറഞ്ഞാൽ, പാപികളുടെ ഭവനം തന്നെ..

അനുതപിക്കുന്ന പാപിയാണ് വിശുദ്ധൻ..

തിരുസഭ മാതാവ് - സഭയ്ക്ക് മാതൃഹൃദയമാണുള്ളത്, സത്യത്തെയും സ്നേഹത്തെയും തള്ളികളഞ്ഞു നാശമടയുന്നവരെയോർത്തു അവളുടെ ഹൃദയം മുറിയുന്നു.. എല്ലാവരെയും തന്നിലേക്ക് തന്റെ നന്മയിലേക്ക് പുൽകാൻ ആഗ്രഹിക്കുന്നവൾ.. തള്ളികളയാൻ മടിക്കുന്നവൾ...    തന്റെ പ്രിയനോട് ചേർന്ന് മക്കൾക്കു ശിക്ഷണം നല്കി തിരുത്തുന്നവൾ...  അവളോട് ചേർന്ന് നിന്ന് കൊണ്ട് അവളുടെ വാക്കുകളെ തള്ളിക്കളയുന്ന മക്കൾ  അവളിൽ നിന്നും സ്വമനസാ വേർപെട്ടവർ... മറ്റുള്ളവരെയും അവർ മലീമസപ്പെടുത്താതിരിക്കാനും  ഇത്തരം പ്രവർത്തികൾ തന്റെ മക്കൾക്കു യോജിച്ചതല്ലെന്ന് മനസിലാക്കി  കൊടുക്കാനും  ചില സമയങ്ങളിൽ തന്നിൽ നിന്നും മാറ്റി നിർത്താൻ അവളിലെ മാതൃ സ്നേഹപരമായ ശിക്ഷണം ഉപകാരപ്പെടാറുണ്ട്.. ഈ സ്വഭാവലക്ഷണങ്ങൾ  കാണിക്കാത്ത സഭ തനയൻ സഭാമാതാവിനെ മനസിലാക്കാത്തവനാണ് എന്ന് വേണം കരുതാൻ.. ഇവർ സഭയ്ക്കും സമൂഹത്തിനും മാരകമായ മുറിവേല്പിക്കും.. സഭാമാതാവിനെ ജനമധ്യേ ദുഷിപ്പിക്കും.. അവളുടെ പ്രിയനേ പരിഹാസപാത്രമാക്കും..

എന്നിരുന്നാലും, തന്നിൽ നിന്നും  വേർപിരിഞ്ഞുപോയ മക്കളുടെ   തിരിച്ചുവരവിനായി കണ്ണുചിമ്മാതെ കാത്തിരിക്കും.. തിരികെവന്നാൽ  കൂദാശകളാൽ അവരെ കഴുകി തന്റെ ഭവനത്തിൽ സ്വീകരിച്ചിരുത്തി അവർക്ക് വിരുന്നൊരുക്കുന്ന സ്നേഹനിധിയായ മാതാവാണ് എന്റെ തിരുസഭ..

പുണ്യവാന്മാരുടെ ഐക്യമെന്ന [സഭയുടെ മൂന്ന് അവസ്ഥകൾ - വിജയ സഭ, സഹന സഭ, ഭൂമിയിലായിരിക്കുന്ന സമര സഭ] വിശ്വാസത്യവുമായി ബന്ധപ്പെടുത്തി വേണം ദൈവീകവും മാനുഷികമായ ഘടകങ്ങളെ മനസ്സിലാക്കാൻ.. ക്രിസ്തു - കത്തോലിക്കാ സഭയ്ക്ക് പുറത്തുള്ള വ്യക്തിയല്ല, മറിച്ച് സ്ഥാപകനും ഏറ്റവും പ്രധാനപ്പെട്ട അംഗവും.

"എല്ലാ വിശ്വാസികളും കൂടി ഒറ്റ ശരീരമാകുന്നത് കൊണ്ട് ഓരോരുത്തന്റെയും നന്മ മറ്റുള്ളവർക്ക്‌ പകർന്നു നൽകപ്പെടുന്നു... തൻമൂലം നന്മകളുടെ ഒരു സംസർഗവും സഭയിലുണ്ടെന്നു വിശ്വസിക്കണം. എന്നാൽ ക്രിസ്തുവാണ് ഏറ്റവും പ്രധാനപ്പെട്ട അംഗം. കാരണം, അവിടുന്നു ശിരസ്സാണ്... അതുകൊണ്ട്, ക്രിസ്തുവിന്റെ സമ്പത്ത്‌, കൂദാശകളിലൂടെ എല്ലാ അംഗങ്ങൾക്കും നൽകപ്പെടുന്നു. ഈ സഭ ഒരേ ആത്മാവിനാൽ നയിക്കപ്പെടുന്നതുകൊണ്ട് ഈ സഭ സ്വീകരിക്കുന്ന സകല നന്മകളും ഒരു പൊതു നിക്ഷേപമായിത്തീരുന്നു"[കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഖണ്ഡിക # 947]

 “ക്രിസ്തുവിൻറെ മണവാട്ടിയായ സഭ കറുത്തവളെങ്കിലും സുന്ദരിയാണ്..  ഓ ജെറുസലേം പുത്രിമാരെ! അവളുടെ സുദീർഘമായ വിപ്രവാസത്തിലെ കഠിനാദ്ധ്വാനവും വേദനയും അവളുടെ നിറം കെടുത്തിയിട്ടുണ്ടാവാമെങ്കിലും    സ്വർഗ്ഗീയ സൗന്ദര്യത്താൽ അലംകൃതയാണവൾ” - ക്ലെർവോയിലെ വിശുദ്ധ  ബെർണാഡ്

"കത്തോലിക്കാ സഭയിൽ തന്നെ,തിരുസഭയുടെ പ്രകൃതിയെ പറ്റിയും ദൗത്യത്തെ പറ്റിയും വെറും ഭാഗികമായ  ജ്ഞാനം  വച്ചു പുലർത്തുന്ന പലരും ഗുരുതരമായ തിന്മകളിലേക്ക്  വീഴാറുണ്ടെന്ന്”  വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ( എക്ലേസിയാം സുവാം ,നമ്പർ 27)  

സഭാപിതാവായ ജെറുസലേമിലെ വിശുദ്ധ സിറിൽ പറയുന്നു:”നിങ്ങൾ ഏതെങ്കിലും നഗരത്തിലൂടെ സഞ്ചരിക്കാൻ ഇടയായാൽ ,വെറുതെ കർത്താവിന്റെ ഭവനം എവിടെ എന്ന് ചോദിക്കരുത്. ....അഥവാ സഭ എവിടെ എന്ന് വെറുതെ ചോദിക്കരുത്. പിന്നെയോ, കത്തോലിക്കാ സഭ എവിടെയാണ് എന്നാണ് ചോദിക്കേണ്ടത്.എന്തുകൊണ്ടെന്നാൽ ഇതാണ് ഈ വിശുദ്ധ സഭയുടെ സവിശേഷമായ പേര്”.

*കത്തോലിക്കാ തിരുസഭ - "നല്ല വിത്തും കളകളും കലർന്നു വളരുന്ന വയൽ" :
പാപികളെ തന്റെ മാറോടണയ്ക്കുന്ന സഭ പരിശുദ്ധയും അതേസമയം എപ്പോഴും വിശുദ്ധീകരിക്കപ്പെടേണ്ടവളാണ് ! അവൾ പ്രായശ്ചിത്തത്തിന്റെയും നവീകരണത്തിന്റെയും പാത നിരന്തരം പിൻതുടരുന്നു.സഭയുടെ എല്ലാ അംഗങ്ങളും അവളുടെ ശുശ്രൂഷകർ ഉൾപ്പെടെ,തങ്ങൾ പാപികളാണെന്ന് അംഗീകരിക്കണം. സമയത്തിന്റെ അന്ത്യംവരെ ഓരോരുത്തരിലും സുവിശേഷത്തിലെ "നല്ല ഗോതമ്പിനോടൊപ്പം,പാപത്തിന്റെ കളകളും" കലർന്നിരിക്കും.അതുകൊണ്ട്, ക്രിസ്തുവിന്റെ രക്ഷയിൽ പ്രവേശിച്ചവരും എന്നാൽ ഇനിയും വിശുദ്ധിയുടെ പാതയിൽ സഞ്ചരിക്കുന്നവരുമായ പാപികളെ സഭ ഒന്നിച്ചു ചേർക്കുന്നു: അതുകൊണ്ടു സഭ,അവളിൽ പാപികളുണ്ടെങ്കിലും വിശുദ്ധയാണ്. കാരണം,അവൾക്കു കൃപാവരത്തിന്റെ ജീവനല്ലാതെ മറ്റു ജീവനില്ല. അവളുടെ അംഗങ്ങൾ അവളുടെ ജീവിതം നയിച്ചാൽ അവർ വിശുദ്ധരാക്കപ്പെടും.അവളുടെ ജീവിതത്തിൽ നിന്ന് അവർ അകന്നുപോയാൽ, അവളുടെ വിശുദ്ധിയുടെ പ്രസരണത്തെ തടയുന്ന പാപങ്ങളിലേക്കും ക്രമക്കേടുകളിലേക്കും അവർ വീഴും.അതുകൊണ്ടാണ് അവൾ സഹിക്കുകയും ആ പാപങ്ങൾക്ക് പ്രായശ്ചിത്തമനുഷ്ഠിക്കുകയും ചെയ്യുന്നത്.ആ പാപങ്ങളിൽ നിന്ന് തന്റെ മക്കളെ ക്രിസ്തുവിന്റെ രക്തത്തിലൂടെയും പരിശുദ്ധാത്മാവിന്റെ ദാനത്തിലൂടെയും വിമോചിപ്പിക്കാൻ അവൾക്ക് അധികാരമുണ്ട്.... സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിൽ വിശുദ്ധന്മാരും വിശുദ്ധകളും എന്നും നവീകരണത്തിന്റെ ഉറവിടവും ഉത്പത്തിയുമായി നിലകൊണ്ടിട്ടുണ്ട്.[കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഖണ്ഡിക # 827,828]

"നീ നോക്കിക്കൊണ്ടിരിക്കേ, ഒരു കല്ല്‌ ആരും തൊടാതെ അടര്‍ന്നു വന്നു ബിംബത്തിന്‍െറ ഇരുമ്പും കളിമണ്ണും ചേര്‍ന്ന പാദങ്ങളില്‍ പതിച്ച്‌, അതിനെ ഛിന്നഭിന്നമാക്കി.ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വര്‍ണവുമെല്ലാം ഒന്നുപോലെ പൊടിഞ്ഞ്‌ വേനല്‍ക്കാലത്തു മെതിക്കളത്തിലെ പതിരുപോലെയായി; അവയുടെ ഒരു തരിപോലും കാണാനില്ലാത്തവിധം കാറ്റ്‌ അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമ തകര്‍ത്ത കല്ലാകട്ടെ, ഒരു മഹാപര്‍വതമായിത്തീര്‍ന്ന്‌ ഭൂമി മുഴുവന്‍ നിറഞ്ഞു.ആ രാജാക്കന്‍മാരുടെ നാളുകളില്‍, ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്‌ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വര്‍ഗസ്‌ഥനായ ദൈവം പടുത്തുയര്‍ത്തും. മേല്‍പറഞ്ഞരാജ്യങ്ങളെ എല്ലാം തകര്‍ത്ത്‌, ഇല്ലാതാക്കി, അത്‌ എന്നേക്കും നിലനില്‍ക്കും".[ദാനിയേല്‍ 2 : 34-44]

ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്‍െറ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.സ്വര്‍ഗരാജ്യത്തിന്‍െറ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.[മത്തായി 16 : 18-19]




Article URL:







Quick Links

*സത്യമതവും ക്രിസ്തുവിന്റെ ഏകസഭയും* (പരമ്പരാഗത കത്തോലിക്കാ വിശ്വാസം)

വിശുദ്ധ ജോൺ മരിയ വിയാനി ഇപ്രകാരം പറഞ്ഞു: "കത്തോലിക്കർക്ക് ഭൂരിപക്ഷവും വഴിതെറ്റുന്നത് അജ്ഞത മൂലമാണ്. കാരണം, അവർക്ക് തങ്ങളുടെ മതത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ".   വി ജോൺ ഇരു... Continue reading


പരിശുദ്ധ കത്തോലിക്കാ സഭ - സത്യത്തിന്റെ പൂർണത.

സഭ ക്രിസ്തുവിന്റെ ശരീരമാണ്‌; എല്ലാ വസ്‌തുക്കളിലും സകലവും പൂര് ‍ ത്തിയാക്കുന്ന അവന്റെ പൂര് ‍ ണതയുമാണ്‌.(എഫേസോസ്‌ 1 : 23); അവന്... Continue reading


എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?

എങ്ങനെ ജീവിച്ചാലും എല്ലാവരും തന്നെ സ്വർഗ്ഗത്തിൽ പോകുമോ?   കത്തോലിക്കാ വിശ്വാസവിചാരം എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്... Continue reading


വിശ്വാസത്തിന്റെ അനുസരണം

വിശ്വാസംമൂലം അബ്രാഹം തനിക്ക്‌ അവകാശമായി ലഭിക്കാനുള്ള സ്‌ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ്‌ അവന്‍ പുറപ്പെട്ടത... Continue reading


എന്റെ സഭ.. പരിശുദ്ധ കത്തോലിക്കാ സഭ

ഞാൻ മനസ്സിലാക്കിയിരിക്കുന്നത് .. പുരോഹിതൻ മാത്രമല്ല സഭ സന്യാസി മാത്രമല്ല സഭ അല്മായൻ മാത്രമല്ല സഭ.. നാമെല്ലാവരും ചേർന്നതാണ്  സഭ ശരീരമാകുന്ന സഭയുടെ ശിരസ്സാണ് ക്രിസ്തു.. ക്രിസ്തുവും സഭയും ഒന... Continue reading