Doctrinal/Liturgical

പഴയനിയമവും പുതിയനിയമവും ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് വി.ബൈബിൾ.

 

ഹ്യുവിലെ വിശുദ്ധ വിക്ടർ ഇപ്രകാരം പറയുന്നു : “എല്ലാ വിശുദ്ധ ലിഖിതങ്ങളും കൂടി ഒരു പുസ്തകമാണ്; ഈ പുസ്തകം ക്രിസ്തുവാണ് . ക്രിസ്തുവിനെപ്പറ്റി സംസാരിക്കുന്ന ഒരു പുസ്തകം. ഇതിന്റെ പൂർത്തീകരണവും ക്രിസ്തുവിലാണ് ".

 

ചരിത്രപരമായും സാഹിത്യപരമായും നോക്കിയാൽ ബൈബിൾ ഒരു പുസ്തകമല്ല എന്നു വ്യക്തം. ആയിരമോ അതിലധികമോ വർഷങ്ങൾക്കിടക്ക് രചിക്കപ്പെട്ട സാഹിത്യ കൃതികളുടെ ഒരു സമാഹാരമാണ് ബൈബിൾ, അതിലെ ഓരോ ഗ്രന്ഥവുമെടുത്താൽ ബൈബിളിന് ഒരു ആന്തരിക ഐക്യമുള്ളതായി തോന്നില്ല. നേരേമറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങൾ വ്യത്യസ്ത കൃതികളിൽ കാണപ്പെടുന്നുമുണ്ട്. ക്രൈസ്തവർ 'പഴയനിയമം' എന്നുവിളിക്കുന്ന 'ഇസ്രായേലിന്റെ ബൈബിളിൽ' തന്നെ ഈ പൊരുത്തക്കേടുകൾ പ്രകടമായിരുന്നു. ക്രൈസ്തവരായ നാം പുതിയ നിയമവും അതിലെ ഗ്രന്ഥങ്ങളും ഇസ്രായേലിന്റെ ബൈബിൾ മനസ്സിലാക്കാനുള്ള ഒരു ഉപാധിയായി പ്രയോജനപ്പെടുത്തുമ്പോൾ ഈ പൊരുത്തക്കേടുകൾ കുറെക്കൂടി വ്യക്തമാകും. ക്രിസ്തുവിലേക്ക് നയിക്കുന്ന പാതയാണ് പഴയനിയമം എന്ന സമീപനത്തിലാണ് പുതിയനിയമത്തെ പഴയനിയമവുമായി നാം ബന്ധപ്പെടുത്തുന്നത്. (1)


വിശുദ്ധലിഖിതങ്ങൾ ആദ്യം പരസ്പരം ബന്ധമില്ലാത്തതും - ചിലയിടങ്ങളിൽ അപരിഷ്കൃതവുമായി - വിശുദ്ധ ആഗസ്തീനോസിനും അനുഭവപ്പെട്ടു.. എന്നാൽ ക്രമേണ വാച്യാർത്ഥത്തിനപ്പുറം പോകുക എന്ന പ്രക്രിയ വഴി വിശുദ്ധലിഖിതത്തിൽ വിശ്വസിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഈ വ്യാഖ്യാനരീതി വിശുദ്ധ അംബ്രോസിൽ നിന്നാണ് ആഗസ്തീനോസ് അഭ്യസിച്ചത്. പ്രതിരൂപവിചിന്തനം അഥവാ സൂചകോപദേശത്തെ (typology) ആധാരമാക്കിയുള്ള വ്യാഖ്യാനമാണ് വിശുദ്ധ അംബ്രോസ്‌ നടത്തിയിരുന്നത്. "ഈ സമീപനത്തിൽ പഴയ നിയമം മുഴുവനും യേശുക്രിസ്തുവിലേക്കുള്ള ഒരു പാത യാണ്. വിശുദ്ധ ആഗസ്തീനോസിനും വാച്യാർത്ഥത്തിനപുറത്തേക്കു കടക്കാൻ കഴിഞ്ഞപ്പോൾ വാക്കുകൾ തന്നെ വിശ്വാസയോഗ്യമായി" . തന്റെയുള്ളിൽ അനുഭവപ്പെട്ട അസ്വസ്ഥതയ്ക്കും സത്യത്തിനുവേണ്ടിയുള്ള ദാഹത്തിനും പരിഹാരം വിശുദ്ധലിഖിതങ്ങളിൽ കണ്ടെത്തണം. അവസാനം അദ്ദേഹത്തിനുകഴിഞ്ഞു(2).

 

വിശുദ്ധ ലിഖിതങ്ങളുടെ വ്യാഖ്യാനത്തിൽ വാച്യാർത്ഥവും ആത്മീയമായ അർത്ഥവും ഉൾക്കൊള്ളുന്നു. മദ്ധ്യമയുഗത്തിലെ ഒരു ഈരടി ഇപ്രകാരമാണ് :

 

“വാക്കുകൾ വിവരിക്കുന്നത് പ്രവർത്തനങ്ങളാണ്; എന്തുവിശ്വസിക്കണം എന്ന് സൂചിപ്പിക്കുന്നു, ഉപമകൾ നാം എന്തു ചെയ്യണം എന്നു പറയുന്നത് സദാചാരമൂല്യം;നാം എങ്ങോട്ട് പോകുന്നു എന്ന് കാട്ടിത്തരുന്നത് വ്യാഖ്യാനം".

 

ആത്മീയമായ അർത്ഥം മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തിന്റെ ഉള്ളടക്കം, സദാചാരജീവിതം, യുഗാന്ത്യം സംബന്ധിച്ച നമ്മുടെ പ്രതീക്ഷകൾ. (3)
വചനവും വിശ്വാസവും തമ്മിലുള്ള ആന്തരികമായ ബന്ധം വ്യക്തമാക്കുന്നത് വിശുദ്ധഗ്രന്ഥത്തെ ആധികാരികമായി വ്യാഖ്യാനിക്കുവാൻ സഭയുടെ വിശ്വാസത്തിന്റെ ചട്ടക്കൂടിലേ കഴിയൂ എന്നാണ്. ഇതിനുള്ള മാതൃക മറിയത്തിന്റെ സമ്മതത്തിലാണ് ('fiat'). വിശ്വാസമി ല്ലെങ്കിൽ വിശുദ്ധ ലിഖിതങ്ങൾ തുറക്കാനുള്ള താക്കോലൊന്നും ലഭ്യമല്ലെന്ന് വിശുദ്ധ ബൊനവന്തൂരാ പറയുന്നു: “വിശുദ്ധലിഖിതങ്ങൾ സംബന്ധിച്ച എല്ലാ അറിവും ഉറപ്പും ഒരു അരുവിയിൽ നിന്ന് എന്നപോലെ യേശുക്രിസ്തുവിൽ നിന്നാണ് ഒഴുകിവരുന്നത്. ഈ യേശുക്രിസ്തുവിനെ അറിയുന്നത് വിശുദ്ധലിഖിതങ്ങളിലൂടെയാണ്. ഒരാൾക്ക് ക്രിസ്തുവിൽ അടിയുറച്ച വിശ്വാസമില്ലെങ്കിൽ സത്യം കണ്ടെത്തുവാൻ അയാൾക്ക് സാധ്യമേയല്ല. വിശ്വാസം, ക്രിസ്തുവിലുള്ള വിശ്വാസം, ഒരു വിളക്കാണ്. വിശുദ്ധലിഖിതങ്ങളിലേക്കുള്ള കവാടവും അവയുടെ അടിത്തറയുമാണ് അത്."

“വിശുദ്ധ ലിഖിതങ്ങളുടെ രചയിതാക്കൾ സാഹിത്യസൃഷ്ടി നടത്തിയത് വിശ്വാസ പാരമ്പര്യങ്ങളുടെ സജീവ പശ്ചാത്തലത്തിലാണ്. ഈ ഗ്രന്ഥകാരന്മാരുടെ ഈ സന്ദർഭവുമായുള്ള ഇഴുകിച്ചേരൽ നടന്നത് സമൂഹങ്ങളുടെ ആരാധനാപരവും ബാഹ്യവുമായ ജീവിതത്തിലെ പങ്കാളിത്തതിലൂടെയാണ്. ആ സമൂഹങ്ങളുടെ ബൗദ്ധിക ലോകത്തിലും സംസ്കാരത്തിലും ചരിത്രത്തിന്റെ ഗതിവിഗതികളിലും ഇവർ പങ്കാളികളായിരുന്നു. അതുപോലെതന്നെ, തങ്ങളുടെ കാലഘട്ടത്തിലെ വിശ്വാസികളുടെ സമൂഹത്തിന്റെ ജീവിതത്തിലും വിശ്വാസത്തിലും പൂർണ്ണമായി പങ്കാളികളായിക്കൊണ്ടുമാത്രമേ വ്യാഖ്യാതാക്കൾക്ക് വിശുദ്ധ ലിഖിതങ്ങളെ ശരിയായി വ്യാഖ്യാനിക്കാൻ കഴിയുകയുള്ളു".“വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങൾ ആരുടേയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാൽ പ്രവചനങ്ങൾ ഒരിക്കലും മാനുഷികചോദനയിൽ രൂപം കൊണ്ടതല്ല; പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യർ സംസാരിച്ചതാണ്.” (2 പത്രോ.1:20-21). കൂടാതെ തിരുസഭയുടെ വിശ്വാസമാണ് വിശുദ്ധഗ്രന്ഥത്തിൽ ദൈവവചനത്തെ തിരിച്ചറിയുന്നത്.
തിരുസഭയ്ക്ക് ജീവൻ നൽകുന്ന പരിശുദ്ധാരൂപി വിശുദ്ധലിഖിതങ്ങളെ ആധികാരികമായി വ്യാഖ്യാനിക്കാൻ നമ്മെ ശക്തമാക്കുന്നു. ബൈബിൾ തിരുസഭയുടെ ഗ്രന്ഥമാണ്. സഭയുടെ ജീവിതത്തിൽ ബൈബിളിനുള്ള സർവ്വപ്രധാനമായ സ്ഥാനം അതിന്റെ ശരിയായ വ്യാഖ്യാനത്തിന് കളമൊരുക്കുന്നു. (4)


എ ഡി 450 ൽ മരണപ്പെട്ട ആദിമസഭാപിതാവായ ലെറീൻസിലെ വിശുദ്ധ വിൻസെന്റ് ഇപ്രകാരം എഴുതിവെച്ചു :"എന്നാൽ ഇവിടെ ആരെങ്കിലും ചോദിച്ചേക്കാം, കാരണം, വിശുദ്ധ ലിഖിതങ്ങളുടെ കാനോൻ പൂർത്തിയായി, ഇനി സഭയുടെ വിശുദ്ധ ലിഖിതവ്യാഖ്യാനത്തിന്റെ അധികാരം അംഗീകരിക്കേണ്ട ആവശ്യം എന്താണ് ?? വിശുദ്ധ ലിഖിതങ്ങളുടെ ആന്തരീകത കാരണം, എല്ലാവരും ഒരേ അർത്ഥത്തിൽ അത് സ്വീകരിക്കുന്നില്ല, എന്നാൽ ഓരോരുത്തരും അതിലെ വാക്കുകൾ ഓരോരോ വിധത്തിൽ മനസ്സിലാക്കുന്നു, അതിനാൽ എത്രയേറെ വ്യാഖ്യാതാക്കൾ ഉണ്ടോ അത്രയേറെ വ്യാഖ്യാനങ്ങളും കാണും .അതിനാൽ, അത്തരം വലിയ സങ്കീർണതകൾ നിറഞ്ഞ തെറ്റുകൾ കാരണം ഇത് വളരെ ആവശ്യമാണ്- "പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനുള്ള നിയമം സഭാത്മകവും കത്തോലിക്കാ വ്യാഖ്യാനത്തിന്റെയും നിലവാരത്തിന് അനുസൃതമായി രൂപപ്പെടുത്തണം".മാത്രമല്ല, കത്തോലിക്കാസഭയിൽ തന്നെ, സാധ്യമായ എല്ലാ ശ്രദ്ധയും ഉണ്ടായിരിക്കണം - "എല്ലായ്പ്പോഴും എല്ലായിടത്തും വിശ്വസിക്കപ്പെട്ടിട്ടുള്ള ആ വിശ്വാസം , എല്ലാവർക്കുമായി ഞങ്ങൾ നിലനിർത്തുന്നു".രണ്ട് വഴികളിലൂടെ സത്യവിശ്വാസം തെളിയിക്കുന്നത് എല്ലായ്പ്പോഴും കത്തോലിക്കരുടെ പതിവാണ്, അത് ഇപ്പോഴും ഉണ്ട്; ആദ്യം (1) വിശുദ്ധ ലിഖിതത്തിന്റെ അധികാരത്താലും [Authority of Sacred Scripture] അടുത്തത് (2) കത്തോലിക്കാസഭയുടെ പാരമ്പര്യത്തിലും [Sacred tradition of the catholic church] .
എല്ലാ ചോദ്യത്തിനും വിശുദ്ധ ലിഖിതങ്ങൾ [ബൈബിൾ] മാത്രം പര്യാപ്തമല്ല എന്നല്ല. എന്നാൽ, വിശുദ്ധ ലിഖിതങ്ങളെ അവരവരുടെ പ്രേരണയനുസരിച്ച് വ്യാഖ്യാനിക്കുന്നതിലൂടെ, തെറ്റായ പല അഭിപ്രായങ്ങളും ഉടലെടുക്കുന്നു.അതിനാൽ, വിശുദ്ധ ലിഖിതങ്ങളുടെ വ്യാഖ്യാനം സഭയുടെ വിശ്വാസത്തിന്റെ ഒരു മാനദണ്ഡമനുസരിച്ച് നടത്തപ്പെടേണ്ടത് ആവശ്യമാണ്".

 


വിശുദ്ധഗ്രന്ഥത്തിന്റെ അപരിത്യാജ്യഘടകമാണു പഴയനിയമം . അതിലെ പുസ്തകങ്ങൾ ദൈവനിവേശിതങ്ങളും ; സനാതനമൂല്യം ഉള്ളവയും ആണ് ; കാരണം , പഴയ ഉടമ്പടി ഒരിക്കലും റദ്ദാക്കപ്പെട്ടിട്ടില്ല. ക്രിസ്ത്യാനികൾ പഴയനിയമത്തെ യഥാർഥ ദൈവവചനമായി ആദരിക്കുന്നു . പുതിയനിയമം പഴയനിയമത്തെ റദ്ദാക്കിയെന്ന നാട്യത്തിൽ പഴയനിയമത്തെ നിരാകരിക്കുന്ന ചിന്താഗതിയെ (മാർസിയോണിസം ) സഭ എന്നും ശക്തമായി ചെറുത്തിട്ടുണ്ട് .(5)“നസറായനായ യേശു ഒരു യഹൂദനായി രുന്നു എന്നും സഭയുടെ ജന്മഭൂമി വിശുദ്ധനാടുകളാണെന്നും നമ്മളും പ്രഖ്യാപിക്കുന്നു. ക്രൈസ്തവമതത്തിന്റെ വേരുകൾ പഴയനിയമത്തിലാണ്. ക്രൈസ്തവമതം നിരന്തരമായി പരിപോഷിപ്പിക്കപ്പെടുന്നതും ഈ വേരുകൾ വഴിയാണ്. അതു കൊണ്ട് മാർസിയനിസത്തിന്റെ എല്ലാ ആധുനിക രൂപങ്ങളെയും ശരിയായ ക്രൈസ്തവ പ്രബോധനം ചെറുത്തിട്ടുണ്ട്. പഴയനിയമം വിവിധരീതിയിൽ പുതിയ നിയമത്തിനെതിരാണെന്ന കാഴ്ചപ്പാടാണ് മാർസിയനിസത്തിനുള്ളത്. (5)

 


പഴയ നിയമവും പുതിയനിയമവും തമ്മിലുള്ള ബന്ധം : "പുതിയനിയമംതന്നെ പഴയനിയമത്തെ ദൈവവചനമായി അംഗീകരിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇത് ആദ്യമേ മനസ്സിലാക്കണം. അങ്ങനെ യഹൂദരുടെ വിശുദ്ധലിഖിതങ്ങളുടെ ആധികാരികത അംഗീകരിക്കുകയും ചെയ്യുന്നു. പഴയനിയമത്തിലെ ഭാഷതന്നെ ഉപയോഗിച്ചുകൊണ്ടും കൂടെക്കൂടെ പഴയനിയമത്തിലെ പാഠഭാഗങ്ങളെ പരാമർശിച്ചുകൊണ്ടും പരോക്ഷമായി പുതിയനിയമം ഇത് അംഗീകരിക്കുന്നു. വാദഗതികൾക്ക് അടിസ്ഥാനമായി പഴയനിയമത്തിൽ നിന്ന് അനേകം ഉദ്ധരണികൾ നൽകുകവഴി പ്രത്യക്ഷമായും ഇത് അംഗീകരിക്കുന്നു".(6)


“പഴയനിയമത്തിലെ രക്ഷാകരപദ്ധതിയുടെ പ്രകടമായ ലക്ഷ്യം എല്ലാ മനുഷ്യരുടെയും രക്ഷകനായ ക്രിസ്തുവിന്റെ ആഗമനത്തിന് വഴിയൊരുക്കുക എന്നതായിരുന്നു." “അപൂർണങ്ങളും താത്കാലികങ്ങളുമായ പലകാര്യങ്ങളും പഴയനിയമം ഉൾക്കൊള്ളുന്നുണ്ടെങ്കിലും പഴയനിയമപുസ്തകങ്ങൾ ദൈവത്തിന്റെ രക്ഷാകരസ്നേഹത്തെ സംബന്ധിക്കുന്ന ദൈവികബോധനസമ്പ്രദായത്തിനു മുഴുവനും സാക്ഷ്യംവഹിക്കുന്നു" . “ ഈ ലിഖിതങ്ങൾ ദൈവത്തെ സംബന്ധിക്കുന്ന ഉദാത്തപ്രബോധനത്തിന്റെയും മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന രക്ഷാകരമായ വിജ്ഞാനത്തിൻ്റെയും പ്രാർഥനകളുടെയും ആശ്ചര്യകരമായ ഒരു നിക്ഷേപമാണ് . ഈ ലിഖിതങ്ങളിൽതന്നെ നമ്മുടെ രക്ഷയുടെ രഹസ്യം ഒളിഞ്ഞുകിടക്കുന്നു ." (7)

 

ബൈബിളിലെ “ഇരുളടഞ്ഞ" പാഠഭാഗങ്ങൾ


പഴയനിയമവും പുതിയനിയമവും തമ്മിലുള്ള ബന്ധം ചർച്ചചെയ്യുമ്പോൾ ബൈബിളിന്റെ ചില പാഠഭാഗങ്ങളിൽ കാണുന്ന അക്രമവും അസന്മാർഗ്ഗികതയും ആ പാഠഭാഗ ങ്ങളെ അവ്യക്തവും ഗ്രഹിക്കാൻ പ്രയാസമുള്ളതുമാക്കി ത്തീർക്കുന്നു. ഇവിടെ നാം ഓർമ്മിച്ചിരിക്കേണ്ട ഒന്നാമത്തെ കാര്യം ബൈബിളിലെ വെളിപാട് ചരിത്രത്തിൽ ആഴത്തിൽ വേരോടിയിട്ടുള്ളതാണ് എന്നത്. ദൈവത്തിന്റെ പദ്ധതി പടിപടിയായിട്ടാണ് വെളിപ്പെടുത്തുന്നത്. മനുഷ്യന്റെ ചെറുത്തുനില്പ്പുണ്ടായിട്ടുകൂടി പല ഘട്ടങ്ങളിലായിട്ട് ഈ വെളിപ്പെടുത്തൽ പൂർത്തിയാക്കപ്പെട്ടിട്ടുമുണ്ട്. ദൈവം ഒരു ജനത്തെ തെരഞ്ഞെടുത്തു. അവർക്ക് മാർഗ്ഗദർശനം നൽകുന്നതിനും വിദ്യാഭ്യാസം നല്കുന്നതിനും ക്ഷമാപൂർവ്വം ദൈവം പരിശ്രമിച്ചു.വിദൂരമായ കാലഘട്ടങ്ങളിലെ സാംസ്കാരികവും സദാചാരപരവുമായ തലങ്ങൾക്ക് അനുയോജ്യമാംവിധമാണ് വെളിപാട് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് അത്തരം കൃത്യങ്ങളുടെ അസാന്മാർഗ്ഗികതയെ തുറന്നു തള്ളിപ്പറയാതെ ചതി, കൃത്രിമം, ക്രൂരകൃത്യങ്ങൾ, കൂട്ടക്കൊല തുടങ്ങിയ സംഭവങ്ങളേയും, ആചാരങ്ങളേയും വിവരിക്കുന്നുണ്ട്. ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ഇതു വിശദീകരിക്കാൻ കഴിയും. എങ്കിലും ഇക്കാലത്തെ അനുവാചകർക്ക് ഇത് സംഭ്രമം ഉണ്ടാക്കിയേക്കാം, പ്രത്യേകിച്ചും നൂറ്റാണ്ടുകളിലൂടെ നടത്തിയിട്ടുള്ള നമ്മുടെ കാലഘട്ടത്തിലും നടക്കുന്ന, അനേകം “ഇരുണ്ട സംഭവങ്ങൾ" കണക്കിലെടുക്കാത്തവരാണ് അവരെങ്കിൽ. പഴയനിയമത്തിൽ പ്രവാചകന്മാരുടെ വാക്കുകൾ എല്ലാത്തരം അനീതിയേയും അക്രമങ്ങളെയും ശക്തമായി വെല്ലുവിളിച്ചിരിക്കുന്നു. അക്രമവും അനീതിയും ഒരു വ്യക്തിയുടേതാകട്ടെ സമൂഹത്തിന്റേതാകട്ടെ അതിനെ പ്രവാചകന്മാർ ചോദ്യം ചെയ്തിരുന്നു. അപ്രകാരം സുവിശേഷത്തിനായി ജനത്തെ പരിശീലിപ്പിക്കുന്നതിന് ദൈവം തിരഞ്ഞെടുത്ത മാർഗ്ഗമായിരുന്നു ഇത്. അതുകൊണ്ട് വിശുദ്ധലിഖിതങ്ങളിലെ ഇത്തരം പാഠഭാഗങ്ങൾ അവ പ്രശ്നങ്ങൾ നിറഞ്ഞതാണ് എന്നതിന്റെ പേരിൽ അവഗണിക്കുന്നത് ശരിയായിരിക്കുകില്ല.ഈ പാഠഭാഗങ്ങളെ, ക്രിസ്തുവാകുന്ന ദിവ്യരഹസ്യത്തിന്റെ വെളിച്ചത്തിൽ അർത്ഥം മനസ്സിലാക്കാനാകുന്ന ഒരു വ്യാഖ്യാനത്തി ലൂടെ സമീപിക്കുവാൻ എല്ലാ വിശ്വാസികളേയും സഹായിക്കണമെന്ന് പണ്ഡിതന്മാരെയും അജപാലകരെയും ഞാൻ ഉത്ബോധിപ്പിക്കുന്നു. (8)

 


അപ്പസ്തോലന്മാരുടെ കാലം തൊട്ടുതന്നെ തിരുസഭ അതിന്റെ സജീവ പാരമ്പര്യത്തിൽ സൂചകോപദേശ വ്യാഖ്യാനത്തിലൂടെ പഴയ നിയമത്തിലും പുതിയ നിയമത്തിലും പ്രക ടമാകുന്നത് ദൈവത്തിന്റെ ഒരേ പദ്ധതിയാണ് എന്ന വസ്തുത ഊന്നിപ്പറഞ്ഞിട്ടുണ്ട്; ഈ പ്രക്രിയ ആർക്കും തന്നിഷ്ട്രപകാരം പിന്തുടരാവുന്ന ഒന്നല്ല. വിശുദ്ധഗ്രന്ഥത്തിൽ വിവരിക്കുന്ന സംഭവങ്ങളുമായി ആന്തരികബന്ധം പുലർത്തുന്ന ഒരു വ്യാഖ്യാനരീതിയാണ് ഇത്. അങ്ങനെ അതു വിശുദ്ധ ലിഖിതങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്നു. “സൂചകോപദേശം (typology) പഴയനിയമത്തിലെ ദൈവത്തിന്റെ പ്രവർത്തനങ്ങളിൽ കാലത്തിന്റെ തികവിൽ മനുഷ്യനായിപ്പിറന്ന ദൈവപുത്രൻ പൂർത്തീകരിച്ച എല്ലാ പ്രവർത്തനങ്ങളുടെയും മുൻകൂർ സൂചന കാണുന്നു. ക്രൈസ്തവർ പഴയനിയമം വായിക്കുന്നത് കുരിശുമരണം വരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ക്രിസ്തുവിന്റെ വെളിച്ചത്തിലാണ്. പുതിയനിയമത്തിന്റെ കാഴ്ചപ്പാടിൽ നിന്നു നോക്കുമ്പോൾ സൂചകോപദേശരീതിയിലുള്ള വ്യാഖ്യാനം പഴയനിയമത്തിൽ വളരെയധികം വസ്തുതകൾ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും; പഴയനിയമത്തിന് വെളിപാടെന്നനിലയിൽ അതിന്റേതായ മൂല്യമുണ്ടെന്ന വസ്തുത നാം വിസ്മരിക്കരുത്. (9)

 

 

അപ്പസ്തോലികകാലത്തും അതിനുശേഷം പാരമ്പര്യത്തിലും നിരന്തരമായി *പ്രതിരൂപവിചിന്തനം* ( typology ) വഴി ഇരുനിയമങ്ങളിലും അടങ്ങിയിരിക്കുന്ന ദൈവികപദ്ധതിയുടെ ഐക്യം സഭ വ്യക്തമാക്കിയിട്ടുണ്ട് . മനുഷ്യനായി അവതരിച്ച തന്റെ പുത്രനിൽ ദൈവം കാലത്തിന്റെ തികവിൽ നിറവേറ്റിയ കാര്യങ്ങളുടെ പ്രതിരൂപങ്ങൾ പഴയ ഉടമ്പടിയുടെ കാലത്ത് ദൈവം പ്രവർത്തിച്ച കാര്യങ്ങളിൽ സഭ കണ്ടെത്തുന്നു .
അതിനാൽ , മരിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ വെളിച്ചത്തിലാണു , ക്രിസ്ത്യാനികൾ പഴയനിയമം വായിക്കുന്നത് . ഇത്തരം പ്രതിരൂപവിചിന്തനത്തോടുകൂടിയ വായന, പഴയനിയമത്തിന്റെ അക്ഷയമായ ഉള്ളടക്കത്തെ പ്രകാശിപ്പിക്കുന്നു . എന്നാൽ പഴയനിയമത്തിനു ദൈവികവെളിപാട് എന്ന നിലയിൽ അതിൽത്തന്നെ പ്രാധാന്യമുണ്ട് എന്നു നമ്മുടെ കർത്താവുതന്നെ സ്ഥിരീകരിച്ചിട്ടുള്ള വസ്തുത നാം മറക്കരുത്. ഇതിനും പുറമേ പഴയനിയമത്തിന്റെ വെളിച്ചത്തിൽ പുതിയനിയമം വായിക്കപ്പെടേണ്ടതാണ്. ആദിമകാലത്തെ ക്രൈസ്തവമതബോധനം പഴയനിയമത്തെ നിരന്തരം പ്രയോജനപ്പെടുത്തിയിരുന്നു.ഒരു പുരാതന സൂക്തമനുസരിച്ച്, “പുതിയത് പഴയതിൽ ഒളിഞ്ഞിരിക്കുന്നു. പഴയതു പുതിയതിൽ വ്യക്തമാകുന്നു.അതായത് പുതിയനിയമം പഴയനിയമത്തിൽ മറഞ്ഞിരിക്കുന്നു ; പഴയനിയമം പുതിയനിയമത്തിൽ തെളിഞ്ഞുവരുന്നു .“ദൈവം എല്ലാവർക്കും എല്ലാമായിത്തീരുന്ന നാളിൽ” നടക്കുന്ന ദൈവികപദ്ധതിയുടെ പൂർത്തീകരണത്തെ ലക്ഷ്യമാക്കിയുള്ള ക്രിയാത്മകമായ മുന്നേറ്റത്തെയാണ് പ്രതിരൂപവിചിന്തനം സൂചിപ്പിക്കുന്നത്.ഉദാഹരണമായി, പൂർവപിതാക്കൻമാരുടെ വിളി , ഈജിപ്തിൽ നിന്നുള്ള പുറപ്പാട് എന്നിവ ദൈവികപദ്ധതിയിൽ ഇടയ്ക്കുള്ള ഘട്ടങ്ങൾ ആണെന്നതുകൊണ്ടുമാത്രം അവയ്ക്ക് അതിലുള്ള മൂല്യം നഷ്ടമാകുന്നില്ല. (10)

 


യേശുവിൽ പൂർത്തിയായ രക്ഷാകര ചരിത്രം:

“പൂർവ്വകാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ കാലഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഈ അവസാനനാളുകളിൽ തന്റെ പുത്രൻ വഴി ദൈവം നമ്മോടു സംസാരിച്ചിരിക്കുന്നു.” (ഹെബ്രായർ 1, 1-2). ബൈബിളിൽ അനേകം കഥാപാത്രങ്ങളുണ്ടെങ്കിലും മുഖ്യ കഥാനായകൻ യേശുക്രിസ്തുവാണ്. ദൈവപുത്രന്റെ മനുഷ്യാവതാരത്തിനുള്ള ഒരുക്കമാണ് പഴയനിയമം മുഴുവൻ. പുതിയനിയമമാകട്ടെ പൂർത്തീകരണത്തിന്റെ വിവരണവും. അതിനാൽ പുതിയനിയമത്തിന്റെ വെളിച്ചത്തിലാണ് പഴയ നിയമം മനസ്സിലാക്കേണ്ടത്.വിശ്വാസത്തെയും ധാർമ്മികതയെയും സംബന്ധിക്കുന്ന കാര്യങ്ങളിൽപോലും രക്ഷാകര ചരിത്രത്തിൽ പടിപടിയായ വ്യക്തത ലഭിക്കുന്നത് കാണാം. ഉദാഹരണത്തിന്, ദൈവത്തിന്റെ ഏകത്വമാണ് പഴയനിയമത്തിൽ ഊന്നിപറയുന്നത്. എന്നാൽ ഈ ഏകദൈവം, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മൂന്നാളുകളുടെ ത്രിത്വമാണെന്ന് പുതിയനിയമത്തിൽ വെളിപ്പെടുത്തപ്പെടുന്നു. പഴയനിയമത്തിൽ ബഹുഭാര്യത്വം അംഗീകരിക്കപ്പെട്ടിരുന്നു, അതിനെതിരായ ചില സൂചനകളുണ്ടെങ്കിലും, എന്നാൽ ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മരണംവരെ അഭേദ്യം ബന്ധിപ്പിക്കുന്ന വിവാഹമെന്ന കൂദാശയെക്കുറിച്ച് പുതിയ നിയമമാണ് ഉറപ്പിച്ചു പറയുന്നത്. “പൂർവ്വീകരോട് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു” എന്ന മുഖവുരയോടെ യേശു അവതരിപ്പിക്കുന്ന പുതിയ നിയമമാണ് നാം സ്വീകരിക്കേണ്ടത്. പഴയനിയമത്തിൽ പലതും കാലഹരണപ്പെട്ടതാണ്. ഉദാ: ലേവ്യരുടെ പുസ്തകത്തിലെ അനേകം ബലികൾ യേശുവിന്റെ ഏകബലിയിലേക്കുള്ള സൂചനകളും ഒരുക്കവുമായിരുന്നു. ആ ബലികളെല്ലാം യേശുവിന്റെ ബലിയോടെ അപ്രസക്തമായിത്തീർന്നു. ശത്രുക്കൾക്കെതിരായ ശാപം (സങ്കീ 69, 22-28), പൂർവ്വീകരുടെ പാപങ്ങൾക്ക് തലമുറകളിലൂടെ നീളുന്ന ശിക്ഷ (പുറ 20, 6), പ്രതികാരത്തിനുള്ള ആഹ്വാനം (പുറ 21, 12-27) മുതലായവ യേശുവിന്റെ പഠനങ്ങളുടെ വെളിച്ചത്തിൽ തിരുത്തേണ്ടതുണ്ട്. അതിനാൽ പഴയനിയമമല്ല പുതിയനിയമാണ് വിശ്വാസത്തിനും ധാർമ്മികതയ്ക്കും മാനദണ്ഡമായി എടുക്കേണ്ടത്. (11)

 

നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്‌.
അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ്‌ ഞാന്‍ വന്നത്‌. (മത്തായി 5 : 17)

സ്‌നേഹം അയല്‍ക്കാരന്‌ ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ്‌.(റോമാ 13 : 10)

സമാധാനം നമ്മോടുകൂടെ

 

References :

1. "കർത്താവിന്റെ വചനം, നമ്പർ 39" (ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്പസ്തോലിക ഉദ്‌ബോധനം)

2. "കർത്താവിന്റെ വചനം, നമ്പർ 38"

3. "കർത്താവിന്റെ വചനം, നമ്പർ 37"

4. "കർത്താവിന്റെ വചനം, നമ്പർ 29"

5.കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, ഖണ്ഡിക # 121, 123

6. "കർത്താവിന്റെ വചനം, നമ്പർ 40"

7. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, ഖണ്ഡിക # 122.

8. "കർത്താവിന്റെ വചനം, നമ്പർ 42"

9. "കർത്താവിന്റെ വചനം, നമ്പർ 41 "

10. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, ഖണ്ഡിക # 128, 129,130

11. "ബൈബിൾ വായന - വ്യാഖ്യാനം അടിസ്ഥാനതത്ത്വങ്ങൾ " പേജ് 16 ,17 ; സീറോമലബാർ സഭ ഡോക്ട്രെയിനൽ കമ്മിഷൻ
Doctrinal/Liturgical

കുമ്പസാരക്കാരനെതിരെ പരാതിയുണ്ടായാൽ...? കുമ്പസാരക്കാരൻ മര്യാദകേടായി പെരുമാറിയാൽ എന്താണ് പരിഹാര മാർഗ്ഗം ? - Catholic faith - Jinto Chittilappilly
Quick Links

"നിന്നെത്തന്നെ അറിയുക" - “KNOW YOURSELF”

കത്തോലിക്കാ ദൈവാലയം മറ്റു മതസ്ഥർക്ക് പ്രാർത്ഥിക്കുവാനുള്ള വേദിയായി അനുവദിച്ചുകൊടുക്കുക എന്നത് അനുചിതവും ഒഴിവാക്കപെടേണ്ടതുമാണ് - വത്തിക്കാൻ

"മറിയം നമ്മുടെ മാതൃക"

പാൻ തീയിസം [Pantheism]

കത്തോലിക്കാ വൈദീകനും വൈദീകശുശ്രൂഷയും:

പൊതുവെളിപാടും സ്വകാര്യവെളിപാടും - കത്തോലിക്കാ വിശ്വാസവിചാരം

കത്തോലിക്കാ വിശ്വാസം - പുരുഷന്മാർ മാത്രമേ തിരുപ്പട്ടകൂദാശ സ്വീകരിക്കാവൂ എന്നത് സ്ത്രീകളെ തരംതാഴ്ത്തുന്നുണ്ടോ?

സത്യവിശ്വാസം നേരിടുന്ന വെല്ലുവിളികൾ

തത്ത്വശാസ്ത്രം നേടിയ സത്യവും [the truth attained by philosophy] വെളിപാടിന്റെ സത്യവും [the truth of Revelation]:

കത്തോലിക്കാ സഭ വിട്ടു പോകുന്നവരോടും വി.കുർബാനയും വി.കുമ്പസാരവും മറ്റു കൂദാശകളും ഉപേക്ഷിക്കുന്നവരോടും ഒരു ചോദ്യം ?


Home    |   Contact    |   Quotes    |   Doctrinal/Liturgical
Catholic faith - Jinto Chittilappilly | Powered by myparish.net, A catholic Social Media