Home | Articles | 

jintochittilappilly.in
Posted On: 03/09/20 00:12
സാർവ്വത്രിക സൂനഹദോസുകളുടെ ഭാരതതുടർച്ച:ഉദയംപേരൂർ സൂനഹദോസ്

 


 1585 ൽ ഗോവ അതിരൂപതയുടെ സാമന്തരൂപയായി മാറിയ പുരാതന പൈതൃകം അവകാശപ്പെടുന്ന അങ്കമാലി രൂപതയിലെ ഉദയംപേരൂരിൽ 1599 ആണ്ടിൽ ജൂൺ 20 മുതൽ 26 വരെ നടന്ന ഒരു പ്രാദേശിക സൂനഹദോസാണ് ഉദയംപേരൂർ സൂനഹദോസ് എന്ന പേരിൽ പ്രസിദ്ധമായത്. പതിനാറാം നൂറ്റാണ്ടിലെ കേരള ചരിത്രത്തിലേക്കും കേരള സഭാ ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന അനർഘനിധിനിക്ഷേപങ്ങളാണ് ഉദയംപേരൂർ സൂനഹദോസ് രേഖകൾ. പാശ്ചാത്യ  മിഷനറിമാർ നേതൃത്വം കൊടുത്തു നടപ്പിലാക്കിയ ക്രൈസ്തവവത്കരണ / കത്തോലിക്കാവത്കരണ യത്നമാണിത്. ഇതിലൂടെ തങ്ങളുടെ സഭ പതിനഞ്ചു നൂറ്റാണ്ടുകൾ കൊണ്ടു വികസിപ്പിച്ചു വന്ന തനിമയാർന്ന കേരള ക്രൈസ്തവ പാരമ്പര്യം നഷ്ടപ്പെടുത്തി പാശ്ചാത്യ രീതി അടിച്ചേൽപ്പിച്ചു എന്ന് പരാതിപ്പെടുന്ന വരുണ്ട്. ഇന്നത്തെ കേരള സഭയുടെ സുസ്ഥിതിക്കും കെട്ടുറപ്പിനും മുഖ്യകാരണം ഉദയംപേരൂർ സുനഹദോസ് ആണ് എന്ന് ഇക്കൂട്ടർ തുറന്നു സമ്മതിക്കുന്നുമില്ല. ഒറ്റപ്പെട്ടതെങ്കിലും, ചില സ്ഥിതി വിവരങ്ങളുടെ വിശകലനത്തിലും അവ നടപ്പിലാക്കിയ  രീതിയിലും ഉദയംപേരൂർ സൂനഹദോസ് നേതൃത്വം നൽകിയവർക്ക് പോരായ്മകൾ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ സൂനഹദോസിന്റെ  ബഹുഭൂരിപക്ഷം തീരുമാനങ്ങളും കേരള പൊതുസമൂഹത്തിനും സഭയ്ക്കും ഗുണകരമായേ ഭവിച്ചിട്ടുള്ളൂ.

A.ട്രെന്റിൽ നിന്ന് ഉദയംപേരൂരിലേക്കുള്ള വഴികൾ

പോർച്ചുഗീസ് കൊളോണിയലിസത്തിന്റെ ഭാഗമായി വന്നവരാണെങ്കിലും കത്തോലിക്കാ സഭയാൽ അയയ്ക്കപ്പെട്ട മിഷണറിമാരായിരുന്നു ഉദയംപേരൂർ സൂനഹദോസിനു ചുക്കാൻ പിടിച്ചവർ. അതിനാൽ ത്തന്നെ ആഗോളകത്തോലിക്കാസഭയുടെ മിഷണറി ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു, ഈ മിഷണറിമാർ.

ആഗോളകത്തോലിക്കാസഭ അഭിമുഖീകരിച്ച ഏറ്റവും വലിയ വിഭജനത്തിനു കാരണമായത് പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ (1483-1546) തുടക്കം കുറിച്ച പ്രൊട്ടസ്റ്റന്റ് നവീകരണമാണ്. ഇത്തരുണത്തിൽ സഭയെത്തന്നെ നവീകരിക്കാനും സഭയുടെ പഠനങ്ങൾക്ക് വ്യക്തത വരുത്താനും അബദ്ധസിദ്ധാന്തങ്ങളെ ചെറുക്കാനുമായി ഒരു സാർവത്രിക സൂനഹദോസ് എന്ന ആശയം പല  കോണുകളിലും നിന്ന് ഉയരുകയുണ്ടായി. പോൾ മൂന്നാമൻ പാപ്പാ (1534-49)യാണ് ഏറെ വിചിന്തനങ്ങൾക്കു ശേഷം അത്തരമൊരു സൂനഹദോസ് വിളിച്ചു ചേർത്തത്.

1537-ൽ ഇറ്റലിയിലെ മാന്തുവായിലും പിന്നീട് ഇറ്റലിയിലെ വിച്ചെൻസായിലും സൂനഹദോസ് കൂടുന്നതിനു നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. പിന്നീട് 1542-ൽ ട്രെന്റിൽ വച്ച് കൂടാൻ തീരുമാനിച്ചെങ്കിലും യുദ്ധംമൂലം അതും മാറ്റിവയ്ക്കപ്പെട്ടു. തുടർന്ന് 1544-ൽ ക്രെപ്പി (Crepy) യിലെ സമാധാന കരാറിനെത്തുടർന്ന് 1545-ൽ ഇറ്റലിയുടെയും ജർമനിയുടെയും അതിർത്തിപട്ടണമായ ട്രെന്റിൽ 1545 ഡിസംബർ 13-ാം തീയതി പത്തൊമ്പതാം സാർവത്രിക സൂനഹദോസ് നടന്നു.

സഭാനവീകരണത്തിന്റെ കാര്യത്തിൽ അതുവരെ നടന്ന എല്ലാ സൂനഹദോസുകളെയും വെല്ലുന്നതായിരുന്നു ട്രെന്റ് സൂനഹദോസ് (1545-63). പ്രൊട്ടസ്റ്റന്റു നവീകരണം മുന്നോട്ടുവച്ച എല്ലാ നന്മകളും സ്വീകരിച്ചുകൊണ്ടുതന്നെ കൂടുതൽ കരുത്തോടെ മുമ്പോട്ടുപോകാൻ ട്രെന്റിൽ സഭ പ്രതിവിധി തേടി. പോൾ മൂന്നാമൻ പാപ്പായുടെ പിൻഗാമിയായി പിന്നീടു വന്ന പീയൂസ് നാലാമൻ പാപ്പാ (1559-65) ട്രെന്റ് സൂനഹദോസിന്റെ കാനോനകൾ എല്ലാ ക്രൈസ്തവ രാജ്യങ്ങളിലും സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചു.

പീയൂസ് നാലാമൻ പാപ്പായുടെ ആഗ്രഹത്തിന് സമ്പൂർണ പിന്തുണയാണ് പോർച്ചുഗൽ നല്കിയത്. ട്രെന്റ് സൂനഹദോസ് കാനോനകൾ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പോർച്ചുഗൽ ഉടനടി തുടങ്ങുകയുണ്ടായി. 1564 സെപ്റ്റംബർ 12-ന് ട്രെന്റ് സൂനഹദോസ് കാനോനകൾ പോർച്ചുഗൽ സാമ്രാജ്യത്തിൽ പ്രസിദ്ധീകരിക്കണമെന്ന് രാജാവിന്റെ കല്പന ഇറങ്ങി. തങ്ങളുടെ കോളണികളിൽനിന്ന് കത്തോലിക്കാസഭാ വിരുദ്ധതരംഗങ്ങൾ അപ്പാടെ നീക്കം ചെയ്യുന്നതിനുള്ള ഉപാധിയായി പോർച്ചുഗൽ ഈ അവസരം ഉപയോഗപ്പെടുത്തി. 1565 ഒക്ടോബർ 21-ന് സൂനഹദോസ് ഡിക്രികൾ കൊച്ചിയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതേവർഷം തന്നെ കൊല്ലത്തും അവ വെളിച്ചംകണ്ടു.

ട്രെന്റ് സൂനഹദോസിന്റെ കാനോനകൾ ഭാരതത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗോവയിൽ 1567, 1575, 1585, 1592, 1606- വർഷങ്ങളിലായി അഞ്ച് പ്രാദേശിക സൂനഹദോസുകൾ നടക്കുകയുണ്ടായി. 1585-ലെ മൂന്നാം ഗോവൻ പ്രാദേശിക സൂനഹദോസിന്റെ മൂന്നാം സെഷനിൽ നാലാം ഡിക്രിയിൽ ട്രെന്റ് സൂനഹദോസ് കല്പിച്ചതനുസരിച്ച് സെമിനാരികൾ സ്ഥാപിക്കാൻ തീരുമാനിക്കുകയുണ്ടായി. അതേ സൂനഹദോസിന്റെ മൂന്നാം സെഷനിൽ ആറാം ഡിക്രിയിൽ ട്രെന്റ് സൂനഹദോസിന്റെ കാനോനകളുടെ സംക്ഷിപ്തരൂപം സേറ (Serra  ഇന്നത്തെ കേരളം)യിലെ സഭയുടെ ഉപയോഗത്തിനായി പ്രസിദ്ധീകരിക്കണമെന്നും നിർദേശിക്കുന്നുണ്ട്.

1583 ഒക്ടോബർ 26-നു നടന്ന അങ്കമാലി സൂനഹദോസും ട്രെന്റ് സൂനഹദോസിന്റെ സഭാ നവീകരണശ്രമത്തിന്റെ ഭാഗമായിരുന്നു. അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ അബ്രാഹം 1585-ൽ ഗോവയിൽ നടന്ന മൂന്നാം പ്രാദേശിക സൂനഹദോസിൽ പങ്കെടുക്കുകയും തന്റെ അതിരൂപതയിലെ അബദ്ധസിദ്ധാന്തങ്ങൾ ഉൻമൂലനം ചെയ്യാൻ തീരുമാനമെടുക്കുകയും ചെയ്തു. പ്രസ്തുത സൂനഹദോസ് രേഖകളിൽ ഒപ്പുവച്ചതോടെ അങ്കമാലി ഗോവ അതിരൂപതയുടെ കീഴിൽ ഗോവ അതിരൂപതയുടെ സാമന്തരൂപതയുമായിത്തീർന്നു. 1597 ഫെബ്രുവരിയിൽ മാർ അബ്രാഹത്തിന്റെ മരണശേഷം മെത്രാൻ സ്ഥാനം ഒഴിവുവരുന്ന അവസരങ്ങളിൽ (Sede Vacante) അതിരൂപതാ മെത്രാപ്പോലീത്തയ്ക്കുള്ള പ്രത്യേക അധികാരമുപയോഗിച്ച് അന്നത്തെ ഗോവാ അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന അലക്‌സിസ് മെനെസിസ് (1595-1609) അങ്കമാലി രൂപതാ സൂനഹദോസ് ഉദയംപേരൂരിൽ 1599-ൽ വിളിച്ചുകൂട്ടി.

B.ഉദയംപേരൂർ സൂനഹദോസും സാർവത്രിക സൂനഹദോസുകളും

ആഗോളസഭയിൽ ഒന്നാം നിഖ്യാ സൂനഹദോസ് (325) മുതൽ രണ്ടാം വത്തിക്കാൻ സൂനഹദോസ് വരെ (1965) ഇരുപത്തിയൊന്നു സാർവത്രിക സൂനഹദോസുകൾ നടന്നിട്ടുണ്ട്. ഓരോ സാർവത്രിക സൂനഹദോസിനും പശ്ചാത്തലമായി, മുമ്പ് നടന്നിട്ടുള്ള സൂനഹദോസുകളുടെ പഠനങ്ങളും തീരുമാനങ്ങളുമുണ്ട്. സൂനഹദോസുകൾക്ക് തമ്മിൽ ബന്ധവും തുടർച്ചയുമുണ്ട്. അതിനാൽ ട്രെൻ്റ് സൂനഹദോസിൻ്റെ കാനോനകൾ അംഗീകരിക്കുമ്പോൾ, അതിൻ്റെ പശ്ചാത്തലപഠനങ്ങളായ മുൻ സാർവത്രിക സൂനഹദോസുകളാണ് അംഗീകരിക്കുന്നത്. ഉദയംപേരൂർ സൂനഹദോസിലെ ട്രെൻ്റ് സൂനഹദോസിൻ്റെ സ്വാധീനങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിൽ അതിനാൽത്തന്നെ നിശ്ചയമായും മറ്റു സാർവത്രിക സൂനഹദോസുകളുടെ സ്വാധീനങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്.

C.ട്രെൻ്റ് സൂനഹദോസും ഉദയംപേരൂർ സൂനഹദോസും: ബന്ധവും തുടർച്ചയും

ഉദയംപേരൂർ സൂനഹദോസ് എല്ലാ സാർവത്രിക സൂനഹദോസുകളുമായും പ്രത്യേകിച്ച് ട്രെൻ്റ് സൂനഹദോസുമായും അഭേദ്യമായ ബന്ധം സൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്. ട്രെൻ്റ് സൂനഹദോസിനോടുള്ള പ്രത്യേക ബന്ധത്തിന് കാരണം, അത് സാർവത്രിക സൂനഹദോസുകളിൽ അന്നത്തെ ഏറ്റവും ഒടുവലത്തേതും സഭാനവീകരണസൂനഹദോസുകളിൽ പ്രമുഖവുമായിരന്നതാവണം. ഇരുപത്തഞ്ചു പ്രാവശ്യമാണ് ട്രെൻ്റ് സൂനഹദോസിനെപ്പറ്റി ഉദയംപേരൂർ സൂനഹദോസ് പ്രതിപാദിച്ചിരിക്കുന്നത്. ട്രെൻ്റ് സൂനഹദോസ് പഠിപ്പിച്ചതെല്ലാം അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്ന് ഉദയംപേരൂർ സൂനഹദോസിൻ്റെ രണ്ടാം സെഷനിൽ, ഒന്നാം ഡിക്രിയിൽ നാം വായിക്കുന്നു.

D.ഉദയംപേരൂർ-ട്രെൻ്റ് സൂനഹദോസിലെ കാനോനകളുടെ ഘടനയിലെ സമാനതയും പ്രതിപാദനവിഷയങ്ങളുടെ ഐക്യവും

ഉദയംപേരൂർ സൂനഹദോസിലെ ട്രെൻ്റ് സൂനഹദോസ് സ്വാധീനം അതിൻ്റെ കാനോനകളിലെ ഘടനയിലും പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങളുടെ ഐക്യത്തിലും നിഴലിക്കുന്നുണ്ട്. പ്രസ്തുത ഐക്യം എടുത്തു കാട്ടുന്ന പതിനഞ്ചു തലങ്ങൾ ഇവിടെ സൂചിപ്പിക്കാം.

1. സൂനഹദോസിൻ്റെ ഉദ്ദിഷ്ടലക്ഷ്യങ്ങൾ വ്യക്തമാക്കുന്നു (ട്രെൻ്റ്, ഒന്നാം സെഷൻ - ഉദയംപേരൂർ, ഒന്നാം സെഷൻ)

2. പങ്കെടുക്കുന്നവർ പാലിക്കേണ്ട ആചാരമര്യാദകൾ (ട്രെൻ്റ്, രണ്ടാം സെഷൻ - ഉദയംപേരൂർ, ഒന്നാം സെഷൻ)

3. വിശ്വാസപ്രമാണം അംഗീകരിക്കുന്നു (ട്രെൻ്റ്, മൂന്നാം സെഷൻ - ഉദയംപേരൂർ, രണ്ടാം സെഷൻ)

4. വിശുദ്ധ ഗ്രന്ഥത്തിലെ പുസ്തകങ്ങളും അപ്പസ്തോലികപാരമ്പര്യങ്ങളും അംഗീകരിക്കുന്നു (ട്രെൻ്റ്, നാലാം സെഷൻ - ഉദയംപേരൂർ, മൂന്നാം സെഷൻ, ഒന്നാം ഡിക്രി, അഞ്ചാം അദ്ധ്യായം)

5. ജന്മപാപത്തെപ്പറ്റി പഠിപ്പിക്കുന്നു
(ട്രെൻ്റ്, അഞ്ചാം സെഷൻ - ഉദയംപേരൂർ, മൂന്നാം സെഷൻ,  ഒന്നാം ഡിക്രി, അഞ്ചാം അദ്ധ്യായം)

6. നീതിമത്കരണം വിശ്വാസത്തിലൂടെ (ട്രെൻ്റ്, ആറാം സെഷൻ - ഉദയംപേരൂർ, മൂന്നാം സെഷൻ, ഒന്നാം ഡിക്രി, നാലാം അധ്യായം)

7. കൂദാശകളെപ്പറ്റി പൊതുവായും ജ്ഞാനസ്നാന-സ്ഥൈര്യലേപനകൂദാശകളെപ്പറ്റി പ്രത്യേകമായും പഠിപ്പിക്കുന്നു (ട്രെൻ്റ്, ഏഴാം സെഷൻ - ഉദയംപേരൂർ, നാലാം സെഷൻ)

8. വിശുദ്ധ കുർബ്ബാന (ട്രെൻ്റ്, പതിമൂന്നാം സെഷൻ - ഉദയംപേരൂർ, അഞ്ചാം സെഷൻ)

9. കുമ്പസാരം-രോഗീലേപന കൂദാശകൾ (ട്രെൻ്റ്, പതിനാലാം സെഷൻ - ഉദയംപേരൂർ, ആറാം സെഷൻ)

10. വിശുദ്ധബലിയർപ്പണം (ട്രെൻ്റ്, ഇരുപത്തിരണ്ടാം സെഷൻ - ഉദയംപേരൂർ, അഞ്ചാം സെഷൻ)

11. തിരുപട്ടം (ട്രെൻ്റ്, ഇരുപത്തിമൂന്നാം സെഷൻ - ഉദയംപേരൂർ, ഏഴാം സെഷൻ)

12. വിവാഹം (ട്രെൻ്റ്, ഇരുപത്തിനാലാം സെഷൻ - ഉദയംപേരൂർ, ഏഴാം സെഷൻ)

13. ശുദ്ധീകരണസ്ഥലം (ട്രെൻ്റ്, ഇരുപത്തിയഞ്ചാം സെഷൻ - ഉദയംപേരൂർ, രണ്ടാം സെഷൻ, ഒന്നാം ഡിക്രി)

14. വിശുദ്ധരോടുള്ള വണക്കം, പൊതുനവീകരണം, ഉപവാസം, തിരുനാളുകൾ (ട്രെൻ്റ്, ഇരുപത്തിയഞ്ചാം സെഷൻ - ഉദയംപേരൂർ, എട്ടും ഒമ്പതും സെഷൻനുകൾ)

15. സൂനഹദോസ് തീരുമാനങ്ങൾ എല്ലാവരെയും അറിയിക്കേണ്ടതിനേയും എല്ലാവരും പരിപാലിക്കേണ്ടതിനെയും കുറിച്ച് (ട്രെൻ്റ്, ഇരുപത്തിയഞ്ചാം സെഷൻ - ഉദയംപേരൂർ, ഒമ്പതാം സെഷൻ, ഇരുപത്തിഞ്ചാം ഡിക്രി)

അത്ഭുതാവഹമായ രീതിയിലാണ് ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകളിൽ ട്രെൻ്റ് സൂനഹദോസിൻ്റെ കാനോനകളുടെ ഘടനയും പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങളുടെ ഐക്യവും ഇതൾ വിരിയുന്നത്.

E. ഉപസംഹാരം

പതിനാറാം നൂറ്റാണ്ടിൽ ആഗോള കത്തോലിക്കാസഭ സ്വയമേയും സമൂഹത്തെയും നവീകരിക്കാൻ ശ്രമിച്ചതിൻ്റെ പരിണത ഫലമാണ് ട്രെൻ്റിൽ നടന്ന പത്തൊമ്പതാം സാർവത്രിക സൂനഹദോസ്. പ്രസ്തുത സൂനഹദോസ് കാനോനകൾ ആഗോളവ്യാപകമായി നടപ്പിലാക്കുന്നതിന് സഭയും പാപ്പാമാരും ശ്രദ്ധവച്ചു. കൊളോണിയൽശക്തികളായ പോർട്ടുഗൽ അത് ശിരസാവഹിച്ചു. പ്രാദേശിക സൂനഹദോസുകളിലൂടെ അവർ അത് നടപ്പിലാക്കി. ട്രെൻ്റ് സൂനഹദോസിൻ്റെ വിശാല പശ്ചാത്തലത്തിൽ മാത്രമേ ഉദയംപേരൂരിൻ്റെ കത്തോലിക്കാവത്കരണ യജ്ഞം ആഴത്തിൽ മനസ്സിലാക്കാനാവൂ. ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകളിലെ സാർവത്രിക സൂനഹദോസുകളുടെയും, പ്രത്യേകിച്ച് ട്രെൻ്റ് സൂനഹദോസിൻ്റെയും, സ്വാധീനം ആരെയും അത്ഭുതപ്പെടുത്തും. ട്രെൻ്റ് സൂനഹദോസിൻ്റെ അരൂപി ഉൾക്കൊണ്ട് പ്രാദേശിക നവീകരണത്തിനും ഉദയംപേരൂർ ശ്രദ്ധിച്ചു എന്നത് ശ്ലാഘനീയം തന്നെ.

ഉദയംപേരൂർ സൂനഹദോസ് നടന്ന് 418 വർഷങ്ങൾ (ഈ ലേഖനം  പുറത്തിറങ്ങിയത് 2017 ൽ ആണ്) പിന്നിടുമ്പോഴും ഇന്നത്തെ ഭാരത കത്തോലിക്കാസഭയുടെ കെട്ടുറപ്പിന്റെ അടിസ്ഥാനം സാർവത്രിക സൂനഹദോസുകളുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടുനില്ക്കുന്ന ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ തന്നെ. ഇനി ഒരു തിരിച്ചുപോക്ക് അസാധ്യമാകും വിധം ഭാരതസഭ, വിശേഷിച്ച് കേരള കത്തോലിക്കാസഭ, ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ സ്വാംശീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ നാലു നൂറ്റാണ്ടുകൾ കേരള കത്തോലിക്കാസഭയെ നയിച്ചതും നിയന്ത്രിച്ചതും ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ തന്നെ. പൂർവ ഉദയംപേരൂർ സൂനഹദോസിന്റെ ക്രൈസ്തവ സാഹചര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക് ഏതു സഭയുടെയും അകത്തോലിക്കാവത്കരണത്തിലെത്തിക്കും എന്നതാണ് സത്യം.

ഉദയംപേരൂർ സൂനഹദോസിനു ശേഷം 1653-ൽ കൂനൻ കുരിശുശപഥത്തെത്തുടർന്ന് കത്തോലിക്കാസഭയിൽനിന്നു വിഘടിച്ചുപോയവരിൽ ഒരു കൂട്ടർ 1930-ൽ സീറോ-മലങ്കര സഭ എന്ന പേരിൽ കത്തോലിക്കാസഭയിലേക്കു മടങ്ങിവന്നപ്പോൾ, പാശ്ചാത്യർ അടിച്ചേല്പിച്ചു എന്നു പറയപ്പെടുന്ന ഉദയംപേരൂർ സൂനഹദോസ് തീരുമാനങ്ങളൊന്നും തിരുത്താൻ ശ്രമിച്ചില്ല. എന്നു മാത്രമല്ല, 1992-മുതൽ സ്വയംഭരണാവകാശമുള്ള സഭയായിത്തീർന്നിട്ടും സീറോ-മലബാർ സഭയും ഉദയംപേരൂർ സൂനഹദോസിന്റെ പ്രധാനപ്പെട്ട ഒരു തീരുമാനവും അപ്പാടെ തള്ളിക്കളയാൻ ശ്രമിക്കാത്തതും ഉദയംപേരൂർ സൂനഹദോസിന് ട്രെന്റ് സൂനഹദോസുമായും മറ്റ് സാർവതിക സൂനഹദോസുകളുമായുമുള്ള അഭേദ്യമായ ബന്ധവും തുടർച്ചയും കൊണ്ടാണ് എന്നതാണ് യാഥാർഥ്യം.

കടപ്പാട് :

കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (KRLCBC) ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറിയും ചരിത്ര പണ്ഡിതനുമായ  ഡോ. ആൻ്റണി പാട്ടപ്പറമ്പിൽ എഴുതിയ *ഉദയംപേരൂർ സൂനഹദോസ്: ചരിത്രത്തിൻ്റെ ശരിക്കാഴ്ച* എന്ന പുസ്തക്കത്തിൽ നിന്ന് എടുത്തത് (കാണുക പേജ് 13 മുതൽ 26 വരെ)




Article URL:







Quick Links

സാർവ്വത്രിക സൂനഹദോസുകളുടെ ഭാരതതുടർച്ച:ഉദയംപേരൂർ സൂനഹദോസ്

 1585 ൽ ഗോവ അതിരൂപതയുടെ സാമന്തരൂപയായി മാറിയ പുരാതന പൈതൃകം അവകാശപ്പെടുന്ന അങ്കമാലി രൂപതയിലെ ഉദയംപേരൂരിൽ 1599 ആണ്ടിൽ ജൂൺ 20 മുതൽ 26 വരെ നടന്ന ഒരു പ്രാദേശിക സൂനഹദോസാണ് ഉദയംപേരൂർ സൂനഹദോസ് എന്ന പേര... Continue reading


ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ശ്രമം

ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ഫാ. സേവ്യർ കൂടപ്പുഴ നാലു മുഖ്യകാരണങ്ങൾ നിരത്തുന്നുണ്ട്: (സഭാചരിത്ര പണ്ഡിതനായ ഫാ സേവ്യർ കൂടപുഴയുടെ "ഭാരതസഭാ ചരിത്രം"  എന്ന ഗ്രന്ഥത്തിലെ  - ഉദ... Continue reading


രണ്ടാം വത്തിക്കാൻ കൗൺസിൽ അജപാലനോന്മുഖമാണ് (Pastoral Oriented)

ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്‌തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും-വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നല്ല വിശ... Continue reading


കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രത... Continue reading


കത്തോലിക്കാ സഭയുടെ സാർവ്വത്രിക മതബോധനഗ്രന്ഥങ്ങൾ :

സഭയിലെ ഒന്നാമത്തെ സാർവ്വത്രിക മതബോധനഗ്രന്ഥത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള സഭയുടെ ഉപയോഗത്തിനായി ഒരു പൊതുമതബോധനഗ്രന്ഥം തയ്യാറാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ട്രെൻ്റ് (1545-1563... Continue reading