Home | Articles | 

jintochittilappilly.in
Posted On: 11/11/20 20:29
പരിപൂർണമായ സ്നേഹം

 

ആദ്ധ്യാത്മികമായ സ്നേഹം എന്തെന്നു ഗ്രഹിക്കുവാനും അതു വിവരിക്കുവാനും ദൈവം എന്നെ സഹായിക്കട്ടെ. സ്നേഹം എപ്പോൾ തികച്ചും ആദ്ധ്യാത്മികമെന്നും എപ്പോൾ അതിൽ സുഖലോലുപതയുടെ കലർ പ്പുണ്ടായിരിക്കുമെന്നും അതേപ്പറ്റിയുള്ള പ്രതിപാദം എങ്ങനെ ആരംഭിക്കണമെന്നും എനിക്കു നിശ്ചയമില്ല. വിദൂരത്തു നിന്ന് ആരോ സംസാരിക്കുന്നതു കേൾക്കുകയും എന്നാൽ എന്താണു പറയുന്നതെന്നു ഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന ഒരാളെപ്പോലെയാണു ഞാൻ. ചിലപ്പോൾ ഞാൻ പറയുന്ന ആശയമെന്താണെന്ന് എനിക്കു നിശ്ചയമില്ലെങ്കിലും അതു ശരിയായിട്ടു തന്നെ പറയാൻ കർത്താവ് എന്നെ സഹായിക്കുന്നു. മറ്റവസരങ്ങളിൽ ഞാൻ അബദ്ധം പറയുന്നെങ്കിൽ, സ്വാഭാവികമായി എന്നിലുള്ള പിടിപ്പു കേടുതന്നെയാണ് അതിനു കാരണം.
 
 
ലോകമെന്തെന്നും അതിന്റെ സ്വഭാവമെന്തെന്നും, അതിനുപരി മറ്റൊരു ലോകമുണ്ടെന്നും, ഇവ തമ്മിലുള്ള അന്തരം വിപുലമാണെന്നും, ഒന്നു ശാശ്വതവും മറ്റതു നശ്വരവുമെന്നും, സ്രഷ്ടാവാരെന്നും സൃഷ്ടിയെന്തെന്നും, സ്രഷ്ടാവിനെയും സൃഷ്ടിയെയും സ്നേഹിക്കുക എന്നു പറഞ്ഞാലെന്തെന്നും, ഒന്നിന്റെ ലാഭവും മറ്റതിന്റെ നഷ്ടവുമെന്തെന്നും മറ്റനേകം സംഗതികളും വ്യക്തമായി ഗ്രഹിക്കുവാൻ ദൈവം ഒരാളെ സഹായിക്കുന്നെങ്കിൽ അയാളുടെ സ്നേഹം അത്രയും പുരോഗമിച്ചിട്ടില്ലാത്തവരുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് എനിക്കു തോന്നുന്നു; അനുഭൂതിയാലുള്ള ദർശനം ചിന്തയാലും വിശ്വാസത്താലുമുള്ള ഗ്രഹണത്തിൽ നിന്നു ഭിന്നമാണല്ലോ. പ്രാർത്ഥനയിൽ കർത്താവിൽ നിന്നു പഠിക്കുവാൻ താല്പര്യമുള്ളവരെ അഥവാ തനിക്കു പ്രത്യേകം ഇഷ്ടമുള്ളവരെ ഏതാദൃശവിഷയങ്ങൾ അവിടുന്ന് ഇപ്രകാരം ഉദ്ബോധിപ്പിക്കാറുണ്ട്.
 
 
 
ഇത്തരത്തിൽ ഒരു പ്രതിപാദനം അനാവശ്യമാണെന്നു നിങ്ങൾക്കു തോന്നിയേക്കാം; ഞാൻ ഈ പറയുന്ന സംഗതികൾ നിങ്ങൾക്കറിയാമെന്ന് നിങ്ങൾ സമർത്ഥിക്കുകയും ചെയ്തേക്കാം. നിങ്ങൾ ശരിയായ രീതിയിൽ ഇവ ഗ്രഹിക്കുകയും നിങ്ങളുടെ ഹൃദയത്തിൽ ഇവ പതിഞ്ഞിരിക്കുകയും ചെയ്യുവാൻ കർത്താവു പ്രസാദിക്കട്ടെ. നിങ്ങൾക്കിതറിയാമെങ്കിൽ, കർത്താവ് ഈ പദവിയിലേയ്ക്ക് ആനയിക്കുന്നവർക്ക് ഇതുണ്ടെന്നു ഞാൻ പറയുന്നതു ശരിയാണെന്നു നിങ്ങൾക്കു ബോധ്യമാകും. ദൈവം ഈ പദവിയിൽ കൊണ്ടുവരുന്ന ആത്മാക്കൾ ഔദാര്യവും കുലീനതയുമുള്ളവരാണ്. ശരീരംപോലുള്ള നീചവസ്തുക്കളെ സ്നേഹിക്കുന്നതിൽ അവർക്കു തൃപ്തിയില്ല; ജഡം എത്ര സുന്ദരമായിരുന്നാലും അതിനെ അലങ്കരിക്കുന്ന ഗുണവിശേഷങ്ങൾ എത്ര ധാരാളമായിരുന്നാലും അതിൽ ശ്രദ്ധ പതിപ്പിക്കാതെ അതിന്റെ കാഴ്ചയിൽ നിന്നുളവാകുന്ന ആഹ്ലാദം ദൈവത്തെ സ്തുതിക്കുന്നതിന് അവർ പ്രയോജനപ്പെടുത്തും. “ശ്രദ്ധ പതിപ്പിക്കാതെ” എന്നു ഞാൻ പറയുന്നത് അത്തരം വസ്തുക്കളെ സ്നേഹിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ്. അവ അവരെ ആകർഷിക്കുന്നെങ്കിൽ അവയെല്ലാം കഴമ്പില്ലാത്ത വെറും നിഴലുകൾ മാത്രമാണെന്നേ അവർ വിചാരിക്കയുള്ളൂ. അവയിൽ മനസ്സുറച്ചുപോയാൽപ്പിന്നെ ദൈവത്തെ സ്നേഹിക്കുന്നു എന്ന് നിന്ദ കൂടാതെ പറയാൻ നിവൃത്തിയില്ലാതെ അവർ ലജ്ജിച്ചുപോകും.
 
 
 
ഈ പറഞ്ഞ തരത്തിലുള്ള ആളുകൾക്കു സ്നേഹിക്കാനോ പ്രതിസ്നേഹം പ്രകാശിപ്പിക്കാനോ വശമില്ലായിരിക്കും എന്നു നിങ്ങൾ ആക്ഷേപിച്ചേക്കാം.
 
 
ശരിയാണ്; അത്തരത്തിലുള്ള സ്നേഹബന്ധങ്ങളെ അവർ അത്ര ഗൗനിക്കാറില്ല. മറ്റുള്ളവരുടെ സ്നേഹത്തെപ്പറ്റി ചിലപ്പോൾ പെട്ടെന്നൊരു നിമിഷത്തേയ്ക്കു പ്രാപഞ്ചികമായ ഒരു സംതൃപ്തി അവർക്കു തോന്നിയെന്നു വരാം; എന്നാൽ അല്പം ആലോചിക്കുമ്പോൾ അതിന്റെ മൗഢ്യം അവർക്കു ബോധ്യമാവും. ഉപദേശംകൊണ്ടാ പ്രാർത്ഥനകൊണ്ടോ തങ്ങളുടെ ആത്മാക്കൾക്ക് ഉപകാരം ചെയ്യുന്നവരുടെ കാര്യത്തിൽ മാത്രം അല്പം പരിഗണനയുണ്ടായിരിക്കും. മറ്റെല്ലാ സ്നേഹപ്രകടനങ്ങളും നിഷ്പ്രയോജനമെന്നും ഹാനികരമെന്നും അവർ കാണുന്നു; അവ അവരെ മുഷിപ്പിക്കുകയേയുള്ളൂ. എങ്കിലും അവയ്ക്കു നന്ദി പ്രകാശിപ്പിക്കുന്നതിലും ഗുണകാംക്ഷികൾക്കു വേണ്ടി ദൈവത്തോടു പ്രാർത്ഥിക്കുന്നതിനും അവർ അലസരായിരിക്കയില്ല. സ്നേഹത്തിന്നർഹമായി തങ്ങളിൽ യാതൊന്നും കാണായ്കയാൽ, മറ്റുള്ളവർ തങ്ങളെ സ്നേഹിക്കുന്നതു കർത്താവു തങ്ങളെ സ്നേഹിക്കുന്നതു കൊണ്ടാണെന്നു മനസ്സിലാക്കി അതിന്റെ കടപ്പാട് കർത്താവിൽ അവർ ചുമത്തുന്നു. ദൈവം തങ്ങളെ സ്നേഹിക്കുന്നതു കൊണ്ടാണ് മറ്റുള്ളവർ സ്നേഹിക്കുന്നതെന്നു കാണാൻ പ്രയാസമില്ലാത്തതിനാൽ അവിടുന്നു തന്നെ അവർക്കു പ്രതിസമ്മാനം നല്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നതു കൊണ്ട് സകലബാദ്ധ്യതകളും തീരുമെന്നും അവർ ഉറയ്ക്കുന്നു. പുണ്യപൂർണ്ണതയുടെ മാർഗ്ഗത്തിൽ നമുക്കുപകാരം ചെയ്യുന്നവരൊഴിച്ച് മറ്റുള്ളവർ നമ്മെ സ്നേഹിക്കണമെന്നാഗ്രഹിക്കുന്നത് എത്ര മഹാകുരുടത്വമാണെന്ന് സൂക്ഷ്മമായി ആലോചിക്കുമ്പോൾ ചില അവസരങ്ങളിൽ എനിക്കു തോന്നാറുണ്ട്.
 
 
 
മറ്റുള്ളവരുടെ സ്നേഹം നാം കാംക്ഷിക്കുന്നത് സദാ നമ്മുടെ സ്വന്തം പ്രയോജനത്തിനും സംതൃപ്തിക്കും ഉതകുന്ന എന്തിനെയെങ്കിലും ലാക്കാക്കിയാണെന്ന സംഗതി ശ്രദ്ധേയമാണ്. പരിപൂർണ്ണരായ ആളുകളാണെങ്കിൽ അങ്ങനെയുള്ളതെല്ലാം വെറുത്തുപേക്ഷിച്ചവരാണ്. ലോകത്തിനു നൽകാൻ കഴിയുന്ന വിഭവങ്ങളും സുഖസന്തോഷങ്ങളും അപ്രകാരംതന്നെ അവർ നിഷേധിക്കുന്നു. ദൈവത്തെയും ദൈവകാര്യങ്ങളേയും ഒഴിച്ച് മറ്റൊന്നിനെയും - അവർ ആഗ്രഹിച്ചാൽത്തന്നെയും - സ്നേഹിക്കാൻ അവർക്കു കഴിവില്ല. പിന്നെ മറ്റുള്ളവരുടെ സ്നേഹം കൊണ്ട് എന്തു ഗുണമാണ് അവർക്കു സിദ്ധിക്കാൻ പോകുന്നത്? ഈ സത്യം വെളിവാകുമ്പോൾ, മുൻപു പ്രതിസ്നേഹത്തിന്റെ പേരിൽ തങ്ങൾക്കുണ്ടായിട്ടുള്ള ഉൽക്കണ്ഠയെല്ലാം എത്രയോ അപഹാസ്യമായിരുന്നെന്ന് അവർക്കു ബോധ്യമാകും.
 
 
 
നമ്മുടെ സ്നേഹം എത്രതന്നെ പരിശുദ്ധമായിരുന്നാലും പ്രതിസ്നേഹം കാംക്ഷിക്കുക നമുക്കു സ്വാഭാവികമാണ്. പക്ഷേ നാം അതു ശേഖരിച്ചു തുടങ്ങുമ്പോൾ, കാറ്റത്തു പറക്കുന്ന വൈക്കോൽത്തുണ്ടു പോലെ അതു കഴമ്പറ്റതും ശൂന്യവുമാണെന്നു നമുക്കു മനസ്സിലാകും. മറ്റുള്ളവരുടെ സ്നേഹത്തിനു നാം എന്തുമാത്രം വിഷയീഭവിച്ചാലും നിലനില്ക്കുന്ന എന്തെങ്കിലും പ്രയോജനം അതുകൊണ്ടു നമുക്കുണ്ടോ? നമ്മുടെ ആത്മാവിനു ഗുണം ചെയ്യേണ്ടുന്നവരെന്നു മുകളിൽ പറഞ്ഞ ആളുകളുടെ സ്നേഹം നമുക്ക് ഒഴിച്ചുകൂടാത്തതാണ്; അല്പമെങ്കിലും സ്നേഹം ലഭിച്ചില്ലെങ്കിൽ നാം വിവശരായിത്തീരുമെന്ന് അവർക്കറിയാം; ബാക്കിയുള്ളവർ നമ്മെ സ്നേഹിച്ചാലും ഇല്ലെങ്കിലും വ്യത്യാസമൊന്നുമില്ല. പരിപൂർണ്ണരായവർ ദൈവത്തെയല്ലാതെ മറ്റാരെയും സ്നേഹിക്കുന്നില്ലെന്നോ മറ്റുള്ളവരുടെ കാര്യത്തിൽ അവർക്കു താല്പര്യമില്ലെന്നാ ആണോ നിങ്ങൾ വിചാരിക്കുന്നത്? യഥാർത്ഥമായ സ്നേഹത്താൽ, കൂടുതൽ വികാരനിർഭരവും പ്രയോജനകരവുമായ വിധത്തിൽ സ്നേഹിക്കുന്നത് വാസ്തവത്തിൽ അവരാണ്; അതാണു സാക്ഷാൽ സ്നേഹം.
 
 
 
സ്വീകരിക്കുന്നതിനേക്കാൾ വളരെയധികം കൊടുക്കാനാണ് സദാ അവർക്ക് കൗതുകം. സൃഷ്ടാവിന്റെ നേർക്കുപോലും ഇതാണ് അവരുടെ മനോഭാവം. "സ്നേഹം' എന്ന പേരിന് അർഹതയുള്ളത് ഇതു മാത്രമാണ്; അപഹരണം മൂലമേ അതിന് ഹീനമായ മറ്റു വികാരവിശേഷങ്ങൾ കൈവന്നിട്ടുള്ളൂ.
ദൃശ്യവസ്തുക്കളുടെ ആകർഷണം മൂലമല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഇവർ സ്നേഹിക്കുന്നത്? എന്നും നിങ്ങൾ ചോദിച്ചേക്കാം.അതെ, അവർ യഥാർത്ഥത്തിൽ കാണുന്നതിനെ സ്നേഹിക്കുകയും കേൾക്കുന്നതുമൂലം വശീകൃതരാവുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. പക്ഷേ അവർ ദർശിക്കുന്ന വസ്തുക്കൾ നിലനിൽപ്പുള്ളവയാണ്. അവർ ആരെയെങ്കിലും സ്നേഹിക്കുന്നെങ്കിൽ, അവരുടെ ദൃഷ്ടി ശരീരത്തെ അതിലംഘിച്ച് ആത്മാവിൽ പതിയുകയും സ്നേഹത്തിന്നർഹമായി അവിടെ എന്തെങ്കിലുമുണ്ടോ എന്നു പരിശോധിക്കുകയും ചെയ്യുന്നു. അങ്ങനെയൊന്നും പ്രകടമല്ലെങ്കിലും ഖനി കുഴിച്ചു നോക്കിയാൽ സ്വർണ്ണം കാണുമെന്നതിന് ഉപോൽബ്ബലകമായി വല്ല പ്രാരംഭമോ പ്രവണതയോ കാണാനുണ്ടെങ്കിൽ ഏതധ്വാനത്തിനും മുതിരുവാൻ സ്നേഹം അവരെ പ്രേരിപ്പിക്കുന്നു. ആ ആത്മാവിന്റെ ഗുണത്തിനുവേണ്ടി സസന്തോഷം നിർവ്വഹിക്കുവാൻ അവർ മടിക്കുന്ന സേവനമൊന്നുമില്ല. എന്തുകൊണ്ടെന്നാൽ, തങ്ങളുടെ സ്നേഹം നിലനിൽക്കണമെന്ന് അവർക്കു താല്പര്യമുണ്ട്. തങ്ങൾ സ്നേഹിക്കുന്ന ആത്മാവിന് സൽഗുണങ്ങളും തീക്ഷ്ണമായ ദൈവസ്നേഹവുമില്ലെങ്കിൽ ഇത് അസാദ്ധ്യമെന്ന് അവർക്കു നിശ്ചയമുണ്ട്. "അസാദ്ധ്യം' എന്നു ഞാൻ പറഞ്ഞത് അപ്രകാരമുള്ള ഒരാൾ തങ്ങൾക്ക് എന്തുമാത്രം ഉപകാരം ചെയ്താലും, മരിക്കുവോളം തങ്ങളെ സ്നേഹിച്ചാലും, സമസ്തസ്വാഭാവിക ഗുണങ്ങളും കൊണ്ട് അയാൾ നിറഞ്ഞിരുന്നാലും തങ്ങളുടെ മനസ്സ് അയാളുടെ സ്നേഹത്തിൽ ഉറയ്ക്കാൻ മാത്രം ശക്തി പ്രാപിക്കുകയോ അതിൽ നിലനിൽക്കുകയോ ചെയ്കയില്ലാത്തതു കൊണ്ടാണ്. സമസ്തവും എന്തെന്ന് അനുഭവത്തിൽ നിന്നു തന്നെയും പഠിച്ചറിഞ്ഞിട്ടുള്ളതിനാൽ അവർ വഞ്ചിതരാവുകയില്ല. തങ്ങൾക്ക് അയാളുമായി പൊരുത്തമില്ലെന്നും അയാളോടുള്ള സ്നേഹം നിലനിൽക്കുക സാധ്യമല്ലെന്നും വെളിവാകും. കാരണം, അയാൾ ദൈവകല്പനകൾ അനുസരിക്കാത്തപക്ഷം അയാളുമായുള്ള സ്നേഹം ഇഹത്തിൽത്തന്നെ അവസാനിക്കും; അയാൾ ദൈവത്തെ സ്നേഹിക്കുന്നില്ലാത്തതിനാൽ വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ പിരിഞ്ഞുപോകേണ്ടവരാണെന്ന് ഒടുവിൽ വിശദവുമാകും.
 
 
കർത്താവ് യഥാർത്ഥമായ ജ്ഞാനത്തെ നിവേശിച്ചിട്ടുള്ളവർ ഇഹത്തിൽ മാത്രം നിലനിൽക്കുന്ന സ്നേഹത്തെ അതർഹിക്കുന്നതിലധികമോ അത്രയും തന്നെയോ വിലമതിക്കയില്ല. ലോകവസ്തുക്കൾ, സുഖഭോഗങ്ങൾ, കീർത്തി, ധനം എന്നിവയുടെ അനുഭൂതിയിൽ ആനന്ദിക്കുന്നവർ തങ്ങളുടെ സ്നേഹിതൻ ധനികനാണെങ്കിൽ അഥവാ തങ്ങൾക്കു വിനോദത്തിനും ഉല്ലാസത്തിനും വക നൽകാൻ കഴിവുള്ളവനാണെങ്കിൽ അതു കാര്യമായി കരുതാതിരിക്കയില്ല; ഇവയെല്ലാം വെറുക്കുന്നവരോ എന്നാൽ ഇവ നിസ്സാരമെന്നോ വെറും ശൂന്യമെന്നോ ഗണിക്കും.
 
 
 
ഇങ്ങനെയുള്ളവർ ആരെയെങ്കിലും സ്നേഹിക്കുന്നത് അയാൾ ദൈവത്തെ സ്നേഹിക്കുകയും ദൈവത്താൽ സ്നേഹിക്കപ്പെടുകയും ചെയ്യുന്നതിനുള്ള തീവ്രമായ ആഗ്രഹം നിമിത്തം മാത്രമായിരിക്കും; ഇതൊഴിച്ചു മറ്റു വിധത്തിലുള്ള സ്നേഹമൊന്നും നിലനിൽക്കുകയില്ലെന്ന് അവർക്കറിയാമെന്നു ഞാൻ പറഞ്ഞല്ലോ.
ഇത്തരത്തിലുള്ള സ്നേഹം അനർഘമാണ്; തന്നിമിത്തം തങ്ങൾ സ്നേഹിക്കുന്നവരുടെ ഗുണത്തിനു വേണ്ടി എന്തും ചെയ്യാൻ അവർ സന്നദ്ധരായിരിക്കും. അവർക്ക് ഒരല്പനന്മ വരുത്തുന്നതിനു വേണ്ടി ഒരായിരം ജീവൻ ബലികഴിക്കാൻ പോലും അവർ മടിക്കയില്ല. ഹാ! സ്നേഹരാജനും നമ്മുടെ സമസ്ത നന്മയുമായ ഈശോയെ അനുകരിക്കുന്നവരുടെ അമൂല്യമായ സ്നേഹം !
 
 
 
വി. അമ്മ ത്രേസ്യ (സുകൃതസരണി, അദ്ധ്യായം 6)Article URL:Quick Links

പരിപൂർണമായ സ്നേഹം

ആദ്ധ്യാത്മികമായ സ്നേഹം എന്തെന്നു ഗ്രഹിക്കുവാനും അതു വിവരിക്കുവാനും ദൈവം എന്നെ സഹായിക്കട്ടെ. സ്നേഹം എപ്പോൾ തികച്ചും ആദ്ധ്യാത്മികമെന്നും എപ്പോൾ അതിൽ സുഖലോലുപതയുടെ കലർ പ്പുണ്ടായിരിക്കുമെന്നും അതേപ്പ... Continue reading


കത്തോലിക്കാ മിഷനറിയുടെ ആധ്യാത്മികത (വിശ്വാസ വിചിന്തനം)

  പൗലോസ് അപ്പസ്തോലൻ ആത്മാവിൽ പൂരിതനായി ഇപ്രകാരം എഴുതിവച്ചു: "ക്രിസ്തുവിനെയാണ്‌ ഞങ്ങള് ‍ പ്രഖ്യാപിക്കുന്നത്‌. എല്ലാ മനുഷ്യരെയും ക്രിസ്‌തുവില് ‍ പക്വത പ്രാപിച്ചവരാക... Continue reading


*"സ്നേഹം" / "Love" - ഭാഷ പ്രശ്നവും, വ്യത്യാസവും ഐക്യവും*

  [ 'Eros' and 'Agape' - Explained,  10 minutes read ] * Part 1 ,  "സ്നേഹം" - ഒരു ഭാഷാ  പ്രശ്നം ദൈവത്തിനു നമ്മോടുള്ള സ്നേഹം നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമാണ്. ദൈവം ആരാണെന്ന... Continue reading


സ്നേഹവും സത്യവും (വിശ്വാസ ശകലം)

ഹൃദയത്തിന്റെ സ്വതന്ത്രമായ ആത്മ ദാനമാണ് സ്നേഹം.സ്നേഹപൂർണമായ ഒരു ഹൃദയം ഉണ്ടായിരിക്കുക  എന്നതിന്റെ അർത്ഥമിതാണ്  : "തന്നിൽ നിന്നുണർന്ന് ഒരു വസ്തുവിന് സ്വയം സമർപ്പിക്കാൻ തക്കവിധം ആ വസ്തുവിൽ പ്ര... Continue reading


സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല'

  "എനിക്ക് പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും  ഞാൻ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാൻ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല" (1 കോറിന... Continue reading